അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൊന്നായ ട്രൂത്ത് സോഷ്യലിലേക്കുള്ള ട്രാഫിക്കില്‍ വലിയ ഇടിവ് രേഖപ്പെടുത്തി. ട്രംപ് ഇപ്പോഴും പ്ലാറ്റ്ഫോം സജീവമായി ഉപയോഗിക്കുന്നുണ്ടെങ്കിലും പേജ് സന്ദര്‍ശിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു. ജൂലൈയില്‍ ട്രൂത്ത് സോഷ്യലിന്റെ പ്രതിമാസ സന്ദര്‍ശകരുടെ എണ്ണം കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് ഏകദേശം 36 ശതമാനം കുറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഓണ്‍ലൈന്‍ ട്രാഫിക് നിരീക്ഷണ സ്ഥാപനമായ സിമിലര്‍ വേവിന്റെ കണക്കുകള്‍ പ്രകാരം ജൂണിലും സന്ദര്‍ശനങ്ങളില്‍ സമാനമായ ഇടിവുണ്ടായിരുന്നു. അതേസമയം, എക്സ്, ത്രെഡ്സ് തുടങ്ങിയ എതിരാളി പ്ലാറ്റ്ഫോമുകള് മികച്ച ട്രാഫിക് രേഖപ്പെടുത്തി.
ട്രംപിന്റെ രാഷ്ട്രീയ പ്രസ്താവനകള്‍, എതിരാളികള്‍ക്കെതിരായ ആക്രമണങ്ങള്‍, നയ പ്രഖ്യാപനങ്ങള്‍ എന്നിവയ്ക്കുള്ള പ്രധാന വേദിയായി നേരത്തെ ട്രൂത്ത് സോഷ്യല്‍ മാറിയിരുന്നു. 2025ലെ ആദ്യ ഏഴ് മാസങ്ങളില്‍ പ്ലാറ്റ്ഫോമിന് പ്രതിമാസം ശരാശരി 2.8 കോടി സന്ദര്‍ശനങ്ങള്‍ ഉണ്ടായിരുന്നെന്നാണ് സിമിലര്‍ വെബിന്റെ കണക്ക്. ഈ വര്‍ഷം ഇതേ കാലയളവില്‍ അത് 2.5 കോടിയായി കുറഞ്ഞു.
ട്രംപിന്റെ രാഷ്ട്രീയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനുള്ള പ്രധാന മാധ്യമമാണ് ട്രൂത്ത് സോഷ്യല്‍. എന്നിട്ടും കാര്യമായ സ്വാധീനം ചെലുത്താന്‍ പ്ലാറ്റ്ഫോമിനായിട്ടില്ല. ട്രൂത്ത് സോഷ്യലിന്റെ മാതൃകമ്പനിയായ ട്രംപ് മീഡിയ & ടെക്നോളജി ഗ്രൂപ്പ് സാമ്പത്തിക സമ്മര്‍ദവും നേരിടുകയാണ്. ജൂണ്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ കമ്പനി 23.81 കോടി ഡോളറിന്റെ അറ്റനഷ്ടം രേഖപ്പെടുത്തി.
കമ്പനിയുടെ ക്രിപ്റ്റോകറന്‍സി, ഡിജിറ്റല്‍ ആസ്തി നിക്ഷേപങ്ങളുടെ മൂല്യം കുറഞ്ഞതാണ് നഷ്ടത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ഒരു വര്‍ഷം മുമ്പ് 200 കോടി ഡോളറിലധികം ബിറ്റ്കോയിനില് നിക്ഷേപിച്ചിരുന്ന ട്രംപ് മീഡിയയുടെ ആസ്തികളുടെ മൂല്യത്തെ ക്രിപ്റ്റോകറന്‍സിയുടെ ഇടിവ് ബാധിച്ചു. അതേസമയം, കമ്പനിയുടെ രണ്ടാം പാദ വരുമാനം 17 ലക്ഷം ഡോളറായി, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 89 ശതമാനം വര്‍ധിച്ചു.
ഓഹരി വിലയിലും ഇടിവ്
ട്രംപ് മീഡിയയുടെ ഓഹരികളും മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 2024 മാര്‍ച്ചില്‍ കമ്പനി ഓഹരി വിപണിയില്‍ എത്തിയതിനുശേഷം ഓഹരി വില ഏകദേശം 80 ശതമാനം ഇടിഞ്ഞു. ട്രംപ് ഇപ്പോഴും കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമയാണ്. ഏകദേശം 11.5 കോടി ഓഹരികള്‍ അദ്ദേഹത്തിന്റെ കൈവശമുണ്ട്. തിങ്കളാഴ്ചത്തെ ക്ലോസിങ് വില പ്രകാരം ഇവയുടെ മൂല്യം ഏകദേശം 110 കോടി ഡോളറാണ്. ഏകദേശം 35 ജീവനക്കാരുള്ള കമ്പനി ഫ്യൂഷന്‍ പവര്‍ സ്ഥാപനമായ TAE Technology യുമായി ലയിക്കാനുള്ള പദ്ധതിയും മുന്നോട്ടുകൊണ്ടുപോകുകയാണ്. ഈ ഇടപാട് ഈ വര്‍ഷം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
Content Highlights: Trump’s Truth Social is facing a sharp decline in traffic, with visits falling 36% in July, while parent company Trump Media reported a $238.1 million quarterly loss