17 തവണ വൈകിയെത്തി; ജീവനക്കാരനെ പിരിച്ചുവിട്ട് എഐ ബോസ്

ചില ദിവസങ്ങളിൽ സ്റ്റോർ തുറക്കുന്നതിലും വലിയ താമസം ഉണ്ടായതായി റിപ്പോർട്ടുണ്ട്

തുടർച്ചയായി വൈകിയെത്തിയ ജീവനക്കാരനെ പിരിച്ചുവിട്ട് എഐ ബോസ്. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലാണ് കൗതുകകരമായ സംഭവം. എഐ ഗവേഷണ സ്റ്റാർട്ടപ്പായ ആൻഡോൺ ലാബ്സ് പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന ആൻഡോൺ മാർക്കറ്റിലാണ് എഐ മാനേജർ ജീവനക്കാരനെ പിരിച്ചുവിടാൻ ശുപാർശ ചെയ്തത്.

ഒരു യഥാർഥ ബിസിനസ് സ്ഥാപനം എഐയ്ക്ക് എത്രത്തോളം സ്വതന്ത്രമായി നടത്താനാകുമെന്ന് പരിശോധിക്കുകയാണ് ഈ പരീക്ഷണത്തിന്റെ ലക്ഷ്യം. ജീവനക്കാരെ നിയമിക്കുന്നതും ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതും വില നിശ്ചയിക്കുന്നതും ജീവനക്കാരെ നിയന്ത്രിക്കുന്നതുമടക്കമുള്ള ചുമതലകൾ എഐ മാനേജറായ ലൂണയ്ക്കാണ് നൽകിയിരിക്കുന്നത്.

23 ഷിഫ്റ്റുകളിൽ 17 തവണ ജീവനക്കാരൻ വൈകിയെത്തിയതാണ് പ്രധാന കാരണം. ചില ദിവസങ്ങളിൽ സ്റ്റോർ തുറക്കുന്നതിലും വലിയ താമസം ഉണ്ടായതായി റിപ്പോർട്ടുണ്ട്. ലൂണ നേരത്തെ ജീവനക്കാരന് മുന്നറിയിപ്പുകളും പരിശീലനവും നൽകിയിരുന്നു.

എന്നാൽ സംഭവത്തിലെ ഏറ്റവും കൗതുകകരമായ കാര്യം മറ്റൊന്നാണ്. ജീവനക്കാരുടെ ഹാജർ സംബന്ധിച്ച നയം നേരത്തെ ലൂണ തന്നെയാണ് തയ്യാറാക്കിയിരുന്നത്.

മൂന്ന് തവണ അനുമതിയില്ലാതെ വൈകിയെത്തിയാൽ മുന്നറിയിപ്പും തുടർന്നും വീഴ്ചയുണ്ടായാൽ ജോലി നഷ്ടപ്പെടുന്നതുൾപ്പെടെയുള്ള നടപടികളും നയത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് എഐക്ക് സ്വന്തം നയം ഓർമയിൽ നിലനിർത്താൻ സാധിച്ചില്ല.

തുടർച്ചയായ വൈകിയെത്തലുകൾ ശ്രദ്ധയിൽപ്പെട്ടിട്ടും ലൂണ ആദ്യം ജീവനക്കാരനെ പുറത്താക്കിയില്ല. പിന്നീട് ആൻഡോൺ ലാബ്സ് ജീവനക്കാരുടെ ഹാജർ രേഖകളും നിലവിലുള്ള നയവും വീണ്ടും പരിശോധിക്കാൻ എഐയോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ജീവനക്കാരനെ പുറത്താക്കാൻ ലൂണ ശുപാർശ ചെയ്തത്.

എന്നാൽ തീരുമാനം പൂർണമായും എഐയുടെ സ്വതന്ത്ര തീരുമാനമായിരുന്നില്ല. മനുഷ്യർ ലൂണയുടെ ശുപാർശ പരിശോധിച്ച ശേഷമാണ് പിരിച്ചുവിടൽ നടപ്പാക്കിയത്. എഐയോട് ചോദിച്ച ചോദ്യങ്ങളും നിർദേശങ്ങളും തീരുമാനത്തെ സ്വാധീനിച്ചിരുന്നുവെന്നതും പരീക്ഷണത്തിന്റെ പ്രധാന ഭാഗമാണ്.

മനുഷ്യരെ നിയന്ത്രിക്കുന്ന എഐ മാനേജർമാർ ഭാവിയിൽ സാധാരണമാകുമോ എന്ന ചർച്ചയ്ക്കും സംഭവം വഴിതുറക്കുകയാണ്. ജീവനക്കാരെ നിയമിക്കുക, ഷെഡ്യൂൾ തയ്യാറാക്കുക, സാധനങ്ങൾ തിരഞ്ഞെടുക്കുക, വില നിശ്ചയിക്കുക തുടങ്ങിയ സ്റ്റോർ പ്രവർത്തനങ്ങളുടെ വിവിധ ഭാഗങ്ങൾ ലൂണയാണ് കൈകാര്യം ചെയ്യുന്നത്.

അതേസമയം, എഐ മാനേജർ നയിക്കുന്ന സ്റ്റോർ ഇതുവരെ ലാഭത്തിലായിട്ടില്ല. എഐക്ക് ബിസിനസ് തീരുമാനങ്ങൾ എടുക്കാനുള്ള കഴിവുണ്ടെങ്കിലും മനുഷ്യ മേൽനോട്ടമില്ലാതെ ഇത്തരം നിർണായക തീരുമാനങ്ങൾ കൈമാറുന്നതിലെ അപകടസാധ്യതകളും പരീക്ഷണം ചൂണ്ടിക്കാണിക്കുന്നു. ഒരു ജീവനക്കാരനെ പിരിച്ചുവിട്ടതിലുപരി, തൊഴിൽ മേഖലയിലെ എഐയുടെ അടുത്ത ഘട്ടത്തെക്കുറിച്ചുള്ള വലിയ ചോദ്യമാണ് സാൻ ഫ്രാൻസിസ്കോയിലെ ഈ പരീക്ഷണം ഉയർത്തുന്നത്.

Content Highlights : Human fired by AI: 17 late arrivals trigger strangest dismissal

To advertise here,contact us