ഇന്ന് ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നാണ് ആപ്പിള്‍. എന്നാല്‍ അതേ ആപ്പിളിന്റെ 10 ശതമാനം ഓഹരി വെറും 800 ഡോളറിന് വിറ്റൊഴിവാക്കിയ റോണാൾഡ് വെയ്ന്റെ കഥ നിങ്ങള്‍ക്ക് അറിയാമോ? 1976 ഏപ്രിൽ ഒന്നിന് സ്റ്റീവ് ജോബ്സിനും സ്റ്റീവ് വോസ്നിയാക്കിനുമൊപ്പം ചേർന്ന് ആപ്പിൾ കമ്പ്യൂട്ടർ കമ്പനി സ്ഥാപിച്ച വ്യക്തിയാണ് റൊണാൾഡ് വെയ്ൻ. ജോബ്സിനും വോസ്നിയാക്കിനും 45 ശതമാനം വീതവും വെയ്ന്‍ 10 ശതമാനവുമായിരുന്നു ഓഹരി പങ്കാളിത്തം. ആപ്പിളിന്റെ ആദ്യ പാർട്ണർഷിപ്പ് കരാർ തയ്യാറാക്കിയതും പ്രഥമ ലോഗോ രൂപകൽപ്പന ചെയ്തതും വെയ്ൻ ആയിരുന്നു.
എന്നാൽ കമ്പനി ആരംഭിച്ച് 12 ദിവസത്തിനുള്ളിൽ അദ്ദേഹം ആപ്പിളിൽ നിന്ന് പടിയിറങ്ങി. അക്കാലത്ത് ജനറൽ പാർട്ണർഷിപ്പ് രീതിയിലായിരുന്നതിനാൽ കമ്പനിക്ക് ബാധ്യതയുണ്ടായാൽ പങ്കാളികളുടെ വ്യക്തിഗത സ്വത്തുക്കൾ വരെ നഷ്ടപ്പെടുമെന്ന സാമ്പത്തിക ആശങ്കയായിരുന്നു കാരണം. തുടർന്ന് തന്റെ 10 ശതമാനം ഓഹരിക്ക് 800 ഡോളർ സ്വീകരിച്ച് വെയ്ൻ പടിയിറങ്ങി. പിന്നീട് കമ്പനിയിലുള്ള ഭാവി അവകാശങ്ങൾ പൂർണ്ണമായി ഉപേക്ഷിച്ചുകൊണ്ട് 1,500 ഡോളർ കൂടി അദ്ദേഹം കൈപ്പറ്റി. അതായത് ആകെ ലഭിച്ചത് 2,300 ഡോളർ.
ഇന്നത്തെ ആപ്പിളിന്റെ വിപണിമൂല്യം വെച്ച് നോക്കുമ്പോൾ ഈ 10 ശതമാനം ഓഹരിക്ക് 400 ബില്യൺ ഡോളറിലേറെ മൂല്യം കണക്കാക്കാം. എങ്കില്‍ വെയിന്‍ പോയതിന് ശേഷമുള്ള വർഷങ്ങളിൽ വന്ന വൻകിട നിക്ഷേപങ്ങൾ, പുതിയ ഷെയറുകൾ, സ്റ്റോക്ക് സ്പ്ലിറ്റുകൾ എന്നിവ വഴി സംഭവിച്ചേക്കാമായിരുന്ന ഓഹരി ഡൈലൂഷന്‍ എന്നിവയെല്ലാം കണക്കിലെടുക്കുമ്പോൾ ഈ തുക പൂർണ്ണമായും കൃത്യമാകണമെന്നില്ല. അന്ന് തന്റെ മുന്നിലുണ്ടായിരുന്ന വലിയ സാമ്പത്തിക റിസ്ക് ഒഴിവാക്കാൻ എടുത്ത യുക്തിസഹമായ തീരുമാനമായിരുന്നു അതെന്നും, അതിൽ തനിക്കിന്ന് യാതൊരു പശ്ചാത്താപവുമില്ലെന്നുമാണ് റൊണാൾഡ് വെയ്ൻ പിന്നീട് വ്യക്തമാക്കിയത്.
Content Highlights: Ronald Wayne, one of Apple’s early co-founders, sold his 10% stake in the company for $800 in 1976. Wayne has said he was concerned about potential financial liability associated with the new venture and decided to exit. The stake he sold would later have been worth billions of dollars, making the decision a notable episode in Apple’s history.