ദിവസവും തലമുടി ചീകുമ്പോൾ കൊഴിഞ്ഞുപോകുന്നതും നമ്മൾ ഒട്ടും വിലനൽകാതെ ചപ്പുചവറുകൾക്കൊപ്പം ഡസ്റ്റ്ബിന്നിലേക്ക് വലിച്ചെറിയുന്നതുമായ മുടിയിഴകൾക്ക് കോടിക്കണക്കിന് രൂപയുടെ മൂല്യമുണ്ടെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ഒരു കാലത്ത് വെറും മാലിന്യമായി മാത്രം കണ്ടിരുന്ന ഈ മനുഷ്യമുടി ഇന്ന് ആഗോള വിപണിയിൽ വൻ ഡിമാന്റുള്ള ഒരു പ്രധാന ബിസിനസ്സ് ഉൽപ്പന്നമാണ്. അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിൽ ചിലപ്പോഴൊക്കെ അസ്വാരസ്യങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും, കോടികൾ മറിയുന്ന ഈ മുടി ബിസിനസിന്റെ കാര്യത്തിലേക്ക് വരുമ്പോൾ ഇരുരാജ്യങ്ങളും തമ്മിൽ വളരെ ശക്തമായ പങ്കാളിത്തമാണ് പുലർത്തുന്നത്. ലോകത്തെ വിഗ്ഗ് വിപണിയെ നിയന്ത്രിക്കുന്ന ഈ അദൃശ്യ ബിസിനസ്സ് ശൃംഖലയുടെ കഥ തികച്ചും കൗതുകമുണർത്തുന്നതാണ്.
ലോകത്തിന്റെ 'വിഗ്ഗ് തലസ്ഥാനം' എന്നറിയപ്പെടുന്നത് ചൈനയിലെ ഹെനാൻ പ്രവിശ്യയിലുള്ള സുചാങ് എന്ന നഗരമാണ്. ഇതൊരു ആധുനിക ബിസിനസ്സ് മാത്രമല്ല, തലമുറകളായി കൈമാറിവന്ന ഒരു പഴയ പാരമ്പര്യത്തിന്റെ തുടർച്ചയാണ് എന്നതാണ് ശ്രദ്ധേയം. ചെറിയ രീതിയില് തുടങ്ങിയ ഈ വ്യവസായ കേന്ദ്രം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ വിഗ്ഗ് നിർമ്മാതാക്കളായ 'റെബേക്ക ഹെയർ' (Rebecca Hair) ഉൾപ്പെടെയുള്ള വമ്പൻ കമ്പനികളുടെ കേന്ദ്രമാണ്.സുചാങ്ങിൽ മനുഷ്യമുടി ഇന്ന് കേവലം മുടി മാത്രമല്ല, അവർക്കിത് 'കറുത്ത പൊന്നാണ്' (Black Gold).
കെമിക്കലുകൾ ഒന്നും ചേർക്കാത്ത, നീളമുള്ള നല്ലയിനം മുടിക്ക് അന്താരാഷ്ട്ര വിപണിയിൽ വൻ വിലയാണുള്ളത്. ഇത്തരം മുടികൾ തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യാപാരികൾ ഇവിടെയെത്തുന്നു. പണ്ട് കാലത്ത് വിഗ്ഗുകൾ രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും പ്രൗഢിയുടെയും അധികാരത്തിന്റെയും പ്രതീകമായിരുന്നു. എന്നാൽ ഇന്ന് ഫാഷൻ, സൗന്ദര്യം, വിനോദം, അതോടൊപ്പം തന്നെ ആരോഗ്യം (ക്യാൻസർ പോലുള്ള രോഗങ്ങൾ കാരണം മുടി നഷ്ടപ്പെടുന്നവർക്ക്) എന്നീ മേഖലകളിലെല്ലാം ഒഴിച്ചുകൂടാനാവാത്ത ഒരു നിത്യോപയോഗ സാധനമായി വിഗ്ഗുകൾ മാറിക്കഴിഞ്ഞു. തലയിൽ വെയ്ക്കുന്ന വിഗ്ഗുകൾ മുതൽ കൃത്രിമ കൺപീലികൾ വരെ നീളുന്ന വൻ ഉൽപ്പന്നനിരയാണ് സുചാങ്ങിലെ ഫാക്ടറികളിൽ നിർമ്മിക്കുന്നത്.
ചൈനയിലെ ഈ വ്യവസായത്തിന്റെ യഥാർത്ഥ ഹൃദയമിടിപ്പ് നിൽക്കുന്നത് നമ്മുടെ ഇന്ത്യയിലാണ് എന്നതാണ് വസ്തുത. ചൈനയിൽ സ്വന്തം മുടി വിൽക്കുന്നവരുടെ എണ്ണം വൻതോതിൽ കുറഞ്ഞതോടെ, അവർ അസംസ്കൃത വസ്തുക്കൾക്കായി ഇന്ത്യ, ഇന്തോനേഷ്യ, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളെ ആശ്രയിക്കാൻ തുടങ്ങി. ചൈനയിലെ പ്രമുഖ വിഗ്ഗ് നിർമ്മാണ കമ്പനികൾ അവകാശപ്പെടുന്നത് അവരുടെ ഉൽപ്പന്നങ്ങൾക്ക് ആവശ്യമായ മുടിയുടെ 60 ശതമാനത്തിലധികം വരുന്നത് ഇന്ത്യയിൽ നിന്നാണെന്നാണ്.
നമ്മൾ കളയുന്ന മുടി ആഗോള വിപണിയിൽ എത്തുന്നതിന് പിന്നിൽ വലിയൊരു ശ്രേണി തന്നെ പ്രവർത്തിക്കുന്നുണ്ട്. വീടുകളിൽ നിന്നും ബ്യൂട്ടി പാർലറുകളിൽ നിന്നും ശേഖരിക്കുന്ന മുടിയിഴകൾ വേർതിരിച്ച് ആറ് ഇഞ്ചിൽ കൂടുതൽ നീളമുള്ളവ മാറ്റിവെച്ച് 'മുടിപ്പന്തുകൾ' (Hair balls) ആക്കുകയാണ് ആദ്യ പടി. തുടർന്ന് വ്യാപാരികൾ ഇവ ശേഖരിച്ച് കഴുകി, വൃത്തിയാക്കി, വലിപ്പവും ഒരേ കനവുമുള്ള മുടിയിഴകളാക്കി മാറ്റുന്നു.
ഇന്ത്യയിൽ തന്നെ ഈ വ്യവസായത്തിന്റെ പകുതിയോളം പശ്ചിമ ബംഗാൾ സംസ്ഥാനമാണ്. രാജ്യത്തെ മനുഷ്യമുടി കയറ്റുമതിയുടെ പകുതിയും നടക്കുന്നത് ഇവിടെ നിന്നാണ്. 2025-ലെ സ്റ്റാറ്റിസ്റ്റ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ മനുഷ്യമുടി കയറ്റുമതി വിപണി ഏതാണ്ട് 700 മില്യൺ ഡോളർ (ഏകദേശം 5,800 കോടിയിലധികം രൂപ) മൂല്യമുള്ളതാണ്.
Content Highlights: Human hair has emerged as a high-value global commodity, often referred to as the 'black gold' of the head. India and China dominate the international hair trade, exporting raw and processed hair for wigs, hair extensions, and cosmetic products, generating a business worth hundreds of crores every year.