അമേരിക്കന്‍ വിദ്യാര്‍ത്ഥി വിസയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി; 2025ല്‍ 62% ഇടിവ്

2024-25 അധ്യയന വര്‍ഷത്തില്‍ അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 3,63,019 ഇന്ത്യന്‍ വിദ്യാര്‍ഥികളും 2,65,919 ചൈനീസ് വിദ്യാര്‍ഥികളും പഠിച്ചിരുന്നു

അമേരിക്കയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വലിയ തിരിച്ചടി. 2025ലെ പ്രവേശന സീസണില്‍ അനുവദിച്ച യു.എസ്. സ്റ്റുഡന്റ് വിസകളുടെ എണ്ണം 62 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കുള്ള പരിശോധന കര്‍ശനമാക്കുകയും എഫ്1 വിദ്യാര്‍ത്ഥി വിസ അപേക്ഷകരെ ബാധിക്കുന്ന പുതിയ കുടിയേറ്റ നിയന്ത്രണങ്ങള്‍ നടപ്പാക്കുകയും ചെയ്തതാണ് വിസ അനുവദിക്കല്‍ കുറഞ്ഞതിന്റെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

2024-25 അധ്യയന വര്‍ഷത്തില്‍ അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 3,63,019 ഇന്ത്യന്‍ വിദ്യാര്‍ഥികളും 2,65,919 ചൈനീസ് വിദ്യാര്‍ഥികളും പഠിച്ചിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ എജ്യുക്കേഷന്‍ (IIE) കണക്കുകള്‍ പ്രകാരം, അമേരിക്കയിലെ ആകെ 11.7 ലക്ഷം അന്താരാഷ്ട്ര വിദ്യാര്‍ഥികളില്‍ 53 ശതമാനവും ഇന്ത്യയിലെയും ചൈനയിലെയും വിദ്യാര്‍ഥികളാണ്.

എഫ്1 വിസയില്‍ വന്‍ ഇടിവ്

2025 മെയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചത് 22,149 എഫ്1 വിസകള്‍ മാത്രമാണ്. 2024ലെ ഇതേ കാലയളവില്‍ ഇത് 58,694 ആയിരുന്നു. അതായത് 62 ശതമാനത്തിന്റെ ഇടിവ്. 2017-19, 2021-24 കാലയളവുകളിലെ ശരാശരിയേക്കാള്‍ ഇത് 60 ശതമാനം കുറവുമാണ്. ചൈനീസ് വിദ്യാര്‍ഥികള്‍ക്ക് ഈ കാലയളവില്‍ 40,034 എഫ്1 വിസകള്‍ ലഭിച്ചു. 2024നെ അപേക്ഷിച്ച് ഇത് 34 ശതമാനം കുറവാണ്.

2025 മെയ് മാസത്തില്‍ ട്രംപ് ഭരണകൂടം ലോകമെമ്പാടുമുള്ള പുതിയ വിദ്യാര്‍ത്ഥി വിസ അഭിമുഖങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. പിന്നീട് കൂടുതല്‍ കര്‍ശനമായ പരിശോധനകളോടെയാണ് അഭിമുഖങ്ങള്‍ പുനരാരംഭിച്ചത്. പുതിയ നിയന്ത്രണങ്ങള്‍ അമേരിക്കയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്നാണ് വിദ്യാഭ്യാസ വിദഗ്ധരുടെ വിലയിരുത്തല്‍.

Content Highlights: US student visas issued to Indian nationals fell by 62% during the 2025 admission season, following stricter F-1 visa screening and immigration measures introduced by the Trump administration, raising fresh concerns for students planning to study in the United States

To advertise here,contact us