സര്‍ക്കാര്‍ ഇതര കമ്പനികള്‍ക്ക് സ്പേസ്പോര്‍ട്ടുകള്‍ സ്വന്തമാക്കാനും, റോക്കറ്റുകള്‍ വിക്ഷേപിക്കാനും അനുമതി നല്കിയ ശേഷമുള്ള ആദ്യത്തെ 'സ്പേസ് യൂണികോണ്‍' വിക്ഷേപണത്തിനൊരുങ്ങി ഇന്ത്യ. സര്‍ക്കാര്‍ അനുമതി വന്നതോടെ അത്യാധുനിക ഭൂനിരീക്ഷണ ഉപഗ്രഹങ്ങളും എല്ലാ കാലാവസ്ഥയിലും പ്രവര്‍ത്തിക്കുന്ന ഉപഗ്രഹങ്ങളും വികസിപ്പിക്കുന്ന നിരവധി സ്റ്റാര്‍ട്ടപ്പുകളും രാജ്യത്ത് ഉയര്‍ന്നുവരുന്നുണ്ട്.
മുകേഷ് അംബാനിയും, ഇന്ത്യയില്‍ സ്പേസ് എക്സിന്റെ സ്റ്റാര്‍ലിങ്ക് സേവനത്തിന് എതിരാളിയാവുന്ന സ്വന്തം ഉപഗ്രഹ ശൃംഖല സ്ഥാപിക്കാനുള്ള പദ്ധതികള്‍ വിലയിരുത്തുകയാണ്. പതിറ്റാണ്ടുകളായി ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷന് ചെലവ് കുറഞ്ഞതും ചരിത്രപരവുമായ ബഹിരാകാശ ദൗത്യങ്ങള്‍ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ആദ്യമായി സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയ രാജ്യവും ഇന്ത്യയാണ്. പ്രാരംഭ പരീക്ഷണങ്ങള്‍ക്കായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്വന്തം സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ ISRO, അനുവാദം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ തങ്ങളുടെ പ്രധാന റോക്കറ്റായ പിഎസ്എല്‍വിയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യ സ്വകാര്യ മേഖലയുമായി പങ്കിടാന്‍ ഒരുങ്ങുകയാണ് ഐഎസ്ആര്‍ഒ.
സ്വകാര്യ മേഖലയ്ക്ക് ഈ സാങ്കേതികവിദ്യ ഏറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോകാനുള്ള കഴിവുണ്ട്, സത്യത്തില്‍, ഈ രംഗത്ത് നാം വൈകിയാണ് എത്തിയതെന്ന് ഇന്ത്യയില്‍ വാണിജ്യ ബഹിരാകാശ സമ്പദ്വ്യവസ്ഥ വികസിപ്പിക്കാനുള്ള ചുമതലയുള്ള പവന് ഗോയങ്ക പറഞ്ഞു. അമേരിക്കയില്‍ ഇന്ന് ബഹിരാകാശ സമ്പദ്വ്യവസ്ഥയില് സര്‍ക്കാരിനേക്കാള്‍ സ്വകാര്യ മേഖലയ്ക്കാണ് കൂടുതല്‍ പങ്കെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് വര്‍ഷത്തിനിടെ 10,000ത്തിലധികം ഉപഗ്രഹങ്ങളുള്ള ശൃംഖല വികസിപ്പിക്കാന്‍ മാത്രം 11 ബില്യണ്‍ ഡോളറിലധികം കമ്പനി നിക്ഷേപിച്ചു.
ഇതിന് വിപരീതമായി, ഇന്ത്യയില്‍ ഏകദേശം 260 ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകളാണുള്ളത്. ഇവ ഇതുവരെ സമാഹരിച്ച ആകെ നിക്ഷേപം ഏകദേശം 730 മില്യണ്‍ ഡോളര്‍ മാത്രമാണ്. അതില്‍ നാലിലൊന്ന് കഴിഞ്ഞ വര്‍ഷമാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യ-പാകിസ്ഥാന് സൈനിക സംഘര്‍ഷവും അമേരിക്ക-ഇറാന് യുദ്ധവും രാജ്യത്തിനകത്ത് നിര്‍ണായക ബഹിരാകാശ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത കൂടുതല്‍ ശക്തമാക്കി.
ചൈന 2014-15 കാലഘട്ടത്തില്‍ തന്നെ സ്വകാര്യ ബഹിരാകാശ മേഖലയെ തുറന്ന് വന്‍തോതില്‍ ധനസഹായം നല്‍കിയിരുന്നു. ഇന്ത്യയ്ക്ക് അവരെ പിന്തുടരണമെങ്കില് ദീര്‍ഘകാല നിക്ഷേപം, കൂടുതല്‍ വെഞ്ചര്‍ ക്യാപിറ്റല്‍, സര്‍ക്കാരിന്റെ തുടര്‍ച്ചയായ വാങ്ങല്‍ നയങ്ങള്‍ എന്നിവ അനിവാര്യമാണ്.
Content Highlights: India's private space industry is entering a new era, with startups like Skyroot, Pixxel, and GalaxEye leading innovation through advanced satellite technology, supported by ISRO, government reforms, and rising investments