299ന്റെ ബേസ് പ്ലാൻ നിർത്തലാക്കി; വരിക്കാരുടെ എണ്ണം കുത്തനെ ഇടിഞ്ഞു; ഒടുവിൽ പ്ലാൻ പുനഃസ്ഥാപിച്ച് എയർടെൽ

കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു എയർടെൽ 299 രൂപയുടെ പ്ലാൻ നിർത്തലാക്കിയത്

299 രൂപയുടെ റീചാർജ് പ്ലാൻ പുനഃസ്ഥാപിച്ച് എയർടെൽ. സെപ്റ്റംബർ പാദത്തിൽ പുതിയ മൊബൈൽ വരിക്കാരുടെ എണ്ണത്തിൽ കുറവ് സംഭവിച്ചതോടെയാണ് എയർടെൽ 299 രൂപയുടെ പ്ലാൻ പുനഃസ്ഥാപിച്ചത്. നിലവിൽ കമ്പനിയുടെ വെബ്‌സൈറ്റിൽ പ്ലാൻ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു എയർടെൽ 299 രൂപയുടെ പ്ലാൻ നിർത്തലാക്കിയത്. 28 ദിവസത്തേക്ക് ദിവസേന 1 ജിബി ഡാറ്റ നൽകുന്ന പ്ലാനായിരുന്നു ഇത്. എയർടെൽ സിം ഉപയോക്താക്കളിൽ ഒരുപാട് പേർ ഈ പ്ലാൻ എടുത്തിരുന്നു. എന്നാൽ 299ന്റെ പ്ലാൻ നിർത്തലാക്കിയതോടെ ഇവരെല്ലാം 349 രൂപയുടെ റീചാർജ് പ്ലാൻ തെരഞ്ഞെടുക്കാൻ നിർബന്ധിതരാകുകയായിരുന്നു. ഇതോടെ മൊബൈൽ വരിക്കാരിൽ വ്യാപകമായ കൊഴിഞ്ഞുപോക്ക് ഉണ്ടായി. ഇതോടെയാണ് എയർടെൽ പ്ലാൻ പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്.

സെപ്റ്റംബർ പാദത്തിൽ എയർടെല്ലിന് 716,000 വരിക്കാരെ മാത്രമാണ് ചേർക്കാൻ സാധിച്ചത്. അതിന് മുൻപത്തെ മൂന്ന് മാസത്തിനിടെ ചേർത്ത 3.3 ദശലക്ഷം ഉപയോക്താക്കളെ അപേക്ഷിച്ച് വളരെ കുറവാണിത്. എന്നാൽ സെപ്റ്റംബർ അവസാനത്തോടെ കമ്പനിയുടെ വയർലെസ് വരിക്കാരുടെ എണ്ണം 377.2 ദശലക്ഷമായി. ഫൈബർ-ടു-ദി-ഹോം (FTTH), മെഷീൻ-ടു-മെഷീൻ, വയർലൈൻ കണക്ഷനുകൾ ഉൾപ്പെടെ കമ്പനിയുടെ മൊത്തം ഉപഭോക്തൃ അടിത്തറ മുൻ പാദത്തിലെ 491.9 ദശലക്ഷത്തിൽ നിന്ന് 498.7 ദശലക്ഷമായി വർധിച്ചിട്ടുണ്ട്.

അതേസമയം, എയർടെൽ കഴിഞ്ഞ മാസം തങ്ങളുടെ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി പുതിയ വോയ്‌സ്-ഓൺലി റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ഇത്തരം പ്ലാനുകൾ വിപണിയിൽ എത്തിക്കുന്ന ആദ്യ ടെലികോം ഓപ്പറേറ്ററാണ് എയർടെൽ. മൊബൈൽ ഡാറ്റ ആവശ്യമില്ലാത്ത, എന്നാൽ അൺലിമിറ്റഡ് കോളിംഗും എസ്എംഎസും മാത്രം ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ പ്ലാനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

185 രൂപ, 203 രൂപ, 206 രൂപ എന്നീ നിരക്കുകളിലാണ് ഈ പ്ലാനുകൾ ലഭ്യമാക്കിയിരിക്കുന്നത്. മൂന്ന് പ്ലാനുകളിലും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകളും 300 എസ്എംഎസും ലഭിക്കുമെങ്കിലും മൊബൈൽ ഡാറ്റ പാക്കേജുകൾ ഒന്നും തന്നെ ഉൾപ്പെടുത്തിയിട്ടില്ല. ഒപ്പം, എല്ലാ 30 ദിവസത്തിലും പുതിയ ട്യൂണുകൾ മാറ്റാൻ സാധിക്കുന്ന സൌജന്യ ഹലോട്യൂൺസ് സേവനവും ഇതിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്.

ഓരോ പ്ലാനിന്റെയും വാലിഡിറ്റിയിൽ ചെറിയ മാറ്റങ്ങളുണ്ട്. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള 185 രൂപയുടെ പ്ലാൻ 28 ദിവസത്തെ കാലാവധി നൽകുമ്പോൾ, 203 രൂപയുടെ പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. മൂന്നാമത്തെ പ്ലാനായ 206 രൂപയുടെ പാക്കേജ് ഒരു കലണ്ടർ മാസത്തെ കാലാവധി ഉറപ്പുനൽകുന്നു, അതായത് എല്ലാ മാസവും നിശ്ചിത തീയതിയിൽ തന്നെ ഈ പ്ലാൻ പുതുക്കാൻ സാധിക്കും.

Content Highlights: Bharti Airtel has restored its ₹299 recharge plan on its official website. The decision comes after the company reported a decline in new mobile subscribers during the September quarter.

To advertise here,contact us