ന്യൂഡൽഹി: ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ (ക്രൂഡ് ഓയില്) വില കുറഞ്ഞിട്ടും രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉടൻ കുറയാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്. കുറഞ്ഞ വിലയിലുള്ള ക്രൂഡോയിൽ നിലവിൽ ഇന്ത്യയിൽ ലഭ്യമായിട്ടില്ലെന്നും, ഇതിനായി ഇനിയും സമയമെടുക്കുമെന്നുമാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. ഇതോടൊപ്പം മുൻപുണ്ടായ വൻ സാമ്പത്തിക നഷ്ടവും പശ്ചിമേഷ്യയിലെ അസ്ഥിരമായ സാഹചര്യങ്ങളും ചൂണ്ടിക്കാട്ടി വില കുറയ്ക്കാനാകില്ലെന്ന കടുത്ത നിലപാടിലാണ് എണ്ണക്കമ്പനികൾ.
നിലവിൽ രാജ്യത്ത് വിതരണം ചെയ്യുന്നത് രാജ്യാന്തര വിപണിയിൽ വലിയ വിലയുണ്ടായിരുന്ന സമയത്ത് വാങ്ങിയ ക്രൂഡോയിലാണ്. കുറഞ്ഞ നിരക്കിലുള്ള പുതിയ എണ്ണശേഖരം രാജ്യത്തെത്താൻ ഇനിയും സമയമെടുക്കും. അത് എത്തിയതിനു ശേഷം മാത്രമേ ഇന്ധനവില കുറയ്ക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയുള്ളൂ എന്നാണ് കമ്പനികളുടേയും നിലപാട്.
ആഗോള വിപണിയിൽ നേരിയ തോതിൽ വില കുറഞ്ഞെങ്കിലും തങ്ങളുടെ പ്രതിസന്ധി പെട്ടെന്ന് മാറില്ലെന്നാണ് എണ്ണക്കമ്പനികൾ വ്യക്തമാക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം ഉടലെടുത്തതിന് ശേഷം മാത്രം എണ്ണവിപണിയിൽ ഏകദേശം 75,000 കോടി രൂപയുടെ ഭീമമായ സാമ്പത്തിക നഷ്ടമാണ് കമ്പനികൾക്ക് ഉണ്ടായിട്ടുള്ളത്.
ഇപ്പോൾ എണ്ണവിൽപനയിൽ നിന്ന് ലഭിക്കുന്ന ചെറിയ ലാഭമുപയോഗിച്ച് ഈ വലിയ നഷ്ടത്തിന്റെ പകുതിയെങ്കിലും നികത്തേണ്ടതുണ്ട്. അതിനാൽ പെട്ടെന്നൊരു വിലക്കുറവ് പ്രായോഗികമല്ലെന്നാണ് കമ്പനികൾ നൽകുന്ന ന്യായീകരണം. കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് വലിയ സമ്മർദ്ദമുണ്ടായാൽ പോലും അതിന് വഴങ്ങുന്ന സൂചനകളൊന്നും കമ്പനികൾ നൽകുന്നില്ല.
എണ്ണവിലയിൽ നേരിയ കുറവുണ്ടായെങ്കിലും, വിദേശത്തുനിന്ന് എണ്ണ എത്തിക്കുന്നതിനുള്ള ചിലവുകൾ ഇപ്പോഴും ഉയർന്ന നിലയിലാണ്. സുരക്ഷിതമല്ലാത്ത പാതകളിലൂടെയുള്ള ചരക്കുനീക്കത്തിന് നൽകേണ്ടി വരുന്ന ഇൻഷുറൻസ് പ്രീമിയവും മറ്റു യാത്രാച്ചെലവുകളും കുറഞ്ഞിട്ടില്ല.
അതോടൊപ്പം, പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം പൂർണ്ണമായും പഴയപടിയായിട്ടില്ലെന്നതും കമ്പനികൾ ചൂണ്ടിക്കാണിക്കുന്നു. ഏതു നിമിഷവും കാര്യങ്ങൾ മാറിമറിയാമെന്നും, എണ്ണവില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നും കമ്പനികൾ ഭയപ്പെടുന്നു. നിലവിലെ താൽക്കാലിക ആശ്വാസം മാത്രം പരിഗണിച്ച് ഇന്ധനവില കുറയ്ക്കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് കമ്പനികൾ. ചുരുക്കത്തിൽ, അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവിന്റെ ആനുകൂല്യം സാധാരണക്കാരിലേക്ക് എത്താൻ ഇനിയും കാത്തിരിക്കേണ്ടി വരും.
Content Highlights: Petrol and diesel prices in India are unlikely to decline in the near term even though global crude oil prices have eased. This is because much of the fuel currently being distributed was refined from crude oil purchased earlier at higher prices, delaying the impact of lower international oil prices on domestic fuel rates.