അഞ്ചാം ക്ലാസിൽ പഠനം നിർത്തി: തുടക്കം അമ്മ നൽകിയ വളകളില്‍: ഇന്ന് 11250 കോടിയുടെ സാമ്രാജ്യവുമായി ഐപിഒയിലേക്ക്

അമ്മ നല്‍കിയ സ്വർണ്ണം കൊണ്ട് ആറ് കമ്മലുകൾ നിർമ്മിച്ച് ചെന്നൈയിലെത്തിയ അദ്ദേഹം കഠിനാധ്വാനത്തിലൂടെ വളരുകയായിരുന്നു

അമ്മ നൽകിയ നാല് സ്വർണ്ണ വളകളിൽ തുടങ്ങി ഇന്ന് 11,250 കോടി രൂപയുടെ ബിസിനസ്സ് സാമ്രാജ്യമായി മാറിയ 'ലളിതാ ജ്വല്ലറി' പ്രാരംഭ ഓഹരി വിൽപനയ്ക്ക് (IPO) ഒരുങ്ങുന്നു. ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ ഒരു അക്കൗണ്ടന്റിന്റെ എട്ടാമത്തെ മകനായി ജനിച്ച കിരൺ കുമാറിന് കുടുംബത്തിലെ കടുത്ത ദാരിദ്ര്യം കാരണം അഞ്ചാം ക്ലാസിൽ വെച്ച് പഠനം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. 12-ാം വയസ്സിൽ നെല്ലൂരിലെ സ്വർണ്ണ വ്യാപാര മേഖലയിൽ പണിക്കിറങ്ങിയ അദ്ദേഹം, പിന്നീട് സ്വന്തമായി ബിസിനസ്സ് തുടങ്ങാൻ പണമില്ലാതിരുന്നപ്പോൾ അമ്മ നൽകിയ 48 ഗ്രാം തൂക്കമുള്ള നാല് സ്വർണ്ണ വളകളാണ് പ്രാരംഭ മൂലധനമാക്കി മാറ്റിയത്.

അമ്മ നല്‍കിയ സ്വർണ്ണം കൊണ്ട് ആറ് കമ്മലുകൾ നിർമ്മിച്ച് ചെന്നൈയിലെത്തിയ അദ്ദേഹത്തിന്, ടി നഗറിലെ 'ലളിത ജ്വല്ലറി' ഉടമ എം എസ് കന്ദസ്വാമി പിള്ളയിൽ നിന്ന് ആദ്യ ഓർഡർ ലഭിച്ചു. തുടർന്ന് കഠിനാധ്വാനത്തിലൂടെ കാനഡ, ലണ്ടൻ, സിംഗപ്പൂർ, ദുബായ് എന്നിവിടങ്ങളിലേക്ക് വരെ ആഭരണങ്ങൾ വിതരണം ചെയ്യുന്ന വൻകിട മൊത്തവ്യാപാരിയായി കിരൺ കുമാർ വളർന്നു.

1999 ഫെബ്രുവരിയിൽ കടക്കെണിയിലായ കന്ദസ്വാമി പിള്ളയുടെ സ്ഥാപനം ഏറ്റെടുത്ത കിരൺ കുമാർ, പേരിനൊപ്പം ഒരു 'a' കൂടി ചേർത്ത് 'ലളിതാ ജ്വല്ലറി' എന്ന പേരിൽ റീട്ടെയിൽ വിപണിയിലേക്ക് ചുവടുവെച്ചു. ഉയർന്ന ലാഭത്തിന് പകരം കുറഞ്ഞ പണിക്കൂലിയും കുറഞ്ഞ ലാഭവിഹിതവും ഈടാക്കി കൂടുതൽ വിൽപന നടത്തുക എന്ന വിപണന തന്ത്രമാണ് അദ്ദേഹം പയറ്റിയത്. മറ്റ് കടകളിലെ എസ്റ്റിമേറ്റ് വിലയുമായി താരതമ്യം ചെയ്ത ശേഷം മാത്രം വാങ്ങാൻ ഉപഭോക്താക്കളെ വെല്ലുവിളിച്ചുകൊണ്ടുള്ള പരസ്യങ്ങൾ ലളിതാ ജ്വല്ലറിക്ക് സാധാരണക്കാർക്കിടയിൽ വലിയ സ്വീകാര്യത നേടിക്കൊടുത്തു.

നിലവിൽ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, പുതുച്ചേരി എന്നിവിടങ്ങളിലായി 51 നഗരങ്ങളിൽ 61 ഷോറൂമുകളും സ്വന്തമായി നിർമ്മാണശാലകളും ലളിതാ ജ്വല്ലറിക്കുണ്ട്. 2026 സാമ്പത്തിക വർഷത്തിൽ 25,039.80 കോടി രൂപയുടെ വരുമാനവും 1,009.82 കോടി രൂപയുടെ അറ്റാദായവും കൈവരിച്ച കമ്പനി, ഓഹരിയൊന്നിന് 190–201 രൂപ പ്രൈസ് ബാൻഡിലാണ് ഐപിഒ വിപണിയിൽ പ്രവേശിക്കുന്നത്. അമ്മയുടെ നാല് സ്വർണ്ണ വളകളിൽ തുടങ്ങിയ ആ നിശ്ചയദാർഢ്യമാണ് ഇന്ന് പതിനൊന്നായിരം കോടിയിലധികം രൂപ മൂല്യമുള്ള ബിസിനസ്സ് സാമ്രാജ്യമായി തലയുയർത്തി നിൽക്കുന്നത്.

Content Highlights: Kiran Kumar, who left school after Class 5, began his jewellery business with four gold bangles given by his mother. He converted them into jewellery and secured his first major order in Chennai. Decades later, Lalithaa Jewellery has grown into a large retail chain, with its IPO valuing the company at around ₹11,250 crore.

To advertise here,contact us