എല്ലാം ഒത്തുതീർപ്പാക്കി; സെബിക്ക് 1.5 കോടി പിഴയടച്ച് കമ്പനികൾക്കെതിരായ കേസ് അവസാനിപ്പിച്ച് അദാനി

ഫെബ്രുവരി 2024ലാണ് സെബി ഈ കമ്പനികൾക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്

തങ്ങളുടെ അഞ്ച് കമ്പനികൾക്കെതിരെ സെബി എടുത്ത കേസുകളിലെ വിധിനിർണ്ണയ നടപടികൾ ഒത്തുതീർപ്പാക്കി അദാനി ഗ്രൂപ്പ്. ഒന്നര കോടി രൂപ പിഴയടച്ചതാണ് കേസ് ഒത്തുതീർപ്പാക്കിയത്. ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് അനുബന്ധ കക്ഷി ഇടപാടുകൾ വെളിപ്പെടുത്തുന്നതിൽ അടക്കം വരുത്തിയ വീഴ്ചകളിലെ നടപടികളാണ് അദാനി ഗ്രൂപ്പ് പിഴയടച്ച് ഒത്തുതീർപ്പാക്കിയത്.

അദാനി എന്റർപ്രൈസസ്, അദാനി ടോട്ടൽ ഗ്യാസ്, AWL അഗ്രി ബിസിനസ്, അദാനി ഗ്രീൻ എനർജി, അദാനി എനർജി സൊല്യൂഷൻസ് തുടങ്ങിയ കമ്പനികൾക്കെതിരായ കേസാണ് ഒത്തുതീർപ്പായത്. ഒത്തുതീർപ്പ് വ്യവസ്ഥകൾ പ്രകാരം അദാനി എന്റർപ്രൈസസ് 76.05 ലക്ഷം രൂപയും അദാനി ഗ്രീൻ എനർജി 45.50 ലക്ഷം രൂപയും അദാനി ടോട്ടൽ ഗ്യാസ്, AWL അഗ്രി ബിസിനസ്, അദാനി എനർജി സൊല്യൂഷൻസ് എന്നീ കമ്പനികൾ 9.75 ലക്ഷം രൂപയുമാണ് പണമടച്ചത്.

ഫെബ്രുവരി 2024ലാണ് സെബി ഈ കമ്പനികൾക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. 2012-13 സാമ്പത്തിക വർഷത്തെ വാർഷിക റിപ്പോർട്ടിൽ, അദാനി എന്റർപ്രൈസസ് അതിന്റെ അനുബന്ധ കമ്പനിയായ അദാനി എസ്റ്റേറ്റ്‌സും വക്കോദർ ഇൻവെസ്റ്റ്‌മെന്റും തമ്മിലുള്ള ഇടപാടുകൾ വെളിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടുവെന്നും ഇത് മുൻ ലിസ്റ്റിംഗ് കരാറിന്റെ ലംഘനമാണെന്നും ആരോപിച്ചായിരുന്നു നോട്ടീസ് നൽകിയത്. 2015 ,2017 ,2021 വർഷങ്ങളിൽ യോഗ്യതയില്ലാത്ത ഓഡിറ്റ് കമ്പനികളെക്കൊണ്ട് റിപ്പോർട്ടുകളിൽ ഒപ്പുവെപ്പിച്ചുവെന്നും കണ്ടെത്തലുണ്ട്. ഈ കുറ്റങ്ങൾ എല്ലാം അദാനി ഗ്രൂപ്പ് സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്തിരുന്നില്ല. പിന്നാലെയാണ് ഒത്തുതീർപ്പ് ഉണ്ടായത്.

ഹിൻഡൻബർഗ് വെളിപ്പെടുത്തലിന് പിന്നാലെയാണ് നടപടികൾ ആരംഭിച്ചത്. വെളിപ്പെടുത്തലിൽ വ്യക്തമായ തെളിവുകൾ ഒന്നും കണ്ടെത്താത്തതിനാൽ സെബി അദാനി ഗ്രൂപ്പ് കമ്പനികൾക്ക് ക്ളീൻ ചിറ്റ് നൽകിയിരുന്നു.ദശാബ്ദങ്ങളായി അദാനിയുടെ കമ്പനി സ്റ്റോക്കിൽ കൃത്രിമത്വം കാട്ടിയിട്ടുണ്ടെന്നും അക്കൗണ്ട് തട്ടിപ്പിൽ ഏർപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു ഹിൻഡൻബർഗ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ന്യായമായതിലും 85 ശതമാനത്തോളം ഉയർന്ന തുകയിലാണ് അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടികാട്ടിയിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നെന്നും ആരോപണം ഉയർന്നിരുന്നു.

Content Highlights: Adani Group has settled SEBI adjudication proceedings involving five of its companies by paying a ₹1.5 crore penalty. The proceedings concerned disclosure lapses, including disclosures related to related party transactions in connection with matters raised around the Hindenburg report.

To advertise here,contact us