ചെറു പട്ടണങ്ങളിലേക്ക് കുറഞ്ഞ നിരക്കിലുള്ള മള്‍ട്ടിപ്ലെക്‌സുകളുമായി പിവിആര്‍ ഐനോക്‌സ്

സ്മാര്‍ട്ട് സിനിമകളിലെ ടിക്കറ്റ് നിരക്ക് പരമാവധി 175 രൂപ വരെയായിരിക്കും. ഇത് മെട്രോ നഗരങ്ങളിലെ പി.വി.ആര്‍ ഐനോക്‌സ് തിയേറ്ററുകളിലെ ശരാശരി ടിക്കറ്റ് നിരക്കിനേക്കാള്‍ ഏകദേശം 40 ശതമാനം കുറവാണ്

ചെറിയ പട്ടണങ്ങളെ ലക്ഷ്യമിട്ട് കുറഞ്ഞ നിരക്കിലുള്ള പുതിയ സിനിമാ തിയേറ്റര്‍ ശൃംഖല ആരംഭിക്കാന്‍ പിവിആര്‍ ഐനോക്‌സ്. 'സ്മാര്‍ട്ട് സിനിമ' എന്ന പേരില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 300 പുതിയ തിയേറ്ററുകള്‍ ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. ന്ത്യയിലെ മുസഫര്‍പൂര്‍, ബറാക്ക്പൂര്‍ മുതല്‍ ഹനുമാന്‍ഗഡ് വരെയുള്ള നഗരങ്ങളിലാണ് പുതിയ തിയേറ്ററുകള്‍ ആരംഭിക്കുക. ഇവ ഫ്രാഞ്ചൈസി പങ്കാളികളുടെ ഉടമസ്ഥതയിലായിരിക്കുമെങ്കിലും പ്രവര്‍ത്തനം പി.വി.ആര്‍. ഐനോക്‌സ് ഏറ്റെടുക്കും.

അടുത്ത വളര്‍ച്ച ഈ ചെറിയ പട്ടണങ്ങളില്‍ നിന്നായിരിക്കും. അവിടെയുള്ള ആളുകള്‍ക്കും മികച്ച നിലവാരമുള്ള സിനിമാ അനുഭവം സ്വന്തം നാട്ടില്‍ തന്നെ ലഭിക്കണമെന്ന ആഗ്രഹമുണ്ടെന്ന് കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജീവ് കുമാര്‍ ബിജ്ലി പറഞ്ഞു.

ടിക്കറ്റ് നിരക്ക് 175 രൂപ വരെ

സ്മാര്‍ട്ട് സിനിമകളിലെ ടിക്കറ്റ് നിരക്ക് പരമാവധി 175 രൂപ വരെയായിരിക്കും. ഇത് മെട്രോ നഗരങ്ങളിലെ പി.വി.ആര്‍ ഐനോക്‌സ് തിയേറ്ററുകളിലെ ശരാശരി ടിക്കറ്റ് നിരക്കിനേക്കാള്‍ ഏകദേശം 40 ശതമാനം കുറവാണ്. പോപ്പ്‌കോണ്‍, നാച്ചോസ് തുടങ്ങിയ ഭക്ഷ്യവസ്തുക്കളും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കും. ചെറിയ പട്ടണങ്ങളില്‍ ഭൂമി, വൈദ്യുതി, ജീവനക്കാരുടെ ചെലവ് എന്നിവ കുറവായതിനാലാണ് കുറഞ്ഞ നിരക്കില്‍ സേവനം നല്‍കാന്‍ കഴിയുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു.

സിനിമകള്‍ക്കപ്പുറം മറ്റ് പരിപാടികളും

പ്രതിവര്‍ഷം ഏകദേശം 150 സാധാരണ സ്‌ക്രീനുകള്‍ കൂടി ആരംഭിക്കാനുള്ള പദ്ധതിയും കമ്പനി തുടരുന്നു. കൂടാതെ മള്‍ട്ടിപ്ലെക്‌സുകളില്‍ ഫോട്ടോ ബൂത്തുകള്‍, വിര്‍ച്വല്‍ റിയാലിറ്റി ഗെയിമുകള്‍ എന്നിവയും പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിക്കും. ബോക്‌സ് ഓഫീസ് വരുമാനത്തിലെ അനിശ്ചിതത്വം കുറയ്ക്കാന്‍ സ്‌പോര്‍ട്‌സ് മത്സരങ്ങളുടെ തത്സമയ പ്രദര്‍ശനം, സംഗീത പരിപാടികള്‍, TED Talks, ഭക്തിപരമായ പരിപാടികള്‍, കോര്‍പ്പറേറ്റ് മീറ്റിംഗുകള്‍ തുടങ്ങിയവയും തിയേറ്ററുകളില്‍ സംഘടിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നു.

കഴിഞ്ഞ വര്‍ഷം ഇത്തരം ബദല്‍ പരിപാടികളിലൂടെ 12 ലക്ഷം ആളുകള്‍ തിയേറ്ററുകളിലെത്തിയിരുന്നു. ഈ വര്‍ഷം അത് ഏകദേശം 10 ശതമാനം വര്‍ധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Content Highlights: PVR Inox will launch 300 Smart Cinema theatres across India's smaller towns over the next three years, offering movie tickets for up to ₹175 to make the multiplex experience more affordable and accessible

To advertise here,contact us