ന്യൂഡൽഹി: ഭക്ഷ്യവസ്തുക്കൾക്ക് സമാനമായി ഇനിമുതൽ സോപ്പ്, ഷാംപൂ, ടൂത്ത്പേസ്റ്റ് തുടങ്ങിയ സൗന്ദര്യവർദ്ധക-വ്യക്തിഗത ശുചിത്വ ഉൽപ്പന്നങ്ങളിലും വെജിറ്റേറിയൻ, നോൺ-വെജിറ്റേറിയൻ ലേബലുകൾ കേന്ദ്ര സർക്കാർ നിർബന്ധമാക്കി. ഉൽപ്പന്നങ്ങൾ സസ്യ വസ്തുക്കള്‍ മാത്രം ഉപയോഗിച്ച് നിർമ്മിച്ചതാണോ അതോ മൃഗക്കൊഴുപ്പ് ഉൾപ്പെടെയുള്ള ഘടകങ്ങൾ അടങ്ങിയതാണോ എന്ന് ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ തിരിച്ചറിയാനാണ് പാക്കറ്റുകളിൽ പച്ച, ചുവപ്പ്/തവിട്ട് അടയാളങ്ങൾ നിർബന്ധമാക്കിയത്. ഇതിനായി 2011-ലെ ലീഗൽ മെട്രോളജി (പാക്കേജ്ഡ് കമ്മോഡിറ്റീസ്) ചട്ടങ്ങളിൽ വരുത്തിയ ഭേദഗതി ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു.
പുതിയ നിയമപ്രകാരം പൂർണ്ണമായും സസ്യജന്യമായ ഉൽപ്പന്നങ്ങൾക്ക് പച്ച നിറത്തിലുള്ള വൃത്താകൃതിയിലുള്ള ചിഹ്നവും (Green Dot), മൃഗങ്ങളിൽ നിന്നുള്ള ഘടകങ്ങൾ അടങ്ങിയവയ്ക്ക് ചുവപ്പോ തവിട്ടോ നിറത്തിലുള്ള ചിഹ്നവും (Red/Brown Dot) നൽകണം. ഉപഭോക്താക്കൾ സാധനങ്ങൾ വാങ്ങുമ്പോൾ വ്യക്തമായി കാണത്തക്കവിധം പാക്കറ്റിന്റെ പ്രധാന ഡിസ്പ്ലേ പാനലിന്റെ മുകൾഭാഗത്താണ് ഈ അടയാളം പതിപ്പിക്കേണ്ടത്.
മൃഗക്കൊഴുപ്പടങ്ങിയ ഗ്ലിസറിൻ, കൊളാജൻ തുടങ്ങിയ ചേരുവകൾ ഉപയോഗിക്കാൻ താല്പര്യപ്പെടാത്തവർക്കും സസ്യാഹാര തത്വങ്ങൾ പാലിക്കുന്നവർക്കും വലിയ ആശ്വാസമാകുന്ന ഈ നടപടി, വിപണിയിലെ ഉപഭോക്തൃ തിരഞ്ഞെടുപ്പുകൾ കൂടുതൽ സുതാര്യമാക്കാൻ സഹായിക്കും.
Content highlights: Consumers will now be able to identify whether soaps and toothpaste are vegetarian or non-vegetarian through mandatory labeling requirements. The move is aimed at providing greater transparency about the ingredients used in personal care products and helping consumers make informed purchasing decisions.