"എന്നെ ഒന്ന് സഹായിക്കാമോ?"—ആ ചോദ്യം ഒരു മനുഷ്യന്റെ ജീവിതത്തിലെ വലിയൊരു പ്രയാസത്തിനുള്ള പരിഹാരമായി മാറുകയായിരുന്നു. ഭിന്നശേഷിക്കാരനായ പാലക്കാട് മപ്പാട്ടുകര സ്വദേശി മുഹമ്മദ് റഫീക്ക് മുസലിയാരുടെ അപേക്ഷ സ്വീകരിച്ച്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി നൽകിയത് സ്നേഹത്തിന്റെ വലിയൊരു സമ്മാനമാണ്, പുതിയൊരു മുച്ചക്ര ഇലക്ട്രിക് സ്കൂട്ടർ.
അന്തരിച്ച പ്രമുഖ സമസ്ത പണ്ഡിതൻ ആലിക്കുട്ടി മുസ്ലിയാരുടെ വിയോഗത്തെ തുടർന്ന് അദ്ദേഹത്തിന്റെ വസതിയിലെത്തിയപ്പോഴാണ് മുഹമ്മദ് റഫീക്ക് എം.എ യൂസഫലിയെ നേരിൽ കാണുന്നത്. തന്റെ ജീവിത യാഥാർത്ഥ്യങ്ങളും യാത്രാക്ലേശങ്ങളും അദ്ദേഹം യൂസഫലിയോട് പങ്കുവെച്ചു. അത്തർ കച്ചവടത്തിലൂടെ ഉപജീവനം കണ്ടെത്തുന്ന റഫീക്കിന്, ദൂരസ്ഥലങ്ങളിൽ ജോലിക്കായി യാത്ര ചെയ്യാൻ വലിയ ബുദ്ധിമുട്ടായിരുന്നു. ഉപജീവന മാർഗ്ഗത്തിനും യാത്രാസൗകര്യത്തിനുമായി ഒരു മുച്ചക്ര സ്കൂട്ടർ വാങ്ങി നൽകണമെന്ന് അദ്ദേഹം സ്നേഹത്തോടെ അഭ്യർത്ഥിക്കുകയായിരുന്നു.
റഫീക്കിന്റെ വാക്കുകളിലെ സങ്കടം തിരിച്ചറിഞ്ഞ യൂസഫലി, അദ്ദേഹത്തെ സ്നേഹത്തോടെ ചേർത്തുപിടിക്കുകയും ഉടൻ തന്നെ സഹായമെത്തിക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു. തുടർന്ന് എം.എ യൂസഫലിക്കുവേണ്ടി അലിക്കുട്ടി മുസലിയാരുടെ മകൻ മൂസ ഫൈസി, ലുലു ഗ്രൂപ്പ് പ്രതിനിധികളായ എൻ.ബി സ്വരാജ് ,നൗഫൽ കരീം, എന്നിവർ ചേർന്ന് പുതിയ ഇലക്ട്രിക് മുച്ചക്ര സ്കൂട്ടർ മുഹമ്മദ് റഫീക്കിന് കൈമാറി.
തനിക്ക് താങ്ങായ എം.എ യൂസഫലി ചെയ്ത ഉപകാരം ജീവിതത്തിൽ ഒരിക്കലും മറക്കില്ലെന്നും അദ്ദേഹവും കുടുംബവും എപ്പോഴും തന്റെ പ്രാർത്ഥനയിലുണ്ടാകുമെന്നും സ്കൂട്ടർ ഏറ്റുവാങ്ങിക്കൊണ്ട് മുഹമ്മദ് റഫീക്ക് മുസലിയാർ പറഞ്ഞു.
Content Highlights: Lulu Group Chairman M.A. Yusuff Ali gifted a new three wheel electric scooter to Muhammad Rafiq, a differently abled resident of Mappattukara in Palakkad. Rafiq had approached Yusuff Ali seeking assistance, and his request was accepted. The electric scooter is intended to support his mobility and make his daily life more convenient.