സാൻ ഫ്രാൻസിസ്കോ: ആഗോള ചിപ്പ് നിർമ്മാണ രംഗത്തെ പ്രമുഖ കമ്പനിയായ എൻവിഡിയയുടെ സിഇഒ ജെൻസൻ ഹുവാങിനെതിരെ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് കമ്പനി. ചൈനീസ് ചാരയെന്ന് സംശയിക്കുന്ന യുവതിയുമായി തനിക്ക് പ്രണയബന്ധമുണ്ടെന്ന് ജെൻസൻ ഹുവാങ് സമ്മതിച്ചിച്ചിരുന്നു. ഹുവാങ് വിദേശ രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തില് കൂടിയാണ് എൻവിഡിയയുടെ സ്വതന്ത്ര ഡയറക്ടർമാരുടെ നേതൃത്വത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചത്.
സിംഗപ്പൂർ ആസ്ഥാനമായുള്ള മെഗാസ്പീഡ് കമ്പനിയുടെ എക്സിക്യൂട്ടീവ് ആലിസ് ഹുവാങ്ങുമായി ജെൻസൻ ഹുവാങ്ങിനുള്ള അടുപ്പമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. യുഎസ് ഏർപ്പെടുത്തിയ കയറ്റുമതി നിയന്ത്രണങ്ങൾ മറികടന്ന് ചൈനയിലേക്ക് അത്യാധുനിക എഐ ചിപ്പുകൾ കടത്താൻ ആലിസ് ഹുവാങ് സഹായിച്ചതായും അവർ ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരങ്ങൾ ചോർത്തി നൽകിയതായും യുഎസ് അധികൃതർ സംശയിക്കുന്നതായി വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കമ്പനി ജീവനക്കാർക്കയച്ച കത്തിലാണ് താൻ കുടുംബത്തോട് അവിശ്വസ്തത കാണിച്ചതായി ഹുവാങ് തുറന്നുപറഞ്ഞത്. "ഞാൻ ചെയ്ത തെറ്റിന്റെയും കുടുംബത്തിന് ഉണ്ടാക്കിയ വേദനയുടെയും പൂർണ്ണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. ഇതിന്റെ പേരിലുള്ള എല്ലാ വിമർശനങ്ങളും ഞാൻ ഉൾക്കൊള്ളുന്നു," അദ്ദേഹം കുറിച്ചു. കമ്പനി പ്രഖ്യാപിച്ച അന്വേഷണത്തെ പൂർണ്ണമായി പിന്തുണയ്ക്കുമെന്നും യുഎസിന്റെ ദേശീയ സുരക്ഷ ഉറപ്പാക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ബന്ധത്തിൽ ഉൾപ്പെട്ട രണ്ടാമത്തെ വ്യക്തിയുടെ പേര് അദ്ദേഹം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
കമ്പനിയുടെ രഹസ്യങ്ങളോ യുഎസ് ദേശീയ സുരക്ഷയോ ചോർന്നതായി നിലവിൽ കരുതുന്നില്ലെന്ന് എൻവിഡിയ ബോർഡ് പ്രസ്താവനയിൽ വ്യക്തമാക്കി. സ്വതന്ത്ര ഡയറക്ടർമാരും പുറത്തുനിന്നുള്ള നിയമോപദേശകരും അടങ്ങുന്ന സമിതിയാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. അന്വേഷണം തുടരുമ്പോഴും സിഇഒ പദവിയിൽ ജെൻസൻ ഹുവാങ് തന്നെ തുടരുമെന്ന് കമ്പനി വക്താവ് അറിയിച്ചു.
വിഷയത്തിൽ യുഎസ് പ്രതിനിധി സഭയിലെ പ്രമുഖ സമിതികൾ ഇടപെട്ടിട്ടുണ്ട്. ഫോറിൻ അഫയേഴ്സ്, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി, ഇന്റലിജൻസ് എന്നീ മൂന്ന് നിർണായക ഹൗസ് പാനലുകളുടെ ചെയർമാന്മാർ ഹുവാങ്ങിന് കത്തയച്ചു. മെഗാസ്പീഡുമായുള്ള ഇടപാടുകളെക്കുറിച്ചും കമ്പനിയുടെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും നേരിട്ടെത്തി വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചൈനീസ് കടന്നുകയറ്റവും അത്യാധുനിക യുഎസ് സാങ്കേതികവിദ്യകളിലേക്കുള്ള പ്രവേശനവും ഗുരുതരമായ ആശങ്കയുണ്ടാക്കുന്നതായി സമിതി അധ്യക്ഷന്മാർ ചൂണ്ടിക്കാട്ടി.
അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹുവാങ്ങിനെ പിന്തുണച്ച് രംഗത്തെത്തി. ഹുവാങ് ഒരു മികച്ച വ്യക്തിയാണെന്നും അദ്ദേഹത്തിന് തന്റെ നിലപാട് വിശദീകരിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു.
നാല് ട്രില്യൺ ഡോളറിലധികം വിപണി മൂല്യമുള്ള ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയായ എൻവിഡിയയിൽ ഉയർന്നിരിക്കുന്ന ഈ വിവാദം ആഗോള വിപണിയിലും സാങ്കേതിക മേഖലയിലും കടുത്ത അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. ജെൻസൻ ഹുവാങ്ങിന്റെ നേതൃത്വവും യുഎസ്-ചൈന സാങ്കേതിക ശീതസമരവും വീണ്ടും ആഗോളതലത്തിൽ വലിയ ചർച്ചയായി മാറുകയാണ്.
Content Highlights: Nvidia CEO Jensen Huang has admitted to being unfaithful to his wife in a message to employees, following reports of his romantic relationship with Alice Huang, a Singapore-based business executive suspected by US intelligence of working for China. Nvidia's board has launched an independent investigation into possible foreign intelligence involvement. The company says it has no reason to believe national security or its secrets were compromised