സിനിമാ ടിക്കറ്റിന് ക്യാഷ് വേണ്ട യുപിഐ മതിയെന്ന് പിവിആർ, കേസ് കൊടുത്ത് ഉപഭോക്താവ്, നിയമം പറയുന്നതിങ്ങനെ

സിനിമയ്ക്കിടെ ഭക്ഷണവും പാനീയങ്ങളും വാങ്ങിയപ്പോഴും ക്യാഷ് സ്വീകരിച്ചില്ലെന്നും 420 രൂപ യുപിഐ വഴി നൽകേണ്ടിവന്നെന്നും അദ്ദേഹം ആരോപിക്കുന്നു

സിനിമാ ടിക്കറ്റെടുക്കാൻ എത്തിയപ്പോൾ കൈയിലുണ്ടായിരുന്ന ക്യാഷ് സ്വീകരിക്കാതെ യുപിഐ വഴി പണമടയ്ക്കാൻ ആവശ്യപ്പെട്ടെന്ന പരാതിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. അഹമ്മദാബാദിലെ പിവിആർ ഐനോക്സിനെതിരെ ഗുജറാത്ത് ഹൈക്കോടതി അഭിഭാഷകൻ ഉത്കർഷ് ഡേവ് നിയമനോട്ടീസ് അയച്ചതായാണ് റിപ്പോർട്ട്.

അഹമ്മദാബാദിലെ പാലാഡിയം മാളിലുള്ള പിവിആർ ഐനോക്സിൽ സെപ്റ്റംബർ 13ന് സിനിമ കാണാനെത്തിയപ്പോഴാണ് സംഭവമുണ്ടായതെന്നാണ് അഭിഭാഷകന്റെ ആരോപണം. സിനിമാ ടിക്കറ്റിനായി 475 രൂപ ക്യാഷായി നൽകാൻ ശ്രമിച്ചെങ്കിലും ജീവനക്കാർ പണം സ്വീകരിക്കാൻ തയ്യാറായില്ലെന്നും പകരം യുപിഐ വഴി പണമടയ്ക്കാൻ ആവശ്യപ്പെട്ടെന്നും നിയമനോട്ടീസിൽ പറയുന്നു. പിന്നീട് സിനിമയ്ക്കിടെ ഭക്ഷണവും പാനീയങ്ങളും വാങ്ങിയപ്പോഴും ക്യാഷ് സ്വീകരിച്ചില്ലെന്നും 420 രൂപ യുപിഐ വഴി നൽകേണ്ടിവന്നെന്നും അദ്ദേഹം ആരോപിക്കുന്നു.

ഇതോടെയാണ് പ്രധാന ചോദ്യം ഉയരുന്നത്, ഇന്ത്യയിൽ നിയമപരമായി അംഗീകരിച്ച ക്യാഷ് പേയ്മെന്റ് ഒരു സ്വകാര്യ സ്ഥാപനത്തിന് നിരസിക്കാനാകുമോ? റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ബാങ്ക് നോട്ടുകൾ ഇന്ത്യയിൽ നിയമപരമായ പണമിടപാട് മാർഗമാണ്. എന്നാൽ അതുകൊണ്ട് എല്ലാ സ്വകാര്യ സ്ഥാപനങ്ങളും എല്ലാ സാഹചര്യങ്ങളിലും ക്യാഷ് നിർബന്ധമായും സ്വീകരിക്കണമെന്നില്ല. സ്ഥാപനത്തിന്റെ പേയ്മെന്റ് നയം, ഉപഭോക്താവിന് നൽകിയ മുൻകൂർ അറിയിപ്പ്, സേവനം നൽകുന്നതിനുള്ള നിബന്ധനകൾ തുടങ്ങിയ കാര്യങ്ങളും വിഷയത്തിൽ പ്രസക്തമാണ്.

യുപിഐ ഉപയോഗിക്കാൻ കഴിയാത്തവർ, സ്മാർട്ട്ഫോൺ ഇല്ലാത്തവർ, ഡിജിറ്റൽ പേയ്മെന്റ് സൗകര്യമില്ലാത്തവർ എന്നിവർക്ക് എന്ത് സംഭവിക്കും എന്ന ചോദ്യവും നിയമനോട്ടീസിൽ ഉന്നയിച്ചിട്ടുണ്ട്. ക്യാഷ് സ്വീകരിക്കില്ലെന്ന നയം നിലവിലുണ്ടെങ്കിൽ അത് ഉപഭോക്താക്കളെ മുൻകൂട്ടി വ്യക്തമായി അറിയിച്ചിരുന്നോ എന്നതും പരിശോധിക്കേണ്ട വിഷയമാണെന്നാണ് പരാതിക്കാരന്റെ നിലപാട്.

അതേസമയം, പിവിആർ ഐനോക്സ് ക്യാഷ് സ്വീകരിക്കുന്നില്ലെന്ന ആരോപണം നിഷേധിച്ചിട്ടുണ്ട്.

തങ്ങളുടെ തിയേറ്ററുകളിൽ ക്യാഷ് ഉൾപ്പെടെയുള്ള വിവിധ പേയ്മെന്റ് രീതികൾ സ്വീകരിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. ക്യാഷായി നൽകുന്ന തുക റീഫണ്ടബിൾ ഡിജിറ്റൽ കാർഡിലേക്ക് മാറ്റാനുള്ള സംവിധാനവും ലഭ്യമാണെന്നും, ഉപയോഗം കഴിഞ്ഞാൽ ബാക്കിയുള്ള തുക തിരികെ ലഭിക്കുമെന്നും പിവിആർ ഐനോക്സ് വിശദീകരിച്ചു.

നിയമനോട്ടീസിന് ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കിൽ ഉപഭോക്തൃ കമ്മീഷൻ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികാരികളെ സമീപിക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പിവിആർ ഐനോക്സ് ക്യാഷ് സ്വീകരിക്കാൻ പൂർണമായും വിസമ്മതിച്ചോ, അതോ ക്യാഷ് നൽകുന്ന ഉപഭോക്താക്കൾക്കായി കമ്പനി വ്യക്തമാക്കുന്ന മറ്റൊരു പേയ്മെന്റ് സംവിധാനം ലഭ്യമാക്കിയിരുന്നോ എന്നതിലാണ് ഇനി കൂടുതൽ വ്യക്തത വരേണ്ടത്. വിഷയത്തിൽ അന്തിമ നിയമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.

Content Hhighlights: No cash accepted! PVR INOX insists on UPI payment only; customer sends legal notice — here's what the rules say

To advertise here,contact us