കീറിയതോ മുഷിഞ്ഞതോ കേടുപാടുകൾ സംഭവിച്ചതോ ആയ കറൻസി നോട്ടുകൾ കൈവശം വന്നാൽ ആരും ആശങ്കപ്പെടേണ്ടതില്ല. ഇത്തരം നോട്ടുകൾ മാറ്റിയെടുക്കുന്നത് സംബന്ധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് കൃത്യമായ മാർഗനിർദേശങ്ങളുണ്ട്. സാധാരണ ഉപയോഗത്തിനിടെ മുഷിഞ്ഞുപോയതോ ചെറിയ രീതിയിൽ കേടുവന്നതോ ആയ നോട്ടുകൾ എല്ലാ ബാങ്ക് കൗണ്ടറുകളിലും നേരിട്ട് സ്വീകരിക്കണമെന്നാണ് ആർബിഐ ചട്ടം. നോട്ടിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടതോ രണ്ടിലധികം കഷണങ്ങളായതോ ആയ മ്യൂട്ടിലേറ്റഡ് നോട്ടുകളും ബാങ്ക് ശാഖകളിൽ സമർപ്പിച്ച് മാറ്റിയെടുക്കാവുന്നതാണ്.
'നോട്ട് റീഫണ്ട് റൂൾസ് 2009' പ്രകാരം വാട്ടർമാർക്ക്, സീരിയൽ നമ്പർ തുടങ്ങിയ പ്രധാന സുരക്ഷാ ഘടകങ്ങൾ പരിശോധിച്ച ശേഷമാണ് ബാങ്കുകൾ ഇതിന്റെ മൂല്യം നിശ്ചയിച്ച് പണം നൽകുന്നത്. എന്നാൽ തീപിടിച്ച് കരിഞ്ഞുപോയതോ അങ്ങേയറ്റം ജീർണിച്ച് പരസ്പരം ഒട്ടിപ്പിടിച്ചതോ ആയ നോട്ടുകൾ സാധാരണ ബാങ്ക് ശാഖകളിൽ സ്വീകരിക്കില്ല.
മാനദണ്ഡങ്ങൾ പാലിക്കുന്ന കേടായ നോട്ടുകൾ മാറ്റിയെടുക്കാൻ ബാങ്ക് വിസമ്മതിക്കുകയാണെങ്കിൽ ഉപഭോക്താക്കൾക്ക് പരാതിപ്പെടാൻ നിയമപരമായ വഴികളുണ്ട്. ഇതിനായി ആദ്യം ബന്ധപ്പെട്ട ബാങ്കിൽത്തന്നെ രേഖാമൂലം പരാതി സമർപ്പിക്കണം. പരാതി നൽകി 30 ദിവസത്തിനകം തൃപ്തികരമായ മറുപടിയോ പരിഹാരമോ ലഭിച്ചില്ലെങ്കിൽ ഉപഭോക്താക്കൾക്ക് സൗജന്യമായി ആർബിഐ ഒംബുഡ്സ്മാനെ സമീപിക്കാം.
ഓൺലൈൻ സംവിധാനങ്ങൾക്ക് പുറമെ crpc@rbi.org.in എന്ന ഇ-മെയിൽ വിലാസത്തിലേക്കോ 'Centralised Receipt and Processing Centre, Reserve Bank of India, Central Vista, Sector 17, Chandigarh – 160017' എന്ന തപാൽ വിലാസത്തിലേക്കോ പരാതികൾ അയക്കാവുന്നതാണ്. പരാതി സമർപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനും മാർഗനിർദേശങ്ങൾക്കുമായി 14448 എന്ന ടോൾ ഫ്രീ നമ്പറിലും ഉപഭോക്താക്കൾക്ക് ബന്ധപ്പെടാം.
Content Highlights: RBI rules provide a mechanism for exchanging soiled, torn and mutilated banknotes through banks. Customers can approach bank branches for exchange, subject to the applicable rules and assessment of the note.