പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും വായിലെ ക്യാൻസർ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിനുമായി പുകയിലയോ നിക്കോട്ടിനോ അടങ്ങിയ ഗുട്ക, പാൻമസാല ഉത്പന്നങ്ങൾക്ക് കർണാടക സർക്കാർ ഒരു വർഷത്തേക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തി. ഫുഡ് സേഫ്റ്റി കമ്മീഷണർ പുറപ്പെടുവിച്ച ഈ ഔദ്യോഗിക ഉത്തരവ് 2026 ഓഗസ്റ്റ് മുതൽ സംസ്ഥാനത്തുടനീളം പ്രാബല്യത്തിൽ വന്നു.
പുകയിലയോ നിക്കോട്ടിനോ അല്ലെങ്കിൽ ഇവ രണ്ടും അടങ്ങിയ ഗുട്ക, പാൻ മസാല ഉൽപ്പന്നങ്ങളെ ഈ വിജ്ഞാപനം നിരോധിക്കുന്നു. പാക്ക് ചെയ്തതും അല്ലാത്തതുമായ ഉൽപ്പന്നങ്ങൾക്ക് ഈ നിരോധനം ബാധകമാണ്.
പാൻമസാലയും പുകയിലയും വെവ്വേറെ പാക്കറ്റുകളിലാക്കി ഒന്നിച്ച് വിൽക്കുകയും പിന്നീട് ഉപഭോക്താക്കൾക്ക് അത് എളുപ്പത്തിൽ കലർത്തി ഉപയോഗിക്കാൻ സാധിക്കുകയും ചെയ്യുന്ന രീതിയിലുള്ള വിപണനവും പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. ഏത് പേരിലോ ബ്രാൻഡിലോ അറിയപ്പെടുന്നവയായാലും നിക്കോട്ടിൻ അടങ്ങിയിട്ടുണ്ടെങ്കിൽ അവ പിടിച്ചെടുക്കും.
പുകയിലയോ നിക്കോട്ടിനോ അടങ്ങിയ ഉത്പന്നങ്ങളുടെ നിർമാണം, സംഭരണം, വിതരണം, കടത്ത്, വിപണനം എന്നിവയാണ് കർശനമായി നിരോധിച്ചിരിക്കുന്നത്. 2006-ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട് സെക്ഷൻ 30(2)(a) പ്രകാരമാണ് ഈ നടപടി.
Content Highlights :
Karnataka government has imposed a one-year complete ban on gutkha and pan masala products containing tobacco or nicotine.The ban came into effect from August 2026 following an official order issued by the Food Safety Commissioner.Manufacturing, storage, distribution, transportation and sale of such products are prohibited across the state. The order also bans selling tobacco and pan masala separately with the intention of mixing and consuming them together.