ആലപ്പുഴ കായംകുളത്ത് വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

അഭിജിത്ത് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു

ആലപ്പുഴ: കായംകുളത്ത് വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കായംകുളം പുതിയവിള സ്വദേശി പ്രദീപിന്റെ മകന്‍ അഭിജിത്ത് (9) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. അഭിജിത്ത് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഇന്ന് രാവിലെ അച്ഛനൊപ്പം അഭിജിത്ത് മുടിവെട്ടുന്നതിനായി പുറത്തുപോയിരുന്നു. തിരിച്ചെത്തി മണിക്കൂറുകള്‍ക്ക് ശേഷം അഭിജിത്തിനെ കാണാതാകുകയായിരുന്നു. മാതാപിതാക്കളും പ്രദേശവാസികളും സമീപത്ത് തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് എത്തി പരിശോധിച്ചപ്പോള്‍ സമീപത്തെ വെള്ളക്കെട്ടില്‍ കുട്ടിയുടെ ചെരിപ്പ് കണ്ടെത്തി. പിന്നാലെ വെള്ളക്കെട്ടില്‍ ഇറങ്ങി നടത്തിയ പരിശോധനയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. പല്ലന കുമാരനാശാന്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അഭിജിത്ത്.

Content Highlights- 5th class student drowned to death in kayamkulam alappuzha

To advertise here,contact us