കമ്മീഷൻ വേണ്ട, ബിസിനസ് വളർത്താം; ഫാഷൻ ബ്രാൻഡുകൾക്ക് വമ്പൻ അവസരവുമായി നൈക

ഫാഷൻ ഉൽപ്പന്നങ്ങൾക്ക് പൂജ്യം കമ്മീഷൻ നയം അവതരിപ്പിച്ച് ഫ്ലിപ്കാർട്ടും നേരത്തെ രംഗത്തെത്തിയിരുന്നു

ഉത്സവ സീസൺ മുന്നിൽക്കണ്ട് വളർന്നുവരുന്ന ഇന്ത്യൻ ഫാഷൻ ബ്രാൻഡുകൾക്ക് വലിയ അവസരവുമായി നൈകാ ഫാഷൻ. പ്ലാറ്റ്‌ഫോമിൽ എത്തുന്ന തിരഞ്ഞെടുത്ത പുതിയ ബ്രാൻഡുകളിൽ നിന്ന് ആദ്യ ആറ് മാസത്തേക്ക് കമ്മീഷൻ ഈടാക്കാത്ത പുതിയ പദ്ധതിയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. വളർന്നുവരുന്ന ആഭ്യന്തര ഫാഷൻ ബ്രാൻഡുകളെ കണ്ടെത്തി അവരുടെ ബിസിനസ് കൂടുതൽ വേഗത്തിൽ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

നൈകാ ഫാഷന്റെ ‘ഹിഡൻ ജെംസ്’ പദ്ധതിയുടെ വിപുലീകരണമായാണ് പുതിയ ആക്സിലറേറ്റർ പരിപാടി അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ വസ്ത്രങ്ങൾ, പാശ്ചാത്യ വസ്ത്രങ്ങൾ, ആഭരണങ്ങൾ, ബാഗുകൾ, പാദരക്ഷകൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന വളർന്നുവരുന്ന സ്വദേശീയ ബ്രാൻഡുകൾക്കാണ് പ്രധാനമായും പദ്ധതിയിൽ അവസരം ലഭിക്കുക.

പദ്ധതിയുടെ ഭാഗമായി ആദ്യ ആറ് മാസത്തേക്ക് വില്പനയ്ക്ക് കമ്മീഷൻ നൽകേണ്ടതില്ല. തുടക്ക ഘട്ടത്തിൽ ലഭിക്കുന്ന വരുമാനം കമ്മീഷനായി നൽകുന്നതിന് പകരം ബ്രാൻഡ് വികസനം, ഉൽപ്പന്ന ശേഖരം വർധിപ്പിക്കൽ, പുതിയ ഉപഭോക്താക്കളെ സ്വന്തമാക്കൽ തുടങ്ങിയ കാര്യങ്ങൾക്കായി ഉപയോഗിക്കാൻ ബ്രാൻഡുകൾക്ക് ഇതിലൂടെ അവസരം ലഭിക്കും.

കമ്മീഷൻ ഇളവിന് പുറമെ ബ്രാൻഡുകൾക്ക് കൂടുതൽ ശ്രദ്ധ ലഭിക്കുന്ന തരത്തിലുള്ള പ്രദർശനം, വിപണന പിന്തുണ, വിദഗ്ധരുടെ മാർഗനിർദേശം, വേഗത്തിലുള്ള പ്ലാറ്റ്‌ഫോം പ്രവേശനം, ഉൽപ്പന്നങ്ങളുടെ പട്ടിക തയ്യാറാക്കുന്നതിനുള്ള സഹായം തുടങ്ങിയ സൗകര്യങ്ങളും ലഭിക്കും. വളർന്നുവരുന്ന ഇന്ത്യൻ ഫാഷൻ ബ്രാൻഡുകൾക്ക് പുതിയ ആശയങ്ങളും വ്യത്യസ്ത ഡിസൈനുകളും വിപണിയിലെത്തിക്കാൻ കഴിയുന്ന സാഹചര്യമാണുള്ളതെന്നും, ഇവയ്ക്ക് വലിയ തോതിൽ വളരാൻ ആവശ്യമായ ഉപഭോക്തൃ വിവരങ്ങളും തന്ത്രപരമായ പിന്തുണയും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും നൈകാ ഫാഷൻ മേധാവി അബിജീത് ദബാസ് പറഞ്ഞു.

ഇ-കൊമേഴ്‌സ് രംഗത്ത് ഫാഷൻ ബ്രാൻഡുകളെ ആകർഷിക്കാനുള്ള മത്സരം ശക്തമാകുന്നതിനിടെയാണ് നൈകാ ഫാഷന്റെ പുതിയ നീക്കം. ഫാഷൻ ഉൽപ്പന്നങ്ങൾക്ക് പൂജ്യം കമ്മീഷൻ നയം അവതരിപ്പിച്ച് ഫ്ലിപ്കാർട്ടും നേരത്തെ രംഗത്തെത്തിയിരുന്നു. ഇതോടെ വളർന്നുവരുന്ന ഫാഷൻ ബ്രാൻഡുകളെ സ്വന്തമാക്കാനുള്ള മത്സരവും കൂടുതൽ ശക്തമാകുകയാണ്.

ഉത്സവ സീസണിൽ ഓൺലൈൻ ഫാഷൻ വാങ്ങലുകൾ വർധിക്കുമെന്ന പ്രതീക്ഷയ്ക്കിടെയാണ് പുതിയ ബ്രാൻഡുകളെ പ്ലാറ്റ്‌ഫോമിലേക്ക് എത്തിക്കാനുള്ള നൈകാ ഫാഷന്റെ നീക്കം. തുടക്കത്തിലെ കമ്മീഷൻ ചെലവ് ഒഴിവാക്കുന്നതിലൂടെ ചെറുകിട, വളർന്നുവരുന്ന ഫാഷൻ ബ്രാൻഡുകൾക്ക് കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്താനും വിപണിയിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്താനും അവസരമൊരുങ്ങുകയാണ്.

Content Highlights: Nykaa Fashion offers six-month zero-commission model for apparel brands

To advertise here,contact us