കർണാടകയിലെ ഹോട്ടലുകളിലും ഫാർമസികളിലും ഭക്ഷണ-ഔഷധ സുരക്ഷാ വീഴ്ചകൾ നിമിഷങ്ങൾക്കകം അധികൃതരെ അറിയിക്കാനുള്ള ക്യുആർ കോഡ് സംവിധാനം വരുന്നു.
ഹോട്ടലുകളിൽ നിന്നുള്ള മോശം ആഹാരത്തെക്കുറിച്ചും മെഡിക്കൽ സ്റ്റോറുകളിൽ നിന്നുള്ള കാലാവധി കഴിഞ്ഞ മരുന്നുകളെക്കുറിച്ചും തൽസമയം പരാതിപ്പെടാൻ ക്യുആർ കോഡ് അധിഷ്ഠിത സംവിധാനമൊരുക്കി കർണാടക സർക്കാർ.
ഭക്ഷ്യസുരക്ഷാ-ഔഷധ ഭരണവിഭാഗവും സെന്റർ ഫോർ ഇ-ഗവേണൻസും ചേർന്നാണ് ഈ പോർട്ടൽ തയ്യാറാക്കിയത്. ഇത്തരമൊരു ഡിജിറ്റൽ പരാതി പരിഹാര സംവിധാനം രാജ്യത്ത് ആദ്യമായാണ് നടപ്പിലാക്കുന്നത്.
സംസ്ഥാനത്തെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, തെരുവോര ഭക്ഷണശാലകൾ, ഫാർമസികൾ എന്നിവയ്ക്ക് മുന്നിൽ പൊതുജനങ്ങൾക്ക് വ്യക്തമായി കാണാവുന്ന രീതിയിൽ ഈ ക്യുആർ കോഡ് ബോർഡുകൾ പതിക്കും.
ഉപഭോക്താക്കൾക്ക് മൊബൈൽ ക്യാമറ ഉപയോഗിച്ച് ക്യുആർ കോഡ് സ്കാൻ ചെയ്യാം. തുറന്നുവരുന്ന പേജിൽ പരാതിയുടെ വിശദാംശങ്ങളും ചിത്രങ്ങളും തൽസമയം അപ്ലോഡ് ചെയ്യാം. രജിസ്റ്റർ ചെയ്ത പരാതിയിൽ ഉദ്യോഗസ്ഥർ സ്വീകരിച്ച നടപടികൾ ഉപഭോക്താക്കൾക്ക് ഫോണിലൂടെ തന്നെ ട്രാക്ക് ചെയ്യാനും സാധിക്കും.
വൃത്തിഹീനമായ അടുക്കളയും അന്തരീക്ഷവും, പഴകിയതോ ഗുണനിലവാരമില്ലാത്തതോ ആയ ഭക്ഷണം നൽകൽ, രാസവസ്തുക്കളുടെയും കൃത്രിമ നിറങ്ങളുടെയും അമിത ഉപയോഗം. കാലാവധി കഴിഞ്ഞ മരുന്നുകളുടെ വിൽപന, അധിക വില ഈടാക്കൽ, ബില്ലുകൾ നൽകാതിരിക്കൽ, ലൈസൻസ് ലംഘനങ്ങൾ.
സംസ്ഥാനത്തുടനീളം നടത്തിയ മിന്നൽ പരിശോധനകളിൽ ഹോട്ടലുകളിൽ നിന്നും വെയർഹൗസുകളിൽ നിന്നും പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തതിന് പിന്നാലെയാണ് കർണാടക ആരോഗ്യവകുപ്പിന്റെ ഈ പുതിയ തീരുമാനം. പൊതുജന പങ്കാളിത്തത്തോടെ സുതാര്യവും വേഗത്തിലുള്ളതുമായ നടപടികൾ ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
Content Highlights:Karnataka introduces QR code-based complaint system at hotels, restaurants, street food outlets and pharmacies. Consumers can instantly report food safety and medicine-related violations by scanning the QR code. Users can upload complaint details and photos directly through their mobile phones. Complaint status and action taken by officials can be tracked online. Complaints can cover unhygienic kitchens, poor-quality food, expired medicines, overcharging, billing violations and licensing issues. The initiative is being developed by the Food Safety and Drug Administration Department with the Centre for e-Governance. Karnataka says the system is the first of its kind in India and aims to improve transparency and public participation.