യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിന് പിന്നാലെ പ്രതിഷേധവുമായി വ്യാപാരികൾ രംഗത്ത്. ഉത്തർപ്രദേശ് ഗാസിയാബാദിലെ വ്യാപാരികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. യുപിഐ സ്വീകരിക്കില്ല, കറൻസി മാത്രമേ സ്വീകരിക്കൂ എന്നെഴുതിയ ബോർഡ് സ്ഥാപിച്ചാണ് വ്യാപാരികളുടെ പ്രതിഷേധം.
ഒക്ടോബർ 15 മുതൽക്ക് യുപിഐ ഇടപാടുകൾക്ക് ഫീസ് നിലവിൽ വരാനിരിക്കെയാണ് വ്യാപാരികളുടെ പ്രതിഷേധം. വ്യാപാരികളാണ് 2000 രൂപയ്ക്ക് മുകളിൽ ഉള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് നൽകേണ്ടത്. പണം അയക്കുന്ന ഉപഭോക്താക്കൾക്ക് ഈ തീരുമാനം ബാധകമല്ല എന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും ഈ തീരുമാനത്തിന്റെ പ്രത്യാഘാതം വിലക്കയറ്റമാണ് ഉപഭോക്താക്കളെ തന്നെ ബാധിക്കും എന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. ചെറിയ കച്ചവടക്കാർക്ക് ഇത്തരം അധിക ചാർജുകൾ താങ്ങാൻ ആകില്ലെന്നും അതിനാൽ കറൻസി നൽകാനാണ് തങ്ങൾ ഇപ്പോൾ ആവശ്യപ്പെടുന്നത് എന്നും വ്യാപാരികൾ പറഞ്ഞു.
അതേസമയം, യുപിഐ ഫീസിനെതിരെ പല കോണുകളിൽ നിന്ന് പ്രതിഷേധം കനക്കവേ പ്രതികരണവുമായി ആർബിഐ ഡെപ്യൂട്ടി ഗവർണർ എസ് സി മുർമു രംഗത്തെത്തിയിരിക്കുകയാണ്.യുപിഐക്ക് ഫീസ് ഏർപ്പെടുത്തിയ നടപടി മൂലം ആരും കറൻസിയിലേക്ക് തിരിച്ചുപോകില്ലെന്നാണ് മുർമു പറയുന്നത്. ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിന്റെ ചെലവുകൾ തിരികെപ്പിടിക്കാൻ യുപിഐ ഫീസ് സഹായിക്കുമെന്നും യുപിഐ ഇടപാടുകളിലേക്ക് ആളുകൾ വ്യാപകമായി മാറിയതിനാൽ കറൻസിയിലേക്ക് ഒരു തിരിച്ചുപോക്ക് ഉണ്ടാകില്ലെന്നും മുർമു പറഞ്ഞു. യുപിഐ ഫീസ് ഒരു സ്വാധീനവും ഉണ്ടാക്കാൻ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗാൾ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ഒരു പടിപടിയിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, യുപിഐ ഫീസിൽ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയരുമ്പോഴും ഒരിഞ്ച് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ.പ്രതിപക്ഷവും സംഘപരിവാർ അനുഭാവ സംഘടനകളും എതിർപ്പുയർത്തിയിട്ടും പിന്നോട്ടില്ല എന്നുതന്നെയാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. ആരുടേയും സ്വാധീനം ഇല്ലാതെ കേന്ദ്രം സ്വതന്ത്രമായാണ് ഈ തീരുമാനമെടുത്തത് എന്നും എല്ലാവരെയും ഉൾക്കൊള്ളുന്നതും, താങ്ങാനാവുന്നതുമായ ഒരു ഡിജിറ്റൽ പേയ്മെന്റ് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനമെന്നും കേന്ദ്രം വിശദീകരിച്ചു.
ബിജെപി-ആർഎസ്എസ് അനുഭാവ സംഘടനകളിൽ നിന്നുവരെ വിയോജിപ്പ് ഉയരുന്നതിന് പിന്നാലെയും കൂടിയാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. ആർഎസ്എസ് തിങ്ക് ടാങ്ക് 'സ്വദേശി ജാഗരൺ മഞ്ചി'ന്റെ കോ കൺവീനർ അശ്വനി മഹാജൻ നേരത്തെ യുപിഐ ഫീസിനെതിരെ രംഗത്തുവന്നിരുന്നു. അനുചിതമായ തീരുമാനമെന്നും മോദി സർക്കാർ അവ പുനഃപരിശോധിക്കണം എന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. യുപിഐ ബാങ്കുകളുടെ ഇടപാട് ചെലവ് കുറച്ചു. ഉപയോഗം ഇല്ലാത്തതിനാൽ നിരവധി എടിഎമ്മുകളാണ് അടച്ചുപൂട്ടിയത്. സീറോ-എംഡിആർ സംവിധാനത്തിൽ ബാങ്കുകൾ സന്തുഷ്ടരായിരിക്കണം എന്നും അദ്ദേഹം പറഞ്ഞു. ഇടത്തരം-ചെറുകിട കച്ചവടക്കാർ ഉൾപ്പെടുന്ന 'ലഘു ഉദ്യോഗ് ഭാരതി' എന്ന ആർഎസ്എസ് അനുകൂല സംഘടനയും യുപിഐ ഫീസ് വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു.
Content Highlights: Traders in Uttar Pradesh's Ghaziabad have protested against the proposed UPI transaction fee by putting up boards stating that they will not accept UPI payments and will accept only cash transactions.