ട്രെയിനിലെ ഭക്ഷണത്തിലെ പരാതികള്‍ കുറഞ്ഞു; ഗുണനിലവാരം ഉറപ്പാക്കി റെയില്‍വേ, പരാതികള്‍ ശരാശരി 0.0008% മാത്രം

കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പരാതികളുടെ അടിസ്ഥാനത്തില്‍ ഭക്ഷണത്തിന്റെ ഗുണനിലവാരത്തിലും ശുചിത്വത്തിലും വീഴ്ച വരുത്തിയവര്‍ക്കെതിരെ ഐആര്‍സിടിസി കര്‍ശന ശിക്ഷാനടപടികളാണ് സ്വീകരിച്ചത്‌

റെയില്‍വേയില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിക്കുന്നത് കുറഞ്ഞതായി റെയില്‍വേ മന്ത്രാലയം.നിലവില്‍ ലഭിക്കുന്ന പരാതികള്‍ ശരാശരി 0.0008% മാത്രമാണെന്ന് മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പരാതികളുടെ അടിസ്ഥാനത്തില്‍ ഭക്ഷണത്തിന്റെ ഗുണനിലവാരത്തിലും ശുചിത്വത്തിലും വീഴ്ച വരുത്തിയവര്‍ക്കെതിരെ ഐആര്‍സിടിസി ഉചിതമായ ശിക്ഷാനടപടികള്‍ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി 5.13 കോടി രൂപ പിഴ, 54 ഷോ-കോസ് നോട്ടീസുകള്‍, 6 കരാര്‍ റദ്ദാക്കലുകള്‍ എന്നിവ നടപ്പാക്കിയിട്ടുണ്ട്. ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും സംബന്ധിച്ച നിയമലംഘനങ്ങള്‍ക്ക് ചില ലൈസന്‍സികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായും അറിയിച്ചിട്ടുണ്ട്.

ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം, സുരക്ഷ, നിയമാനുസൃത പാലനം എന്നിവ ഉറപ്പാക്കാന്‍ റെയില്‍വേ/IRCTC ഉദ്യോഗസ്ഥരും ഫുഡ് സേഫ്റ്റി ഓഫീസര്‍മാരും സ്ഥിരം പരിശോധനകളും അപ്രതീക്ഷിത പരിശോധനകളും നടത്തിവരുന്നുണ്ട്. ഭക്ഷ്യസുരക്ഷ, ജീവനക്കാരുടെ വിന്യാസം, ഉപകരണങ്ങളുടെ പരിപാലനം, വൃത്തിയാക്കല്‍, നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധനയില്‍ പ്രധാനമായും പരിശോധിക്കുന്നത്.

ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും മെച്ചപ്പെടുത്തുന്നതിനായി റെയില്‍വേ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. അവ…

  • നിര്‍ദ്ദിഷ്ട ബേസ് കിച്ചണുകളില്‍ നിന്ന് ഭക്ഷണം വിതരണം ചെയ്യല്‍
  • തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ ആധുനിക ബേസ് കിച്ചണുകള്‍ സ്ഥാപിക്കല്‍
  • ഭക്ഷണം തയ്യാറാക്കുന്നത് തത്സമയം നിരീക്ഷിക്കാന്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കല്‍
  • ഭക്ഷണം തയ്യാറാക്കാന്‍ ജനപ്രിയവും ബ്രാന്‍ഡഡ് ആയതുമായ ഗുണമേന്മയുള്ള അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിക്കല്‍
  • ബേസ് കിച്ചണുകളില്‍ ഫുഡ് സേഫ്റ്റി സൂപ്പര്‍വൈസര്‍മാരെ നിയോഗിക്കല്‍
  • ട്രെയിനുകളില്‍ IRCTC ഓണ്‍-ബോര്‍ഡ് സൂപ്പര്‍വൈസര്‍മാരെ നിയോഗിക്കല്‍
  • ഭക്ഷണപ്പൊതികളില്‍ QR കോഡുകള്‍ ഉള്‍പ്പെടുത്തല്‍

എന്നിവ ഉള്‍പ്പെടുന്നു. ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതികളിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ പാക്ക് ചെയ്ത തീയതി, ലൈസന്‍സിയുടെ പേര്, എഫ്എസ്എസ്എഐ ലൈസന്‍സ് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ യാത്രക്കാര്‍ക്ക് ലഭിക്കും. ഇതിലൂടെ ഭക്ഷ്യസുരക്ഷ, സുതാര്യത, യാത്രക്കാരുടെ ബോധവല്‍ക്കരണം എന്നിവ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

Content Highlights: Indian Railways says food quality complaints average only 0.0008%, while IRCTC has imposed ₹5.13 crore in fines and taken strict action against food safety and hygiene violations

To advertise here,contact us