ഫോൺ വാങ്ങാൻ കാത്തിരിക്കുകയാണോ? ഇത്തവണ വില കൂടും ഓഫർ കുറയും, സ്മാർട്ട്ഫോൺ വിപണിയിൽ വൻ മാറ്റം

മെമ്മറി ചിപ്പ് വില ഉയരുന്നത് നേരിട്ട് ഫോണുകളുടെ നിർമാണച്ചെലവിനെ ബാധിക്കും

രാജ്യത്തെ സ്മാർട്ട്ഫോൺ വിപണിക്ക് ഇത്തവണത്തെ ഉത്സവകാലം പതിവുപോലെ അത്ര ലാഭകരമാകില്ലെന്ന് റിപ്പോർട്ട്. മെമ്മറി ചിപ്പുകളുടെ വില ഉയരുന്നതും ഉൽപ്പാദനച്ചെലവ് വർധിക്കുന്നതും ഡിസ്കൗണ്ടുകൾ കുറയുന്നതുമാണ് വിപണിയെ സ്വാധീനിക്കുന്നത്. റിയൽ‌മി , ഓപ്പോ, വിവോ, സാംസങ്, വൺപ്ലസ്, ആപ്പിൾ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളെല്ലാം വിലനിർണയത്തിൽ കൂടുതൽ സമ്മർദ്ദം നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഉത്സവ സീസണിൽ സാധാരണയായി വലിയ ഓഫറുകളും വിലക്കുറവുകളും ക്യാഷ്ബാക്കുകളും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് സ്മാർട്ട്ഫോൺ കമ്പനികളും ഓൺലൈൻ പ്ലാറ്റ്ഫോമുകളും പ്രഖ്യാപിക്കാറുള്ളത്. എന്നാൽ ഇത്തവണ അത്തരം ആകർഷകമായ ഡീലുകളുടെ വ്യാപ്തി കുറയാൻ സാധ്യതയുണ്ട്. പ്രധാന കാരണം സ്മാർട്ട്ഫോണുകളിൽ നിർണായകമായ ഘടകങ്ങളായ DRAM, NAND എന്നിവ ഉൾപ്പെടെയുള്ള മെമ്മറി ചിപ്പുകളുടെ വിലയിലുണ്ടായ വർധനയാണ്.

മെമ്മറി ചിപ്പ് വില ഉയരുന്നത് നേരിട്ട് ഫോണുകളുടെ നിർമാണച്ചെലവിനെ ബാധിക്കും. അതിനാൽ കമ്പനികൾക്ക് നിലവിലെ വിലയിൽ തന്നെ വലിയ ഡിസ്കൗണ്ടുകൾ നൽകുന്നത് കൂടുതൽ ബുദ്ധിമുട്ടാകും. ഇതോടെ ചില മോഡലുകളുടെ വില വർധിപ്പിക്കുകയോ, നേരത്തെ ലഭിച്ചിരുന്ന ഓഫറുകൾ പരിമിതപ്പെടുത്തുകയോ ചെയ്യാനുള്ള സാധ്യതയാണ് വിപണി നേരിടുന്നത്.

വില ഉയർത്തുന്നത് ഉപഭോക്തൃ ഡിമാൻഡിനെ ബാധിക്കുമെന്നതിനാൽ കമ്പനികൾക്ക് മുന്നിലുള്ളത് എളുപ്പമുള്ള തീരുമാനമല്ല. പ്രത്യേകിച്ച് ഉത്സവകാല വില്പന സ്മാർട്ട്ഫോൺ കമ്പനികൾക്ക് നിർണായകമായ സമയമാണ്. അതുകൊണ്ടുതന്നെ വില വർധനയും ഓഫർ കുറയ്ക്കലും തമ്മിൽ കമ്പനികൾ സൂക്ഷ്മമായ സന്തുലനം പാലിക്കേണ്ടിവരും.

പ്രീമിയം വിഭാഗത്തിലും സാഹചര്യം വ്യത്യസ്തമല്ല. ആപ്പിൾ, സാംസങ്, വൺപ്ലസ് തുടങ്ങിയ ബ്രാൻഡുകളുടെ ഉയർന്ന വിലയുള്ള മോഡലുകൾ വാങ്ങുന്ന ഉപഭോക്താക്കളും വിലയും ഓഫറുകളും കൂടുതൽ ശ്രദ്ധിക്കാൻ സാധ്യതയുണ്ട്. അതേസമയം റിയൽമി , ഓപ്പോ, വിവോ തുടങ്ങിയ ബ്രാൻഡുകൾ ശക്തമായ വിലമത്സരമുള്ള വിഭാഗങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഇവിടെ ചെറിയ വില വർധന പോലും ഉപഭോക്താക്കളുടെ വാങ്ങൽ തീരുമാനത്തെ സ്വാധീനിക്കാം.

അതുകൊണ്ട് തന്നെ ഈ ഉത്സവകാലത്ത് പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ പദ്ധതിയിടുന്നവർക്ക് കഴിഞ്ഞ വർഷങ്ങളിലേതുപോലെ വൻ വിലക്കുറവ് ലഭിക്കണമെന്നില്ല. ഫോണുകളുടെ വില, ബാങ്ക് ഓഫറുകൾ, എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ എന്നിവ താരതമ്യം ചെയ്തശേഷം വാങ്ങുന്നത് ഉപഭോക്താക്കൾക്ക് കൂടുതൽ പ്രധാനമാകുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.

Content Highlights: Smartphone Prices May Rise as Memory Costs Surge and Festive Discounts Shrink

To advertise here,contact us