ഈ പരിപാടി നടക്കില്ലെന്ന് വിജയ് സർക്കാർ: തിരക്ക് മുതലെടുത്ത് കൊള്ള നിരക്ക് ഈടാക്കിയ ബസുകള്‍ക്ക് 10 ലക്ഷം പിഴ

കൂടുതൽ തുക ഈടാക്കിയവരിൽ നിന്ന് അത് യാത്രക്കാർക്ക് തിരികെ വാങ്ങി നൽകാനുള്ള നടപടികളും സ്വീകരിച്ചു

ചെന്നൈ: വിനായക ചതുർത്ഥി അവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് മുതലെടുത്ത് അമിത നിരക്ക് ഈടാക്കിയ 400 സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ്. വ്യാഴാഴ്ച മുതൽ ശനിയാഴ്ച പുലർച്ചെ വരെ സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയിൽ 2,379 ബസുകളാണ് പരിശോധിച്ചത്. ബസുകളിൽ നേരിട്ടെത്തി യാത്രക്കാരിൽ നിന്ന് ടിക്കറ്റ് നിരക്ക് വിവരങ്ങൾ ചോദിച്ചറിഞ്ഞ ഉദ്യോഗസ്ഥർ, കൂടുതൽ തുക ഈടാക്കിയവരിൽ നിന്ന് അത് യാത്രക്കാർക്ക് തിരികെ വാങ്ങി നൽകാനുള്ള നടപടികളും സ്വീകരിച്ചു.

നിയമലംഘനം നടത്തിയ ബസ് ഉടമകൾക്ക് നോട്ടീസുകളും ഇ-ചെല്ലാനുകളും നൽകിയതിനൊപ്പം 10.31 ലക്ഷം കോമ്പൗണ്ടിംഗ് ഫീസും ചുമത്തി. ഇതിൽ 1.60 ലക്ഷം ഇതിനകം പിഴയായി ഈടാക്കിയിട്ടുണ്ട്. കൂടാതെ, ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് തമിഴ്‌നാട്ടിൽ സർവീസ് നടത്തുന്ന ബസുകളിൽ നിന്ന് നികുതി കുടിശ്ശികയായി 15.33 ലക്ഷവും ഉദ്യോഗസ്ഥർ പിരിച്ചെടുത്തു. മതിയായ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും നികുതി അടച്ച രേഖകളുമില്ലാതെ സർവീസ് നടത്തിയ നാല് അന്തർസംസ്ഥാന ഓമ്‌നി ബസുകൾ അധികൃതർ പിടിച്ചെടുത്തു. ഈ ബസുകളിലെ യാത്രക്കാർക്ക് ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്തിച്ചേരാൻ പകരം ബസുകളും ഏർപ്പാടാക്കി.

ഓൺലൈൻ ടിക്കറ്റുകൾ റദ്ദാക്കുന്ന ബസ് ഓപ്പറേറ്റർമാർ യാത്രക്കാർക്ക് പകരം യാത്രാസൗകര്യം ഒരുക്കണമെന്നും, അല്ലാത്തപക്ഷം അവരുടെ പെർമിറ്റുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമിത നിരക്ക് തടയുന്നതിനും പെർമിറ്റ്, നികുതി, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് തുടങ്ങിയ ചട്ടലംഘനങ്ങൾ കണ്ടെത്താനുമുള്ള പ്രത്യേക വാഹന പരിശോധന സെപ്റ്റംബർ 16 വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം ഉത്സവ അവധി പ്രമാണിച്ച് ചെന്നൈയിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ലക്ഷക്കണക്കിന് ആളുകൾ ഒരേസമയം ജിഎസ്ടി റോഡ് വഴി നാടുകളിലേക്ക് തിരിച്ചതോടെ വെള്ളിയാഴ്ച രാത്രി പെരുങ്ങളത്തൂർ, വണ്ടല്ലൂർ, കിളാമ്പാക്കം, ഗൂഡുവാഞ്ചേരി വഴി പരനൂർ ടോൾ പ്ലാസ വരെ കിലോമീറ്ററുകളോളം കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.

യാത്രാതിരക്ക് പരിഹരിക്കാൻ കിളാമ്പാക്കം ബസ് ടെർമിനസിൽ നിന്ന് 1,099 സ്ഥിരം സർവീസുകളും 1,255 പ്രത്യേക സർവീസുകളും ഉൾപ്പെടെ 2,354 ബസുകൾ സർവീസ് നടത്താൻ ഗതാഗത വകുപ്പ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി മാത്രം 2,213 ബസുകൾ വിവിധ ജില്ലകളിലേക്ക് സർവീസ് നടത്തി. റിസർവിലുള്ള ബാക്കി ബസുകളിൽ നിന്നും കൂടുതൽ ബസുകൾ ശനിയാഴ്ച രാവിലെ മുതൽ നിരത്തിലിറക്കി.

സെപ്റ്റംബർ 16 വരെ കിളാമ്പാക്കം ടെർമിനസിന്റെയും മറ്റ് പ്രധാന ബസ് സ്റ്റാൻഡുകളുടെയും പ്രവർത്തനം ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് നിരീക്ഷിക്കുന്നുണ്ട്. ട്രാൻസ്‌പോർട്ട് സെക്രട്ടറി, കമ്മീഷണർ എന്നിവരുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ വിലയിരുത്തുന്നത്. എന്നാൽ, കിളാമ്പാക്കത്ത് നിന്ന് മയിലാടുതുറൈ, കുംഭകോണം എന്നീ ഭാഗങ്ങളിലേക്കുള്ള സർക്കാർ ബസുകൾ വൈകിയോടിയത് യാത്രക്കാർക്കിടയിൽ ചില അതൃപ്തികൾക്കും കാരണമായി.

Content Highlights: The Vijay government has warned buses against exploiting passenger rush by charging exorbitant fares. Buses found overcharging passengers could face fines of up to Rs 10 lakh. The move is aimed at preventing unfair fare practices during periods of high demand and ensuring that passengers are not forced to pay excessive amounts for travel.

To advertise here,contact us