വനിതകൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര ഒരുക്കുന്ന 'വെട്രിപയണം' പദ്ധതിയുടെ വ്യാപിപ്പിക്കുന്നതിന് മുന്നോടിയായി യോഗം വിളിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. ഒക്ടോബർ രണ്ടിനാണ് പദ്ധതിയുടെ പുതിയ ഘട്ടം ആരംഭിക്കുക. സാധാരണ ബസുകൾക്ക് പുറമെ എക്സ്പ്രസ്സ്, ലിമിറ്റഡ് സ്റ്റോപ്പ്, ഡീലക്സ്, മലയോര പ്രദേശങ്ങളിൽ സർവീസ് നടത്തുന്ന ഓർഡിനറി ബസുകൾ എന്നിവയിലാണ് സൗജന്യ യാത്ര വ്യാപിപ്പിച്ചിരിക്കുന്നത്.
12,692 ബസുകളാണ് പദ്ധതിയുടെ കീഴിൽ വരിക. ഏകദേശം 84 ലക്ഷം വനിതകൾക്കാണ് ദിവസേനയുള്ള ഈ സൗജന്യ യാത്ര പ്രയോജനപ്പെടുക. ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനുമായി പദ്ധതിയിൽ ഉൾപ്പെട്ട ബസുകളെ സംയോജിപ്പിക്കുന്ന പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞു. സെപ്റ്റംബർ 25ന് മുൻപായി പരിശോധനകൾ പൂർത്തിയാക്കാനും സെപ്റ്റംബർ 27ന് ട്രയൽ റൺ പൂർത്തിയാക്കാനുമാണ് സർക്കാരിന്റെ പദ്ധതി.
അതേസമയം, സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി നൂറ് ദിവസം പൂർത്തിയാക്കി പ്രിയദർശിനി പദ്ധതിയിലൂടെ ജൂൺ 15 മുതൽ സെപ്റ്റംബർ 19 വരെ 12.54 കോടി സൗജന്യ ടിക്കറ്റുകൾ വിതരണം ചെയ്തതായി സർക്കാർ അറിയിച്ചു. പദ്ധതിയുടെ കണക്കുകൾ സർക്കാർ പുറത്തുവിട്ടു. വിതരണം ചെയ്ത സൗജന്യ ടിക്കറ്റുകളുടെ ആകെ മൂല്യം 266.53 കോടി രൂപയാണ്. പ്രതിദിനം ശരാശരി 12.93 ലക്ഷം സ്ത്രീകൾ പ്രിയദർശിനി പദ്ധതിയിലൂടെ യാത്ര ചെയ്യുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
പ്രതിദിനം വിതരണം ചെയ്യുന്ന സൗജന്യ ടിക്കറ്റുകളുടെ മൂല്യം ഏകദേശം 2.75 കോടി രൂപയാണ്. പദ്ധതിയുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് രാവിലെ മന്ത്രി സി പി ജോൺ തമ്പാനൂർ ബസ് സ്റ്റാൻഡിൽ സന്ദർശനം നടത്തി. തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ യാത്രക്കാര്‍ക്ക് മധുരം വിതരണം ചെയ്തു.
ആഘോഷങ്ങളുടെ ഭാഗമായി വൈകുന്നേരം 7.30ന് തമ്പാനൂര്‍ ചൈത്രം ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സര്‍വീസിന്റെയും ബജറ്റ് ടൂറിസം സെല്ലിനായി തയാറാക്കിയ പുതിയ സോഫ്റ്റ്വെയര്, വെയിറ്റിങ് ലിസ്റ്റ് സംവിധാനം എന്നിവയുടെയും ഔദ്യോഗിക ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും. ലക്ഷദ്വീപ് ആദ്യ യാത്രയ്ക്ക് വേണ്ടി തെരഞ്ഞെടുക്കപ്പെട്ട 10 യാത്രക്കാര്‍ക്കും ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ സംസ്ഥാനതലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാര്‍ക്കും യൂണിറ്റുകള്‍ക്കും മന്ത്രി ആദരവ് നല്‍കുമെന്ന് സിഎംഡി അറിയിച്ചു.
പുതിയ സോഫ്റ്റ്വെയര് നിലവില്‍ വരുന്നതോടെ യാത്രക്കാര്‍ക്ക് ബജറ്റ് ടൂറിസം പാക്കേജുകളുടെ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാനാകും. ഇന്ത്യന്‍ റെയില്‍വേയ്ക്ക് സമാനമായി കെഎസ്ആര്‍ടിസി ടിക്കറ്റ് റിസര്‍വേഷനിലും വെയിറ്റിങ് ലിസ്റ്റ് ഏര്‍പ്പെടുത്തുന്നതാണ് പുതുതായി ഒരുക്കുന്ന മറ്റൊരു സംവിധാനം.
Content Highlights: Tamil Nadu Chief Minister C Joseph Vijay held a meeting ahead of the expansion of the Vettripayanam scheme, which provides free bus travel for women. The new phase of the scheme will begin on October 2, extending the benefit to express, limited stop, deluxe and ordinary hill-area buses.