'വരുമാനത്തിലോ ഇൻസന്റീവിലോ കുറവ് വരരുത്,ഞങ്ങളിൽ നിന്ന് ഫീസ് ഈടാക്കരുത്'; UPI ഫീസിൽ ആശങ്കയുമായി ഗിഗ് തൊഴിലാളികൾ

യുപിഐ ഫീസിൽ രാജ്യമൊട്ടാകെ ആശങ്ക നിലനിൽക്കെയാണ് ഗിഗ് തൊഴിലാളികളുടെ ഈ നീക്കം.

യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തുന്ന നടപടിയിൽ ആശങ്കയറിയിച്ച് ഗിഗ് തൊഴിലാളികൾ. തങ്ങളുടെ വരുമാനത്തിൽ നിന്ന് എംഡിആർ ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഗിഗ് തൊഴിലാളികളുടെ കൂട്ടായ്മ കേന്ദ്രസർക്കാരിനോടും റിസർവ് ബാങ്കിനോടും ദേശീയ പേയ്‌മെന്റ് കോർപ്പറേഷനോടും ആവശ്യപ്പെട്ടു. യുപിഐ ഫീസിൽ രാജ്യമൊട്ടാകെ ആശങ്ക നിലനിൽക്കെയാണ് ഗിഗ് തൊഴിലാളികളുടെ ഈ നീക്കം.

എംഡിആർ തുക ക്യാബ്, ഓട്ടോ ഡ്രൈവർമാർ, ഡെലിവറി തൊഴിലാളികൾ തുടങ്ങിയ ഗിഗ് തൊഴിലാളികളിൽ നിന്ന് ഈടാക്കരുത് എന്നും ചെലവുകൾ തങ്ങൾക്ക് കൈമാറരുത് എന്നുമാണ് ആവശ്യം. എംഡിആറിന്റെ ഫലമായി തൊഴിലാളികൾക്ക് വരുമാനത്തിൽ കുറവ് വരാൻ പാടില്ല. ഇൻസെന്റീവുകളിലും സെറ്റിൽമെന്റ് ചാർജുകളിലും അധിക പ്ലാറ്റ്‌ഫോം ഫീസ്, ഹിഡൻ കമ്മീഷൻ എന്നിവയിലും കുറവ് വരാൻ പാടില്ല എന്നും ഗിഗ് തൊഴിലാളികൾ പറഞ്ഞു. ആരാണ് അധിക തുക നൽകേണ്ടത്, തൊഴിലാളികൾക്ക് വരുമാനത്തിൽ കുറവുണ്ടാകുമോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വേണമെന്നും ഗിഗ് തൊഴിലാളികൾ പറഞ്ഞു.

അതേസമയം, യുപിഐ ഫീസിൽ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയരുമ്പോഴും ഒരിഞ്ച് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ.പ്രതിപക്ഷവും സംഘപരിവാർ അനുഭാവ സംഘടനകളും എതിർപ്പുയർത്തിയിട്ടും പിന്നോട്ടില്ല എന്നുതന്നെയാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. ആരുടേയും സ്വാധീനം ഇല്ലാതെ കേന്ദ്രം സ്വതന്ത്രമായാണ് ഈ തീരുമാനമെടുത്തത് എന്നും എല്ലാവരെയും ഉൾക്കൊള്ളുന്നതും, താങ്ങാനാവുന്നതുമായ ഒരു ഡിജിറ്റൽ പേയ്‌മെന്റ് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനമെന്നും കേന്ദ്രം വിശദീകരിച്ചു.

ബിജെപി-ആർഎസ്എസ് അനുഭാവ സംഘടനകളിൽ നിന്നുവരെ വിയോജിപ്പ് ഉയരുന്നതിന് പിന്നാലെയും കൂടിയാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. ആർഎസ്എസ് തിങ്ക് ടാങ്ക് 'സ്വദേശി ജാഗരൺ മഞ്ചി'ന്റെ കോ കൺവീനർ അശ്വനി മഹാജൻ നേരത്തെ യുപിഐ ഫീസിനെതിരെ രംഗത്തുവന്നിരുന്നു. അനുചിതമായ തീരുമാനമെന്നും മോദി സർക്കാർ അവ പുനഃപരിശോധിക്കണം എന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. യുപിഐ ബാങ്കുകളുടെ ഇടപാട് ചെലവ് കുറച്ചു. ഉപയോഗം ഇല്ലാത്തതിനാൽ നിരവധി എടിഎമ്മുകളാണ് അടച്ചുപൂട്ടിയത്. സീറോ-എംഡിആർ സംവിധാനത്തിൽ ബാങ്കുകൾ സന്തുഷ്ടരായിരിക്കണം എന്നും അദ്ദേഹം പറഞ്ഞു. ഇടത്തരം-ചെറുകിട കച്ചവടക്കാർ ഉൾപ്പെടുന്ന 'ലഘു ഉദ്യോഗ് ഭാരതി' എന്ന ആർഎസ്എസ് അനുകൂല സംഘടനയും യുപിഐ ഫീസ് വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു.

പ്രതിപക്ഷവും രൂക്ഷവിമർശനമാണ് വിഷയത്തിൽ ഉന്നയിക്കുന്നത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കം നിരവധി നേതാക്കൾ യുപിഐ ഫീസിനെതിരെ രംഗത്തുവന്നിരുന്നു. യുപിഐ ഫീസ് പിൻവലിക്കണമെന്നും കേന്ദ്രസർക്കാർ ഓരോ ഇന്ത്യക്കാരന്റെയും മുകളിൽ നികുതി ഭാരം അടിച്ചേൽപ്പിക്കുകയാണ് എന്നുമാണ് രാഹുൽ ഗാന്ധി പറഞ്ഞത്. യുഎസിന് വൻ തുക പണമായി നൽകാനാണ് നീക്കമെന്നും ട്രംപിനെ പ്രീതിപ്പെടുത്താനാണ് സേവന ചാർജ് ഈടാക്കിയത് എന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

ഒക്ടോബർ 15നാണ് യുപിഐക്ക് എംഡിആർ ഏർപ്പെടുത്തിയ നടപടി പ്രാബല്യത്തിൽ വരിക. യുപിഐ വഴി 2,000 രൂപയില്‍ കൂടുതല്‍ ലഭിക്കുന്ന പേയ്മെന്റുകള്‍ക്ക് വ്യാപാരികള്‍ 0.4 ശതമാനം ഫീസ് നല്‍കേണ്ടിവരുമെന്ന് നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. 2,000 രൂപ വരെയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് യാതൊരുവിധ നിരക്കുകളും ഈടാക്കില്ല എന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയിരുന്നു.

Content Highlights: Gig workers have raised concerns over the possibility of fees being imposed on UPI transactions. Their collective has urged the central government, RBI and NPCI to ensure that any such charges are not deducted from workers’ earnings

To advertise here,contact us