മികച്ച യോഗ്യതയും കഴിവും ഉണ്ടായിട്ടും ഇന്നും അർഹിച്ച സാലറി കിട്ടാതെ ജോലി ചെയ്യുന്നവരായിരിക്കും നമ്മളില്‍ പലരും. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു കഥയാണ് ദേവ്ശ്രീ ഭാരതിയ എന്ന ടെക്കിക്ക് പറയാനുള്ളത്. പൂനെയിലെ ഒരു സാധാരണ കോളേജിൽ നിന്നും പഠിച്ചിറങ്ങി, കരിയറിന്റെ തുടക്കത്തിൽ വെറും 6 ലക്ഷം രൂപ വാർഷിക ശമ്പളം വാങ്ങിയിരുന്ന ദേവ്ശ്രീ യു എസിൽ 2 കോടി രൂപയുടെ സ്വപ്നതുല്യമായ ശമ്പളത്തിലാണ് ജോലി ചെയ്യുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അവർ പങ്കുവെച്ച ഈ വിജയകഥയും അതിനായി അവർ സ്വീകരിച്ച തന്ത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഈ വിജയത്തിലേക്ക് എത്താൻ താന്‍ 3 വർഷമെടുത്തെന്നും എന്നാൽ ശരിയായ തന്ത്രങ്ങൾ ഉപയോഗിച്ചാൽ മറ്റുള്ളവർക്ക് വെറും 3 മാസം കൊണ്ട് ഇത് സാധ്യമാക്കാമെന്നും അവർ പറയുന്നു. തൊഴിൽ അന്വേഷകർക്കായി ദേവ്ശ്രീ നിർദ്ദേശിക്കുന്ന പ്രധാന നിർദേശങ്ങളാണ് ഇനി പറയുന്നത്.
ലിങ്ക്ഡ്ഇൻ വഴി നൂറുകണക്കിന് ജോലികൾക്ക് അപേക്ഷിക്കുന്നത് നല്ലതാണെങ്കിലും, അതിനേക്കാൾ പ്രധാനം റിക്രൂട്ടർമാരുടെ ശ്രദ്ധ നിങ്ങളിലേക്ക് ആകർഷിക്കുക എന്നതാണെന്ന് ദേവ്ശ്രീ പറയുന്നു. പ്രത്യേകിച്ച് സർവീസ് അധിഷ്ഠിത കമ്പനികളിൽ നിന്നും പ്രൊഡക്റ്റ് അധിഷ്ഠിത കമ്പനികളിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് ഇത് വളരെ നിർണ്ണായകമാണ്. റിക്രൂട്ടർമാർ സ്വയം നിങ്ങളെ ബന്ധപ്പെടുമ്പോൾ അഭിമുഖങ്ങളിൽ നിങ്ങൾക്ക് കൂടുതൽ മുൻഗണന ലഭിക്കും.
ലിങ്ക്ഡ്ഇനിൽ ഒരു ഇൻഫ്ലുവൻസറോ ക്രിയേറ്ററോ ആകുക എന്നതല്ല ഇതിന്റെ ലക്ഷ്യം, മറിച്ച് നിങ്ങളുടെ പ്രൊഫഷണൽ വിശ്വാസ്യത വർദ്ധിപ്പിക്കുക എന്നതാണ്. ഇതിനായി ആഴ്ചയിൽ കൃത്യമായ ഇടവേളകളിൽ നിങ്ങളുടെ മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കുക. ഒരു മാസത്തേക്കുള്ള പോസ്റ്റുകൾ ഒറ്റദിവസം കൊണ്ട് ഷെഡ്യൂൾ ചെയ്തു വെക്കാൻ സാധിക്കുമെന്നും അവർ ഓർമ്മിപ്പിക്കുന്നു.
ഇന്ന് വിപണിയിൽ കാണുന്ന ജോലി സംബന്ധമായ പരസ്യങ്ങളിൽ ഏകദേശം 30 ശതമാനവും വ്യാജമോ അല്ലെങ്കിൽ നിലവിൽ ആളുകളെ എടുക്കാൻ ഉദ്ദേശിക്കാത്തതോ ആയ 'ഗോസ്റ്റ് ജോബുകൾ' ആണെന്ന് ദേവ്ശ്രീ വ്യക്തമാക്കുന്നു. പലരും തങ്ങളുടെ അപേക്ഷ നിരസിക്കപ്പെടുമ്പോൾ നിരാശരാകാറുണ്ട്, എന്നാൽ യഥാർത്ഥത്തിൽ ആ തസ്തികകളിലേക്ക് നിയമനം നടത്താൻ കമ്പനികൾ ഉദ്ദേശിച്ചിട്ടുണ്ടാകില്ല. ഇത് മനസ്സിലാക്കി വേണം തൊഴിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ.
എല്ലാ ജോലികൾക്കും ഒരേ റെസ്യൂമെ അയക്കുന്ന രീതി അവസാനിപ്പിക്കുക. ഓരോ കമ്പനിയുടെയും ആവശ്യത്തിനനുസരിച്ച് റെസ്യൂമെയിൽ മാറ്റങ്ങൾ വരുത്തണം. പ്രവൃത്തിപരിചയത്തിന് പുറമെ നിങ്ങൾ പങ്കെടുത്ത പ്രോജക്ടുകൾ, ഹാക്കത്തോണുകൾ, ഗവേഷണങ്ങൾ എന്നിവയും ഉൾപ്പെടുത്തണം. റെസ്യൂമുകൾ സ്ക്രീൻ ചെയ്യുന്ന എ.ടി.എസ് സോഫ്റ്റ്വെയറുകൾക്ക് അനുയോജ്യമായ രീതിയിൽ കൃത്യമായ ഫോർമാറ്റിൽ വേണം ഇത് തയ്യാറാക്കാൻ.
ഡാറ്റാ സ്ട്രക്ചേഴ്സ് & ആൽഗോരിതം, സിസ്റ്റം ഡിസൈൻ, ബിസിനസ്സ് കേസുകൾ എന്നിവ കൃത്യമായി പരിശീലിക്കുക. നിങ്ങൾ അപേക്ഷിക്കുന്ന കമ്പനിയുടെ ഉൽപ്പന്നങ്ങളെക്കുറിച്ചും അവർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും മുൻകൂട്ടി പഠിക്കുന്നത് അഭിമുഖങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സഹായിക്കുമെന്നും ദേവ്ശ്രീ കൂട്ടിച്ചേർക്കുന്നു.
Content Highlights: Devshree's journey to a ₹2 crore annual salary highlights the importance of consistent preparation, skill development, and smart career strategies. After three years of focused effort, she successfully secured a high-paying role, with her story inspiring professionals and students aiming for top opportunities in the competitive job market.