സെപ്റ്റോ വെയർഹൗസ് പൂട്ടി, ബ്ലിങ്കിറ്റിന്റെ ലൈസൻസ് റദ്ദാക്കി; ക്വിക്ക് കൊമേഴ്‌സ് കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന

ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ പരിശോധനകളിൽ ഞെട്ടിക്കുന്ന ശുചിത്വമില്ലായ്മയും ചട്ടലംഘനങ്ങളുമാണ് കണ്ടെത്തിയത്

രാജ്യത്ത് 10 മിനിറ്റിനുള്ളിൽ സാധനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുന്ന ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും വൻകിട റീട്ടെയിൽ ശൃംഖലകളിലും ഗുരുതരമായ ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ. കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ പരിശോധനകളിൽ ഞെട്ടിക്കുന്ന ശുചിത്വമില്ലായ്മയും ചട്ടലംഘനങ്ങളുമാണ് കണ്ടെത്തിയത്.

ഇതേതുടർന്ന് ബെംഗളൂരുവിലെ പ്രമുഖ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സെപ്റ്റോയുടെ വെയർഹൗസ് പൂട്ടി മുദ്രവെക്കുകയും, മുംബൈയിലെ ബ്ലിങ്കിറ്റിന്റെ കേന്ദ്രത്തിന്റെ പ്രവർത്തന ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു. കൂടാതെ, ബെംഗളൂരുവിലെ ഇന്ദിരാ കാന്റീൻലും ഗുരുതരമായ വീഴ്ചകൾ കണ്ടെത്തി നടപടി സ്വീകരിച്ചു.

സെപ്റ്റോ വെയർഹൗസ് പൂട്ടി മുദ്രവെച്ചു

ബെംഗളൂരു ഹോസ്കോട്ട് താലൂക്കിലെ നിപ്പൺ എക്സ്പ്രസ് സമുച്ചയത്തിൽ പ്രവർത്തിച്ചിരുന്ന സെപ്റ്റോയുടെ പ്രധാന വെയർഹൗസിലാണ് കർണാടക ഭക്ഷ്യസുരക്ഷാ വകുപ്പ് മിന്നൽ പരിശോധന നടത്തിയത്. ലേബലിംഗ് മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, തെറ്റായ രീതിയിലുള്ള ബ്രാൻഡിംഗ്, ശുചിത്വമില്ലാത്ത രീതിയിൽ ഭക്ഷണം കൈകാര്യം ചെയ്യുകയും സൂക്ഷിക്കുകയും ചെയ്യുക, കൂടാതെ 'ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ'യുടെ മറ്റ് നിബന്ധനകൾ ലംഘിക്കുക തുടങ്ങിയ നിരവധി ക്രമക്കേടുകൾ വകുപ്പ് കണ്ടെത്തി.ഭക്ഷണം കൈകാര്യം ചെയ്യുന്നതിലും സൂക്ഷിക്കുന്നതിലുമുള്ള ശുചിത്വമില്ലാത്ത സാഹചര്യങ്ങൾ കണക്കിലെടുത്ത്, FSSAI-യുടെ ബന്ധപ്പെട്ട വ്യവസ്ഥകൾ പ്രകാരം വെയർഹൗസ് സീൽ ചെയ്തു. അതോറിറ്റികൾ നടത്തുന്ന സാധാരണ പരിശോധനകളോട് പൂർണ്ണമായും സഹകരിച്ചെന്നും ഉദ്യോഗസ്ഥർ നിർദ്ദേശിച്ച തിരുത്തലുകൾ നടപ്പിലാക്കി സുരക്ഷ ഉറപ്പാക്കുമെന്നും സെപ്റ്റോ വക്താവ് വ്യക്തമാക്കി.

ബ്ലിങ്കിറ്റ് കേന്ദ്രത്തിൽ വൻ പാറ്റ ശല്യം

കാലഹരണപ്പെട്ട ഭക്ഷ്യ ഉൽപന്നങ്ങളും പാറ്റകളുടെ ശല്യവും ഉൾപ്പെടെയുള്ള ഗുരുതരമായ ശുചിത്വ ലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) മുംബൈയിലെ ബ്ലിങ്കിറ്റിന്റെ മലാഡ് വെയർഹൗസിന്റെ ഭക്ഷ്യ ലൈസൻസ് സസ്പെൻഡ് ചെയ്തു.

തുരുമ്പിച്ച റാക്കുകളിലും നേരിട്ട് തറയിലും സൂക്ഷിച്ചിരുന്ന ഭക്ഷണസാധനങ്ങൾ വെയർഹൗസിൽ ഉണ്ടായിരുന്നു, അതേസമയം പുതിയ പഴങ്ങളുടെയും പച്ചക്കറികളുടെയും സ്റ്റോക്കുകളിൽ പാറ്റകളെ കണ്ടെത്തി. കീട നിയന്ത്രണം അപര്യാപ്തമാണ്, മാലിന്യ സംസ്കരണം മോശമാണ്, തണുത്ത മുറികളിൽ പുതിയ സ്റ്റോക്കിനൊപ്പം സൂക്ഷിച്ചിരിക്കുന്ന കാലഹരണപ്പെട്ടതും കേടായതും കൃത്രിമം കാണിച്ചതുമായ പാക്കേജുചെയ്ത ഭക്ഷണവും ഉദ്യോഗസ്ഥർ കണ്ടെത്തി. ലൈസൻസ് ഉടനടി സസ്പെൻഡ് ചെയ്തു. വിലക്കിന്റെ കാലയളവിൽ ഇവിടെനിന്നും യാതൊരുവിധ ഭക്ഷണസാധനങ്ങളും വിതരണം ചെയ്യാനോ വിൽക്കാനോ പാടില്ലെന്ന് കർശന നിർദ്ദേശം നൽകി.

അതിവേഗ വിതരണമെന്ന വാഗ്ദാനവുമായി മത്സരരംഗത്തുള്ള ക്വിക്ക് കൊമേഴ്‌സ് കമ്പനികൾ വെയർഹൗസുകളിലും ഡാർക്ക് സ്റ്റോറുകളിലും ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷയും ശുചിത്വ മാനദണ്ഡങ്ങളും കാറ്റിൽ പറത്തുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്. മിന്നൽ പരിശോധനകൾ തുടരുമെന്നും പൗരന്മാരുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന ഒരു സ്ഥാപനത്തോടും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും ഭക്ഷ്യസുരക്ഷാ അധികൃതർ മുന്നറിയിപ്പ് നൽകി.

Content Highlights: Food safety authorities conducted surprise inspections at quick-commerce warehouses and retail facilities in Karnataka and Maharashtra. Zepto’s warehouse in Bengaluru was sealed over hygiene, food handling, storage and labelling violations. Blinkit’s Malad warehouse in Mumbai had expired food products, cockroach infestation, poor pest control and improper storage.

To advertise here,contact us