ആലപ്പുഴ: ആലപ്പുഴ പുറക്കാട് കടല്‍ത്തീരത്ത് വീണ്ടും തിമിംഗലത്തിന്റെ ജഡം കണ്ടെത്തി. പുറക്കാട് പഴയങ്ങാടി തീരത്ത് ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞത്. ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാമത്തെ തിമിംഗലത്തിന്റെ ജഡമാണ് തീരത്തടിയുന്നത്. ഏകദേശം 30 മീറ്റര്‍ നീളമുള്ള തിമിംഗലത്തിന്റെ ജഡമാണ് കണ്ടെത്തിയത്. അധികം അഴുകിയിട്ടില്ല.
കപ്പല്‍ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ജഡം പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷം മറവ് ചെയ്യാനാണ് തീരുമാനം. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റും തോട്ടപ്പള്ളി കോസ്റ്റല്‍ പൊലീസും സ്ഥലത്തെത്തി. വിവരം ജില്ലാ കളക്ടറേയും വനം വകുപ്പിനെയും അറിയിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മൂന്ന് ദിവസം മുമ്പ് പുന്തലയില്‍ നീലത്തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയിരുന്നു.
പുറക്കാട് പുന്തല കടല്‍ത്തീരത്താണ് ഏതാനും ദിവസങ്ങള്‍ മുന്‍പ് കൂറ്റന്‍ നീലത്തിമിംഗലത്തെ കരയ്ക്കടിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കടല്ഭിത്തിക്കിടെ് ഏകദേശം 25 മീറ്റര്‍ നീളമുള്ള തിമിംഗലത്തിന്റെ ജഡമായിരുന്നു അടിഞ്ഞത്. തിമിംഗലം തീരത്തടിഞ്ഞത് പരിശോധിക്കുമെന്ന് കളക്ടര്‍ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ആലപ്പുഴയില്‍ അടുത്ത തിമിംഗലവും തീരത്തടിഞ്ഞത്. അന്ന് കരയ്ക്കടിഞ്ഞ തിമിംഗലത്തിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നില്ല.
content highlights: Another huge blue whale washed ashore in Alappuzha