മുരിങ്ങ കൃഷിയില്‍ 1.15 കോടിയുടെ വിറ്റുവരവ്: ലാഭം മാത്രം 80 ലക്ഷം: മണ്ണില്‍ പൊന്ന് വിളയിച്ച് യുവ കർഷകന്‍

നിലവിൽ പ്രതിവർഷം 180 മുതൽ 200 ടൺ വരെ മുരിങ്ങക്കായ ഉൽപ്പാദിപ്പിക്കുന്ന ഇദ്ദേഹത്തിന്റെ പ്രധാന വിപണി ഹൈദരാബാദാണ്

കാലാവസ്ഥാ വ്യതിയാനവും ഉയർന്ന ഉൽപ്പാദനച്ചെലവും കൃഷിയെ പ്രയാസത്തിലാക്കുന്ന ഇക്കാലത്ത്, കൃഷിരീതിയിൽ വരുത്തിയ ഒരു മാറ്റത്തിലൂടെ വൻ വിജയം കൊയ്ത കഥയാണ് മഹാരാഷ്ട്രയിലെ സോളാപ്പൂർ സ്വദേശിയായ സാഗർ യെൽപാലെയെന്ന കർഷകനുള്ളത്. പരമ്പരാഗതമായി ചെയ്തുവന്ന മാതളനാരങ്ങ കൃഷിയിലെ ഉയർന്ന കീടനാശിനി ചെലവും രോഗബാധകളും മൂലം ലാഭം കുറഞ്ഞതോടെയാണ് കുറഞ്ഞ ചെലവിൽ വേഗത്തിൽ വരുമാനം തരുന്ന മറ്റൊരു കൃഷിയെക്കുറിച്ച് അദ്ദേഹം ചിന്തിക്കുന്നത്.

2017-ൽ തന്റെ കൃഷിയിടത്തിലെ ഒരു ഏക്കറിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ മുരിങ്ങ കൃഷി വിജയകരമായതോടെ, ഘട്ടം ഘട്ടമായി മാതളനാരങ്ങ മരങ്ങൾ വെട്ടിമാറ്റി പൂർണ്ണമായും മുരിങ്ങയിലേക്ക് മാറിയത്. ഇന്ന് 18 ഏക്കറിലായി പന്ത്രണ്ടായിരത്തോളം മുരിങ്ങച്ചെടികളാണ് സാഗറിന്റെ തോട്ടത്തിലുള്ളത്. മികച്ച പരിചരണത്തിലൂടെയും സ്വന്തമായി സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റിൽ നിന്നുള്ള സ്ലറി വളമായി ഉപയോഗിച്ചും കൃഷിച്ചെലവ് വൻതോതിൽ കുറയ്ക്കാൻ അദ്ദേഹത്തിന് സാധിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ പ്രതിവർഷം 180 മുതൽ 200 ടൺ വരെ മുരിങ്ങക്കായ ഉൽപ്പാദിപ്പിക്കുന്ന ഇദ്ദേഹത്തിന്റെ പ്രധാന വിപണി ഹൈദരാബാദാണ്. സീസൺ അനുസരിച്ച് വിലയിൽ വ്യത്യാസങ്ങൾ വരാറുണ്ടെങ്കിലും ശരാശരി 50 രൂപ നിരക്കിൽ വർഷം മുഴുവൻ മികച്ച ലാഭം ഉറപ്പാക്കാൻ സാഗറിന് കഴിയുന്നുന്നുണ്ട്.

മുരിങ്ങക്കായ വിൽപ്പനയ്ക്ക് പുറമെ മറ്റ് കർഷകർക്കായി ഗുണനിലവാരമുള്ള വിത്തുകൾ വിൽക്കുന്നതിലൂടെ മാത്രം പ്രതിവർഷം 15 ലക്ഷം രൂപയുടെ അധിക വരുമാനവും അദ്ദേഹം നേടുന്നുണ്ട്. നിലവിൽ 1.15 കോടി രൂപ വാർഷിക വിറ്റുവരവും 80 ലക്ഷം രൂപ ലാഭവുമാണ് കൃഷിയിടത്തിൽ നിന്ന് ലഭിക്കുന്നത്. പുതിയൊരു കൃഷിയിലേക്ക് തിരിയുമ്പോൾ ഒറ്റയടിക്ക് മാറ്റങ്ങൾ വരുത്താതെ, ചെറിയ രീതിയിൽ പരീക്ഷിച്ച് വിപണിയും പരിചരണവും മനസ്സിലാക്കിയ ശേഷം മാത്രം വിപുലീകരിക്കുക എന്നതാണ് തന്റെ വിജയമന്ത്രമെന്ന് സാഗർ സാക്ഷ്യപ്പെടുത്തുന്നു.

Content Highlights: A young farmer has achieved remarkable success through moringa cultivation, generating a turnover of ₹1.15 crore and earning around ₹80 lakh in profit. By adopting scientific farming methods, efficient crop management, and effective marketing strategies, the venture has emerged as an example of the growing profitability of commercial agriculture.

To advertise here,contact us