E20 പെട്രോളിനെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായിരിക്കെ, എഥനോൾ കലരാത്ത പെട്രോൾ ലഭിക്കുന്ന പമ്പുകൾ എളുപ്പത്തിൽ കണ്ടെത്താൻ പുതിയ സംവിധാനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡൽഹി സ്വദേശിയായ ഐടി എൻജിനീയർ ഗൗരവ് താക്കർ. E0 Fuel Finder എന്ന വെബ്സൈറ്റും മൊബൈൽ ആപ്പുമാണ് വാഹന ഉടമകൾക്ക് സഹായകരമാകുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എഥനോൾ രഹിത പ്രീമിയം പെട്രോൾ ലഭിക്കുന്ന പമ്പുകളുടെ വിവരങ്ങൾ ഒരൊറ്റ പ്ലാറ്റ്ഫോമിൽ എത്തിക്കുകയാണ് E0 Finder-ന്റെ ലക്ഷ്യം. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഔട്ട്ലെറ്റുകളാണ് നിലവിൽ സംവിധാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Indian Oil-ന്റെ XP100, BPCL-ന്റെ Speed 100, HPCL-ന്റെ Power 100 തുടങ്ങിയ പ്രീമിയം ഇന്ധനങ്ങൾ ലഭിക്കുന്ന പമ്പുകളുടെ ലൊക്കേഷൻ കണ്ടെത്താൻ ആപ്പ് സഹായിക്കും. നിലവിലെ ലൊക്കേഷൻ അടിസ്ഥാനമാക്കി സമീപത്തെ പമ്പുകൾ തിരയാനും മാപ്പിലൂടെ വഴി കണ്ടെത്താനും സാധിക്കും. പമ്പിന്റെ ഫോൺ നമ്പറും ലഭ്യമായ ഇന്ധനത്തിന്റെ വിലയും പ്ലാറ്റ്ഫോമിൽ കാണാൻ കഴിയും.
E0 Finder-ന്റെ പ്രത്യേകത, ഉപയോഗിക്കാൻ അക്കൗണ്ട് സൃഷ്ടിക്കുകയോ ഫോൺ നമ്പർ നൽകി OTP വെരിഫിക്കേഷൻ നടത്തുകയോ ആവശ്യമില്ല എന്നതാണ്. വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും വിവരങ്ങൾ നേരിട്ട് പരിശോധിക്കാം. 2026 ഏപ്രിൽ മുതൽ രാജ്യത്തെ പെട്രോൾ പമ്പുകളിൽ E20 ഇന്ധനം വ്യാപകമായി ലഭ്യമാകുന്ന സാഹചര്യത്തിലാണ് എഥനോൾ രഹിത ഇന്ധനം കണ്ടെത്താനുള്ള താൽപര്യവും വർധിച്ചത്. E20 എന്നത് 20 ശതമാനം വരെ എഥനോൾ കലർന്ന പെട്രോളാണ്. ഇതിന് പകരം എഥനോൾ ഇല്ലാത്ത ഇന്ധനം തേടുന്ന വാഹന ഉടമകൾക്ക് പുതിയ ഫൈൻഡർ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ.
എന്നാൽ E0 Fuel Finder-ൽ കാണുന്ന പമ്പിൽ ഇന്ധനം അപ്പോൾ തന്നെ സ്റ്റോക്കുണ്ടെന്ന് ഉറപ്പില്ല. ഔട്ട്ലെറ്റുകളുടെ വിവരങ്ങൾ എണ്ണക്കമ്പനികളുടെ ഔദ്യോഗിക ലൊക്കേറ്ററുകളിൽ നിന്നാണ് ശേഖരിക്കുന്നത്; അതിനാൽ പമ്പിലെത്തുന്നതിന് മുമ്പ് ലഭ്യത നേരിട്ട് സ്ഥിരീകരിക്കണമെന്ന് പ്ലാറ്റ്ഫോം തന്നെ നിർദേശിക്കുന്നു.
e0fuel.in എന്ന വെബ്സൈറ്റിലൂടെയാണ് E0 പെട്രോൾ ലഭിക്കുന്ന പമ്പുകൾ കണ്ടെത്താൻ കഴിയുന്നത്. സമീപത്തെ പമ്പുകൾ മാപ്പിൽ പരിശോധിക്കാനും ഇന്ധന ഗ്രേഡ് സംബന്ധിച്ച വിവരങ്ങൾ കാണാനും സാധിക്കും.
E20-ന് പകരം എഥനോൾ രഹിത ഇന്ധനം തേടുന്ന വാഹന ഉടമകൾക്ക് എവിടെ കിട്ടും എന്ന ചോദ്യത്തിന് ഒറ്റ പ്ലാറ്റ്ഫോമിലൂടെ മറുപടി നൽകുകയാണ് E0 Fuel Finder.
Content Highlights: E20 Petrol Effect: India's First 'Pure Petrol Finder' App E0Fuel Is Here