ബംഗളൂരുവില്‍ ജീവിക്കാന്‍ പറ്റാതായോ: ഒറ്റയടിക്ക് 50 ശതമാനം വാടക കൂട്ടി; ദുരനുഭവം തുറന്ന് പറഞ്ഞ് നടന്‍

5 മുതൽ 10 ശതമാനം വരെയുള്ള വാടക വർധനവിന് പകരം ഇത്തവണ ഒറ്റയടിക്ക് 50 ശതമാനമാണ് വീട്ടുവാടക കൂട്ടിയത്

ബെംഗളൂരുവിൽ വാടക വീട്ടുകാരെ ഉടമസ്ഥർ ചൂഷണം ചെയ്യുന്നതിനെതിരെയും കാരണമില്ലാതെ വീടൊഴിയാന്‍ പറയുന്നതിനെതിരേയും വീണ്ടും ശക്തമായ പ്രതിഷേധം ഉയരുന്നു. 50 ശതമാനം വാടക വർധനവ് ആവശ്യപ്പെട്ടതിന് പിന്നാലെ വീട്ടുടമസ്ഥ നിർബന്ധപൂർവം വീടൊഴിപ്പിച്ചതായി ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ടീസ്ട്ര ലൈഫ് സ്റ്റൈൽ' സ്ഥാപകനും നടനുമായ വസന്ത് മാരിമുത്തു വ്യക്തമാക്കുന്നു. ജെ പി നഗറിലെ വീട്ടിൽ കഴിഞ്ഞ അഞ്ച് വർഷമായി താമസിച്ചുവരികയായിരുന്ന വസന്ത്, എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് വീട്ടുടമയുടെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.

സാധാരണയായി ഉണ്ടാകാറുള്ള 5 മുതൽ 10 ശതമാനം വരെയുള്ള വാടക വർധനവിന് പകരം ഇത്തവണ ഒറ്റയടിക്ക് 50 ശതമാനമാണ് വീട്ടുവാടക കൂട്ടിയത്. മുൻപ് ഓരോ 11 മാസത്തിലും 20 ശതമാനം വരെ വാടക വർധിപ്പിച്ചു നൽകിയിരുന്ന വസന്ത്, ഇത്തവണ അമിത വാടക അംഗീകരിക്കാമെന്നും എന്നാൽ പുതിയ വാടകക്കരാർ (Rent Agreement) തയ്യാറാക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇതിന് തയ്യാറാകാതിരുന്ന ഉടമ, സ്വന്തം സഹോദരിക്ക് താമസിക്കാൻ വീട് ആവശ്യമുണ്ടെന്ന കാരണം പറഞ്ഞ് 30 ദിവസത്തിനുള്ളിൽ ഒഴിയാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകുകയായിരുന്നു.

സാമ്പത്തികമായി ഭദ്രതയുള്ള ഡോക്ടർമാരുടെ കുടുംബത്തിൽ നിന്നുള്ളവരായിരുന്നിട്ടും ഉടമസ്ഥയുടെ ഭാഗത്തുനിന്ന് യാതൊരു ദയയും ഉണ്ടായില്ലെന്നും 'ലാഭക്കൊതിക്ക് അതിരുകളില്ല' എന്നും വസന്ത് തന്റെ പോസ്റ്റിൽ കുറിച്ചു. വസന്തിന്റെ പോസ്റ്റ് ബെംഗളൂരുവിലെ വാടക നിയമങ്ങളെക്കുറിച്ചും വീട്ടുടമകളുടെ മനോഭാവത്തെക്കുറിച്ചുമുള്ള വലിയ ചർച്ചകൾക്കും സോഷ്യൽ മീഡിയയിൽ വഴിവെച്ചു.

കരാർ പ്രകാരം 30 ദിവസത്തെ നോട്ടീസ് നൽകി വീടൊഴിപ്പിക്കാൻ ഉടമസ്ഥർക്ക് നിയമപരമായ അവകാശമുണ്ടെന്ന് ചിലർ വാദിച്ചപ്പോൾ, വാഗ്ദാനങ്ങൾ ലംഘിക്കുന്നതും വിപണി സാഹചര്യങ്ങൾ അന്യായമായി മുതലെടുക്കുന്നതും അനീതിയാണെന്ന് ഭൂരിഭാഗം ആളുകളും ചൂണ്ടിക്കാട്ടി. ബെംഗളൂരു പോലുള്ള മെട്രോ നഗരങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്ന അനിയന്ത്രിതമായ വാടക വർധനവും വാടകക്കാരുടെ ദുരിതവും വ്യക്തമാക്കുന്നതാണ് ഈ സംഭവം.

Content Highlights: An actor has revealed that his house rent in Bengaluru was increased by 50% at one go, describing the city as increasingly unaffordable. The incident has reignited discussions on soaring rental prices, the rising cost of living, and the housing challenges faced by professionals and families in India's technology hub.

To advertise here,contact us