വെള്ളക്കുപ്പിക്ക് ഏഴ് രൂപ അധികം വാങ്ങി; ക്ഷേത്രത്തിലെ കടയുടമയ്ക്ക് 7 ലക്ഷം രൂപ പിഴ

ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം പരമാവധി വിലയേക്കാൾ കൂടുതൽ തുക ഈടാക്കുന്നത് അന്യായമായ വ്യാപാര രീതിയും സേവനത്തിലെ പോരായ്മയുമാണെന്ന് കോടതി വ്യക്തമാക്കി

ആന്ധ്രാപ്രദേശിലെ പ്രശസ്തമായ ഒരു തീർത്ഥാടന കേന്ദ്രത്തിൽ 18 രൂപ വിലയുള്ള ഒരു ലിറ്റർ കുടിവെള്ളക്കുപ്പിക്ക് 7 രൂപ അധികം ഈടാക്കിയ കടയുടമയ്ക്ക് 7 ലക്ഷം രൂപ പിഴ ചുമത്തി കാക്കിനട ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. അന്നവാരത്തെ ശ്രീ വീര വെങ്കട്ട സത്യനാരായണ സ്വാമി ക്ഷേത്രത്തിനകത്ത് ലൈസൻസ് എടുത്തു പ്രവർത്തിക്കുന്ന കടയിലാണ് ഈ ഗുരുതരമായ നിയമലംഘനം നടന്നത്. നിർദ്ദിഷ്ട എം.ആർ.പി വിലയേക്കാൾ കൂടുതൽ തുക ഈടാക്കുന്നത് നിയമവിരുദ്ധമാണെന്നും തീർത്ഥാടകരെ ചൂഷണം ചെയ്യുന്ന ഇത്തരം നടപടികൾ കർശനമായി തടയണമെന്നും ചൂണ്ടിക്കാണിച്ചാണ് കോടതി ഈ വിപ്ലവകരമായ വിധി പ്രസ്താവിച്ചത്.

ഡി. വെങ്കിടേശ്വര റാവു എന്ന ഭക്തൻ 2026 ഫെബ്രുവരി 22-നാണ് അന്നവാരം ക്ഷേത്രം സന്ദർശിച്ചത്. യാത്രയ്ക്കിടയിൽ അദ്ദേഹം ക്ഷേത്ര വളപ്പിലെ ഒരു കടയിൽ നിന്ന് ഒരു ലിറ്റർ കുടിവെള്ളക്കുപ്പി വാങ്ങി. അതിന്റെ പുറത്ത് രേഖപ്പെടുത്തിയിരുന്ന പരമാവധി വില 18 രൂപയായിരുന്നുവെങ്കിലും കടയുടമ യുപിഐ വഴി 25 രൂപയാണ് ഈടാക്കിയത്. ഇതേക്കുറിച്ച് വെങ്കിടേശ്വര റാവു ചോദ്യം ചെയ്തപ്പോൾ, തനിക്ക് എം.ആർ.പി-യേക്കാൾ കൂടുതൽ വിലയ്ക്ക് വിൽക്കാൻ അധികാരമുണ്ടെന്നായിരുന്നു കടക്കാരന്റെ മറുപടി. തുടർന്ന് റാവു ക്ഷേത്ര ഭരണസമിതിക്ക് വാട്സാപ്പ് വഴി പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

ഭക്തൻ കുടിവെള്ളത്തോടൊപ്പം 20 രൂപയുടെ തണുത്ത പാനീയവും 5 രൂപയുടെ ബിസ്‌ക്കറ്റും വാങ്ങിയിരുന്നുവെന്നും അതിനാണ് 25 രൂപ വാങ്ങിയതെന്നുമായിരുന്നു കടയുടമയുടെ പ്രതിരോധം. എന്നാൽ ഈ വാദം തെളിയിക്കാൻ ആവശ്യമായ രേഖകൾ ഹാജരാക്കാൻ കടക്കാരന് കഴിഞ്ഞില്ല. പരാതിക്കാരൻ സമർപ്പിച്ച യുപിഐ പേയ്‌മെന്റ് രേഖകളും വാട്ടർ ബോട്ടിലിന്റെ ചിത്രവും പരിശോധിച്ച ഉപഭോക്തൃ കമ്മീഷൻ കടക്കാരൻ കുറ്റം ചെയ്തതായി കണ്ടെത്തുകയായിരുന്നു.

ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം പരമാവധി വിലയേക്കാൾ കൂടുതൽ തുക ഈടാക്കുന്നത് അന്യായമായ വ്യാപാര രീതിയും സേവനത്തിലെ പോരായ്മയുമാണെന്ന് കോടതി വ്യക്തമാക്കി. കേവലം 7 രൂപ മാത്രം തിരികെ നൽകാൻ ഉത്തരവിട്ടാൽ അത് ഇത്തരം നിയമലംഘനങ്ങൾക്ക് പരിഹാരമാകില്ലെന്ന് നിരീക്ഷിച്ച കോടതി 7 ലക്ഷം രൂപ 'കൺസ്യൂമർ വെൽഫെയർ ഫണ്ടിൽ' പിഴയായി നൽകണമെന്നും, പരാതിക്കാരനായ ഭക്തന് അധികം വാങ്ങിയ 7 രൂപ റീഫണ്ട് ചെയ്യണമെന്നും, മാനസിക ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരമായി 10,000 രൂപയും, കോടതി ചെലവുകൾക്കായി 5,000 രൂപയും നൽകണമെന്നും ആവശ്യപ്പെട്ടു.

ഈ തട്ടിപ്പിൽ ക്ഷേത്ര ഭരണസമിതിക്ക് നേരിട്ട് പങ്കില്ലാത്തതിനാൽ അവരെ പിഴയിൽ നിന്ന് ഒഴിവാക്കി. എങ്കിലും, ഭാവിയിൽ ഇത്തരം ചൂഷണങ്ങൾ ഒഴിവാക്കാൻ ക്ഷേത്ര വളപ്പിലെ എല്ലാ കടകളിലും സാധനങ്ങളുടെ എം.ആർ.പി വില കൃത്യമായി പ്രദർശിപ്പിക്കണമെന്നും, ഭക്തർ നിശ്ചിത വില മാത്രം നൽകിയാൽ മതിയെന്ന് മണിക്കൂർ ഇടവിട്ട് അനൗൺസ്മെന്റ് നടത്തണമെന്നും കോടതി നിർദ്ദേശിച്ചു. വിധി വന്ന് 45 ദിവസത്തിനകം തുക ഒടുക്കാത്തപക്ഷം 9 ശതമാനം വാർഷിക പലിശയും ഈടാക്കുന്നതാണ്.

Content Highlights: Andhra Pradesh consumer commission imposes ₹7 lakh penalty on a temple shop owner for overcharging ₹7 on a water bottle. A devotee was charged ₹25 for a one litre water bottle marked with an MRP of ₹18. The shop owner must deposit ₹7 lakh into the Consumer Welfare Fund and refund ₹7 to the complainant.

To advertise here,contact us