നാട്ടിൽ നിന്നും മാറി മറ്റൊരു സ്ഥലത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഏറ്റവും ആദ്യം നോക്കുന്നത് നല്ലൊരു ശമ്പളം തന്നെയാണ്. പക്ഷേ അവിടെയും ജീവിത ചെലവ് വില്ലനായി വന്നാലോ? പ്രത്യേകിച്ച് ബെംഗളൂരു പോലുള്ള നഗരങ്ങളിലെ ചെലവ് ചിന്തിക്കുന്നതിനുമപ്പുറമാണ്. എത്ര വലിയ തുകയുണ്ടെങ്കിലും തികയാത്ത അവസ്ഥ. അത്തരമൊരു അനുഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്.
പ്രതിമാസം ഒരു ലക്ഷം രൂപയിൽ താഴെയാണ് വരുമാനമെങ്കിൽ ബെംഗളൂരുവിലേക്ക് മാറുന്നതിന് മുമ്പ് രണ്ടുതവണ ആലോചിക്കണമെന്ന ഒരു പ്രൊഫഷണലിന്റെ പരാമർശമാണ് ചർച്ചയാകുന്നത്. പ്രൊഡക്ട് മാനേജറും കണ്ടന്റ് ക്രിയേറ്ററുമായ ശിവാങ്ക് ഗോയലാണ് ബെംഗളൂരുവിലെ ഉയർന്ന ജീവിതച്ചെലവിനെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ തന്റെ അഭിപ്രായം പങ്കുവെച്ചത്. നഗരത്തിലെ വാടക, യാത്ര, ഭക്ഷണം, കഫേകൾ, വിനോദം തുടങ്ങിയവയ്ക്കായി വലിയ തുക ചെലവാകുന്നുവെന്നും അതിനാൽ ഉയർന്ന ശമ്പളം ലഭിച്ചാലും പ്രതീക്ഷിക്കുന്ന തരത്തിലുള്ള സാമ്പത്തിക സ്വാതന്ത്ര്യം ലഭിക്കണമെന്നില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
വാർഷികമായി 12 ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ഒരാൾക്ക് പോലും ബെംഗളൂരുവിലെ ജീവിതച്ചെലവുകൾ കാരണം 4 ലക്ഷം രൂപ ശമ്പളം ലഭിക്കുന്നതുപോലെയാണ് അനുഭവപ്പെടുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. വീട്ടിൽ നിന്ന് പുറത്തിറങ്ങുന്ന ഓരോ ഘട്ടത്തിലും ചെലവ് വരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബെംഗളൂരുവിലെ വാടകയാണ് പ്രധാന പ്രശ്നങ്ങളിലൊന്നായി അദ്ദേഹം പറയുന്നത്. വീട് വാടകയ്ക്ക് എടുക്കുമ്പോൾ വലിയ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകേണ്ടിവരുന്ന സാഹചര്യമാണ് പലർക്കുമുള്ളത്. ഏകദേശം രണ്ട് ലക്ഷം രൂപ വരെ ഡെപ്പോസിറ്റായി നൽകേണ്ടിവരുന്ന അനുഭവങ്ങളും നഗരത്തിൽ ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
യാത്രച്ചെലവും ബെംഗളൂരുവിലെ ജീവിതച്ചെലവിൽ പ്രധാന പങ്ക് വഹിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അഞ്ച് കിലോമീറ്റർ പോലുള്ള ചെറിയ ദൂരത്തേക്ക് പോലും ക്യാബിന് നൂറുകണക്കിന് രൂപ ചെലവാകാം. അതോടൊപ്പം നഗരത്തിലെ ഗതാഗതക്കുരുക്ക് കാരണം ചെറിയ ദൂരം പിന്നിടാൻ പോലും ഏറെ സമയം വേണ്ടിവരുന്നതായും അദ്ദേഹം പറയുന്നു.
വിനോദത്തിനും സാമൂഹിക ജീവിതത്തിനും പണം ചെലവാകുന്നതാണ് മറ്റൊരു വിഷയമായി അദ്ദേഹം ഉന്നയിച്ചത്. കഫേകൾ, പരിപാടികൾ, ഹോബികൾ തുടങ്ങിയവയ്ക്കായി സ്ഥിരമായി പണം ചെലവഴിക്കേണ്ടിവരുന്നതിനാൽ മാസവരുമാനത്തിന്റെ വലിയൊരു ഭാഗം ഇതിനായി പോകുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഇതോടെയാണ് ബെംഗളൂരുവിൽ ജീവിക്കാൻ യഥാർത്ഥത്തിൽ എത്ര വരുമാനം ആവശ്യമാണ് എന്നതിനെക്കുറിച്ചുള്ള ചർച്ച സോഷ്യൽ മീഡിയയിൽ ശക്തമായത്. ചിലർ അഭിപ്രായത്തെ പിന്തുണച്ചപ്പോൾ, മറ്റുചിലർ ചെലവ് പ്രധാനമായും ഓരോരുത്തരുടെയും ജീവിതശൈലിയെയും താമസിക്കുന്ന പ്രദേശത്തെയും ആശ്രയിച്ചിരിക്കുമെന്ന് ചൂണ്ടിക്കാട്ടി.
ബെംഗളൂരുവിൽ കുറഞ്ഞ ചെലവിൽ താമസിക്കാനും ഭക്ഷണം കഴിക്കാനും വിനോദങ്ങളിൽ പങ്കെടുക്കാനും നിരവധി മാർഗങ്ങളുണ്ടെന്നും ചിലർ അഭിപ്രായപ്പെട്ടു. നഗരത്തിലെ ചെലവ് എല്ലാവർക്കും ഒരുപോലെയല്ലെന്നും വാടക, യാത്ര, ഭക്ഷണം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തിഗത തിരഞ്ഞെടുപ്പുകൾ വലിയ വ്യത്യാസം സൃഷ്ടിക്കുമെന്നും പ്രതികരണങ്ങളുണ്ടായി.
ബെംഗളൂരുവിലെ ഉയർന്ന വാടകയും യാത്രച്ചെലവും മറ്റ് ജീവിതച്ചെലവുകളും യുവ പ്രൊഫഷണലുകൾക്കിടയിൽ വലിയ ചർച്ചയ്ക്ക് കാരണമാകുകയാണ്. രാജ്യത്തെ പ്രധാന ടെക് ഹബ്ബുകളിലൊന്നായ ബെംഗളൂരുവിൽ ജോലി ലഭിക്കുന്നതോടൊപ്പം അവിടെ ജീവിക്കാൻ ആവശ്യമായ ചെലവും കണക്കിലെടുക്കണമെന്ന ചർച്ചയ്ക്കാണ് പുതിയ വിവാദം വഴിവെച്ചിരിക്കുന്നത്.
Content Highlights: ‘12 LPA feels like 4 LPA, Rs 600 for 5 km cab ride’: Bengaluru product manager on why Rs 1 lakh salary may not be enough to live in the city