കൊല്ലം: വിശുദ്ധ റമദാൻ മാസത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിക്ക് അരികിലേക്ക് എത്തിയ ഒരു അപേക്ഷ. ഒരുപാട് വിദ്യാർത്ഥികൾക്ക് പഠനത്തിന് സഹായമാകുകയും യാത്രാക്ലേശം പരിഹരിക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ യാത്രാദുരിതം പരിഹരിക്കുന്നനായി യത്തീംഖാനയ്ക്ക് ഒരു ബസ് വാങ്ങി നൽകുമോ എന്നതായിരുന്നു എം.എ യൂസഫലിയോട് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവിയുടെ അഭ്യർത്ഥന.
കൊല്ലം കടയ്ക്കൽ മുക്കുന്നം മന്നാനിയാ ബനാത്ത് യത്തീംഖാനയിലെ വിദ്യാർത്ഥികളുടെ യാത്രാ ക്ലേശം കത്തിലൂടെ കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി സൂചിപ്പിച്ചതും പ്രശ്നത്തിൽ ഇടപെട്ട് വിദ്യാർത്ഥികളുടെ മികവുറ്റ പഠനത്തിന് സഹായവും യാത്രാദുരിതത്തിന് പരിഹാരവുമായി സ്കൂൾ ബസും എം.എ യൂസഫലി വാങ്ങി നൽകി. രോഗശയ്യിലായ കടയ്ക്കൽ മൗലവിയെ കഴിഞ്ഞമാസം ലുലുഗ്രൂപ്പ് ചെയർമാൻ സന്ദർശിച്ചിരുന്നു. ഈ വേളയിൽ ലുലുപ്രതിനിധികളോട് കുട്ടികൾക്കുള്ള ബസ് എത്രയും വേഗം വാങ്ങി നൽകണമെന്ന് എം.എ യൂസഫലി നിർദേശിക്കുകയും ചെയ്തു.
കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി നേതൃത്വം നൽകുന്ന മന്നാനിയാ ബനാത്ത് യത്തീംഖാനയിലെ വലിയ വിദ്യാർത്ഥി സമൂഹത്തിന്റെ യാത്രാ ക്ലേശമാണ് ഇതോടെ പരിഹരിക്കപ്പെട്ടത്. 25 വർഷമായി വിദ്യാലയത്തിൽ ഓടിക്കൊണ്ടിരുന്ന ബസ് ഉപയോഗശൂന്യമായതോടെയാണ് പുതിയ ബസിനായി ലുലുഗ്രൂപ്പ് ചെയർമാന്റെ മുന്നിൽ അഭ്യർത്ഥന എത്തിയത്. അഭ്യർത്ഥന സ്വീകരിച്ച് മാസങ്ങൾക്കുള്ളിൽ തന്നെ പ്രശ്നപരിഹാരവും കണ്ടു.
വിദ്യാർത്ഥികൾക്ക് സ്കൂൾ ബസ് എത്തിച്ചു നൽകിയപ്പോൾ യത്തീംഖാന ഭരണസമിതിക്കും പറയുവാൻ വാക്കുകളുണ്ടായിരുന്നില്ല. ലോകം മുഴുവൻ വിശ്വപൗരനായി നിറഞ്ഞു നിൽക്കുന്ന എം.എ യൂസഫലിക്ക് നന്ദി അറിയിച്ചാണ് ലുലു പ്രതിനിധികളിൽ നിന്ന് താക്കോൽ ഏറ്റ് വാങ്ങി ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും ജാമിഅ മന്നാനിയ ചെയർമാനുമായ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി സംസാരിച്ചത്.
ജാതിയോ മതമോ വംശമോ ലിംഗമോ നോക്കാതെ എം.എ യൂസഫലി നൽകുന്ന ജീവകാരുണ്യപ്രവർത്തനങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. യത്തീംഖാനയിലെ കുഞ്ഞുങ്ങളോടുള്ള സ്നേഹവും ജീവകാരുണ്യപ്രവർത്തനത്തിൽ എം.എ യൂസഫലി മുന്നോട്ട് വയ്ക്കുന്ന പ്രവർത്തനങ്ങളും ലുലു ദക്ഷിണ കേരളം തമിഴ്നാട് ഡയറക്ടർ ജോയി ഷഢാനന്ദൻ, ലുലു മീഡിയ ഹെഡ് എൻ.ബി സ്വരാജ് എന്നിവരും വിശദീകരിച്ചു. ചടങ്ങിൽ ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കടയ്ക്കൽ ജുനൈദ് അധ്യക്ഷത വഹിച്ചു. കുമ്മിൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം ഇർഷാദ്, ലുലു ഗ്രൂപ്പ് പ്രതിനിധി നൗഫൽ കരീം, മന്നാനിയ അസിസ്റ്റൻറ് സെക്രട്ടറി പാങ്ങോട് കമറുദ്ദീൻ മൗലവി, തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Lulu Group Managing Director M.A. Yusuff Ali has gifted a new school bus to children at an orphanage after receiving a request during the month of Ramadan. The gesture aims to support the children's transportation needs and make their daily journey to school more convenient.