സ്വർണ വില മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍: ഇനിയും ഇടിയുമോ? എല്ലാ അടുത്ത യോഗത്തില്‍ അറിയാം

അന്താരാഷ്ട്ര വിപണിയിലെ ചലനത്തിന്റെ പ്രതിഫലനം ആഭ്യന്തര വിപണിയിലും കാണാം

അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ വന്‍ ഇടിവ്. സ്പോട്ട് വിപണിയിൽ ട്രോയ് ഔൺസിന് 4,285 ഡോളറിന് മുകളിലുണ്ടായിരുന്ന സ്വർണവില 2 ശതമാനത്തിലധികം താഴ്ന്ന് ഏകദേശം 4,192 ഡോളർ നിലവാരത്തിലേക്ക് എത്തി. ക്രൂഡ് ഓയിൽ വിലയിലെ വർധന പണപ്പെരുപ്പ ആശങ്കകൾ ശക്തമാക്കിയതും യുഎസ് പലിശനിരക്കുകൾ ഉയർന്ന നിലയിൽ തുടരാനുള്ള വിപണി പ്രതീക്ഷയും ഡോളറിനും യുഎസ് ട്രഷറി യീൽഡുകൾക്കും പിന്തുണ നൽകി.

പലിശ വരുമാനം നൽകാത്ത സ്വർണത്തിന്റെ ആകർഷണം ഇതോടെ കുറയുകയും നിക്ഷേപകർ ബോണ്ടുകളിലേക്കും ഡോളറിലേക്കും മാറുകയും ചെയ്തു. മുൻ ദിവസങ്ങളിലെ വില മുന്നേറ്റത്തിന് പിന്നാലെയുള്ള ലാഭമെടുപ്പും സ്വർണത്തിലെ വിൽപന സമ്മർദം ശക്തമാക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയിലെ ചലനത്തിന്റെ പ്രതിഫലനം ആഭ്യന്തര വിപണിയിലും കാണാം.

കേരളത്തിൽ ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 13,765 രൂപയും പവന് 1,10,120 രൂപയുമാണ് നിരക്ക്. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15,017രൂപയും പവന് 1,20,136യുമാണ് വില. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,263രൂപയും പവന് 90,104രൂപയും നല്‍കണം. മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് കേരളത്തില്‍ വില്‍പ്പന നടക്കുന്നത്. അതേസമയം, ജ്വല്ലറിയിൽ ആഭരണം വാങ്ങുമ്പോൾ ഈ നിരക്കിന് പുറമെ പണിക്കൂലി, 3 ശതമാനം ജിഎസ്ടി, മറ്റ് ബാധകമായ ചാർജുകൾ കൂടി വരും. അതിനാൽ ജ്വല്ലറിയിലെ അന്തിമ വിൽപന വില സ്വർണത്തിന്റെ അടിസ്ഥാന നിരക്കിൽ നിന്ന് വ്യത്യ്സ്തമായിരിക്കും.

അതേസമയം സ്വർണവിലയുടെ കാര്യത്തില്‍ ക്രൂഡ് ഓയിൽ വില, യുഎസ് പണപ്പെരുപ്പം, ഫെഡറൽ റിസർവിന്റെ പലിശനിരക്ക് സംബന്ധിച്ച പ്രതീക്ഷകൾ, ഡോളറിന്റെ ശക്തി, ട്രഷറി യീൽഡുകൾ എന്നിവ നിർണായകമാകും. ഉയർന്ന പലിശനിരക്ക് ദീർഘകാലം തുടരാമെന്ന പ്രതീക്ഷ സ്വർണത്തിന് സമ്മർദം നൽകുമ്പോൾ, പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത ശക്തമായാൽ സ്വർണത്തിന് വീണ്ടും പിന്തുണ ലഭിക്കാം. അതായത് യുഎസിൽ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടുത്ത യോഗത്തിലും പലിശ നിരക്ക് വീണ്ടും കൂട്ടിയാല്‍ ഡോളറും ബോണ്ടും കൂടുതൽ ശക്തമാകും. സ്വാഭാവികമായും സ്വർണവില ഇനിയും ഇടിയും. നിലവിലെ ഇടിവ് തുടരുകയാണെങ്കില്‍ വില 3940 ഡോളറിലേക്കുവരെ എത്തിയേക്കാമെന്ന് പ്രവചിക്കുന്ന സാമ്പത്തിക വിദഗ്ധരുമുണ്ട്.

Content Highlights: Gold prices declined in the international market, influencing domestic gold rates in India, including Kerala. The movement in global bullion prices is driven by factors such as currency movements, interest-rate expectations and investor demand. Kerala’s retail gold price can also vary based on local market conditions and the timing of daily rate revisions.

To advertise here,contact us