'എഐ ഏജന്റുകൾ ഇന്റർനെറ്റ് കീഴടക്കും, വെറും ഒരു കൊല്ലത്തിനകം'; ആന്ത്രോപിക്ക് സിഇഒയുടെ മുന്നറിയിപ്പ്

'ആവശ്യമായ നിയന്ത്രണങ്ങൾ ഇല്ലാതെ എഐയെ അഴിച്ചുവിട്ടാൽ നാശനഷ്ടത്തിന്റെ വ്യാപ്തി വർധിച്ചുകൊണ്ടിരിക്കുകയും ചെയ്യും '

എഐ പടർന്നുപന്തലിക്കുന്നതിൽ മുന്നറിയിപ്പുമായി ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെയ്. മാസങ്ങൾക്കുള്ളിൽ ഒരു കൂട്ടം AI ഏജന്റുമാർ ഇന്റർനെറ്റിന്റെ നിയന്ത്രണം പിടിച്ചെടുക്കുമെന്നും ഒരു കൊല്ലത്തിനിടയിൽ അതുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ബ്ലോഗിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വേഗത്തിലുള്ള ഈ വളർച്ച കണക്കാക്കുമ്പോൾ 6 മുതൽ 12 മാസത്തിനുള്ളിൽ അവർക്ക് ഇന്റർനെറ്റ് മൊത്തമായിത്തന്നെ കൈവശപ്പെടുത്താൻ കഴിയും. നൂറുകണക്കിന് ബില്യൺ ഡോളറിന്റെ നഷ്ടമാണ് ഇതുണ്ടാക്കുക. ആവശ്യമായ നിയന്ത്രണങ്ങൾ ഇല്ലാതെ എഐയെ അഴിച്ചുവിട്ടാൽ നാശനഷ്ടത്തിന്റെ വ്യാപ്തി വർധിച്ചുകൊണ്ടിരിക്കുകയും ചെയ്യും എന്നാണ് ഡാരിയോ അമോഡെയ് പറഞ്ഞത്.

ഓപ്പൺ എഐയും, ഹഗ്ഗിങ് ഫേസും ഉൾപ്പെട്ട സൈബർ അറ്റാക്ക് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അമോഡെയ് ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. ജൂലൈയിലാണ് ഓപ്പൺ എഐയുടെ ഒരു എഐ ഏജന്റ് ഹഗ്ഗിങ് ഫേസ് എന്ന എഐ സ്ഥാപനത്തിൽ നുഴഞ്ഞുകയറ്റം നടത്തിയത്. എന്നാൽ ഇത് തങ്ങളുടെ എഐ ഏജന്റാണെന്ന് ഓപ്പൺ എഐ പിന്നീടാണ് അറിഞ്ഞത്. പിന്നീടുള്ള ദിവസങ്ങളിൽ ഇൻ്റേർണൽ ലോഗുകൾ പരിശോധിച്ചപ്പോഴാണ് ടെസ്റ്റിംഗ് ഇക്കോസിസ്റ്റത്തിൽ നിന്ന് എഐ ഏജന്റ് രക്ഷപ്പെട്ടതായി അവർ അറിയുന്നത്. ഇത്തരം സംഭവങ്ങൾ ഇനിയും അവർത്തിക്കപ്പെട്ടാൽ അവയുടെ പ്രത്യാഘാതങ്ങൾ വലുതായിരിക്കുമെന്നും അദ്ദേഹം പറയുന്നു.

ഇത് ആദ്യമായല്ല ആന്ത്രോപിക് ഇത്തരത്തിൽ മുന്നറിയിപ്പുമായി രംഗത്തെത്തുന്നത്. നേരത്തെ, മുൻ ആന്ത്രോപിക് ഗവേഷകനായ ജേക്കബ് കോക്സൺ കമ്പനിയിൽ നിന്ന് രാജി വെച്ചിരുന്നു. AI മനുഷ്യരാശിക്ക് അസ്തിത്വപരമായ അപകടമുണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

Content Highlights: Anthropic CEO Dario Amodei has warned that coordinated AI agents could potentially gain control over the internet within six to twelve months, urging slower AI development and stronger safety measures.

To advertise here,contact us