ഡാബര്‍ ഇന്ത്യയുടെ തേന്‍, പശുവിന് നെയ്, ഭക്ഷ്യഎണ്ണകള്‍ എന്നിവയ്ക്ക് ഭക്ഷ്യസുരക്ഷാ നിയന്ത്രണ അതോറിറ്റിയായ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ, വിലക്കേര്‍പ്പെടുത്തി. 100% ശുദ്ധം എന്ന അവകാശവാദത്തോടെ വിപണനം ചെയ്യുന്ന ഉത്പന്നങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഇത് നിയമവിരുദ്ധമാണെന്ന് എഫ്എസ്എസ്എഐ അറിയിച്ചു.
തിങ്കളാഴ്ച സോഷ്യല്‍ മീഡിയയിലൂടെ എഫ്എസ്എസ്എഐ അറിയിച്ചതനുസരിച്ച്, തേന്‍, ആപ്പിള്‍ സിഡര്‍ വിനിഗര്‍, വെര്‍ജിന്‍ കൊക്കനട്ട് ഓയില്‍, എള്ളെണ്ണ, പശുവിന് നെയ്, തേങ്ങാവെള്ളം, തേങ്ങാപ്പാല്‍ തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്ന '100%' അവകാശവാദങ്ങള്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ഡാബറിനെതിരെ നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.
കമ്പനിയുടെ വെബ്സൈറ്റില്‍ വില്‍പ്പന നടത്തിയിരുന്ന ഉല്‍പ്പന്നങ്ങളില്‍ '100% പ്രകൃതിഗദത്തം', '100% ശുദ്ധം', '100% ജൈവം', '100% തേങ്ങാവെള്ളം' തുടങ്ങിയ അവകാശവാദങ്ങള്‍ രേഖപ്പെടുത്തിയിരുന്നതായി പരിശോധനയില്‍ കണ്ടെത്തി. എഫ്എസ്എസ്എഐ റെഗുലേഷന്‍സ് 2018 പ്രകാരം ഇത്തരം '100%' അവകാശവാദങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കാനാകാത്തതും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുള്ളതുമാണെന്ന് എഫ്എസ്എസ്എഐ വ്യക്തമാക്കി.
കൂടാതെ, ഡാബറിന്റെ ഹിമാലയന്‍ ഓര്‍ഗാനിക് ആപ്പിള്‍ സിഡര്‍ വിനഗര്‍, ഡാബര്‍ ഓര്‍ഗാനിക് ഹണി എന്നീ ഉല്‍പ്പന്നങ്ങളില്‍ സാധുവായ എഫ്എസ്എസ്എഐ ഓര്‍ഗാനിക് അംഗീകാരമില്ലാതെ ജൈവിക് ഭാരത് ലോഗോ പ്രദര്‍ശിപ്പിച്ചതായും കണ്ടെത്തി. അതുപോലെ, ഹോംമേഡ് കോക്കനട്ട് മില്‍ക്ക് എന്ന ഉല്‍പ്പന്നം '100% ശുദ്ധം' എന്ന അവകാശവാദത്തോടെയാണ് വിപണനം ചെയ്തത്. എന്നാല്‍, ഒന്നിലധികം ഘടകങ്ങള്‍ അടങ്ങിയ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് ഇത്തരമൊരു അവകാശവാദം നിയമപ്രകാരം അനുവദനീയമല്ല.
ഇതിന് മുമ്പും ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന '100%' അവകാശവാദങ്ങള്‍ പിന്‍വലിക്കാന്‍ ഡാബറിന് എഫ്എസ്എസ്എഐ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും കമ്പനി തൃപ്തികരമായ തിരുത്തല്‍ നടപടികള്‍ സ്വീകരിച്ചില്ലെന്ന് അധികൃതര്‍ അറിയിച്ചു.തുടര്‍ന്ന്, 15 ദിവസത്തിനകം സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട സമര്‍പ്പിക്കാനും ഡാബറിനോട് എഫ്എസ്എസ്എഐ നിര്‍ദേശിച്ചു.
കഴിഞ്ഞ ഏതാനും മാസങ്ങളായി വിവിധ ഭക്ഷ്യ ഉല്‍പ്പന്ന നിര്‍മാതാക്കള്‍ക്കും ഓണ്‍ലൈന്‍ വിപണന പ്ലാറ്റ്ഫോമുകള്‍ക്കും എതിരെ സ്വീകരിക്കുന്ന നടപടികള്‍ എഫ്എസ്എസ്എഐ സോഷ്യല്‍ മീഡിയയിലൂടെ പൊതുജനങ്ങളെ അറിയിച്ചുവരികയാണ്. മദ്യനിര്‍മാതാക്കളും എനര്‍ജി ഡ്രിങ്ക് കമ്പനികളും ഉള്‍പ്പെടെ നിരവധി കമ്പനികള്‍ അടുത്തിടെ എഫ്എസ്എസ്എഐയുടെ നിരീക്ഷണത്തിലും നടപടികളിലും ഉള്‍പ്പെട്ടിട്ടുണ്ട്.
Content Highlights: FSSAI has ordered Dabur India to stop selling several food products carrying misleading '100%' claims, including honey, cow ghee, edible oils, coconut milk and apple cider vinegar, citing violations of food advertising regulations