കഴിഞ്ഞ ദിവസമാണ് ആപ്പിൾ പ്രേമികളെ ഞെട്ടിച്ചുകൊണ്ട് ആ വാർത്ത വന്നത്. ആപ്പിൾ പ്രൊഡക്ടുകളുടെ വില കുത്തനെ കൂടിയിരിക്കുന്നു. ചെറിയ വർധനവായിരുന്നെങ്കിൽ പോട്ടെ എന്ന് വെയ്ക്കാം. പക്ഷെ ഇന്നലെ ഉണ്ടായത് 50% വരെയുള്ള വിലവർധനവാണ്. മാക്ബുക്ക്, ഐപാഡ്, ഹോംപാഡ് എന്നിവയ്ക്കെല്ലാമാണ് വില കൂടിയത്. എന്നാൽ ഐഫോണിന് മാത്രം വിലവർധനവ് ഉണ്ടായിരുന്നില്ല. അതെന്തുകൊണ്ട് എന്ന ചർച്ചയാണ് ഇപ്പോൾ സജീവമായിരിക്കുന്നത്.
ആപ്പിളിനെ സംബന്ധിച്ച് അവരുടെ ഏറ്റവും വിറ്റുവരവുള്ള ഡിവൈസാണ് ആപ്പിൾ ഐഫോൺ എന്നത്. ഓരോ മോഡലുകളെയും അത്രത്തോളം ആവേശത്തോടെയാണ് ജനങ്ങൾ സ്വീകരിക്കാറുള്ളത്. അതുകൊണ്ട്, ഐഫോണിന്റെ വില വർധിച്ചാൽ ആപ്പിളിന് എളുപ്പം പണം വാരാമായിരുന്നു എന്നതാണ് സത്യം. എന്നാൽ ആപ്പിൾ അതിന് തുനിയാത്തതിന്റെ കാരണവും ആ ഐഫോണിനുള്ള ഉപഭോക്ത്ര സ്വീകാര്യതയാണ്.
ഐഫോണിന് വില വർധിപ്പിച്ചാൽ വില്പന ഇടിയുമെന്നും തുടർന്ന് കമ്പനിയുടെ സാമ്പത്തിക അടിത്തറ ഇളകുമെന്നും ആപ്പിൾ കണക്ക് കൂട്ടിയിട്ടുണ്ടാകുമെന്നാണ് ടെക്ക് നിരീക്ഷകരുടെ വാദം. ആപ്പിളിന്റെ 50 ശതമാനം വരുമാനവും ലഭിക്കുന്നത് ഐഫോണിലൂടെയാണ്. ഓരോ വർഷവും ആപ്പിളിന് വൻ ലാഭം നേടിക്കൊടുക്കുന്നത് ഐഫോൺ ആണ്.
ഒരു കണക്ക് മാത്രം നോക്കാം. 2025 സാമ്പത്തികവർഷത്തിലെ അവസാനപാദത്തിൽ ആപ്പിളിന്റെ വരുമാനം 16 ശതമാനമാണ് കുതിച്ചുയർന്നത്. ഇതിന് പ്രധാന കാരണക്കാരൻ ഐഫോൺ ആയിരുന്നു. ഐഫോൺ മാത്രം 23% അധിക ലാഭമാണ് ആപ്പിളിന് നേടിക്കൊടുത്തത്. ഇങ്ങനെ ശക്തമായ ഒരു ഉപഭോക്ത്ര അടിത്തറ ഉണ്ടെന്നിരിക്കെ ഐഫോണിന് വില വർധിപ്പിക്കുന്നത് ആപ്പിളിനെ തിരിച്ചടിച്ചേക്കും. ഈ ചിന്തയാണ് ഐഫോൺ ഒഴികെയുള്ള ഡിവൈസുകൾക്ക് വിലവർധനവ് നടപ്പിലാക്കാൻ ആപ്പിളിനെ പ്രേരിപ്പിച്ചത്.
കഴിഞ്ഞ ദിവസമാണ് ആപ്പിൾ ഉത്പന്നങ്ങൾക്ക് വൻ തോതിൽ വില വർധിച്ചത്. മാക്, ഐപാഡ്, ഹോം പാഡ് മോഡലുകൾക്കാണ് വില വർധിച്ചത്. 14 മുതൽ 46 ശതമാനം വരെയാണ് വില വർധിച്ചത്. 512 ജിബിയുടെ മാക്ബുക്ക് എയറിന് 30000 രൂപ വർധിച്ച് 149900 രൂപയായി. നേരത്തെ ഇത് 119900 ആയിരുന്നു.
മാക്ബുക്ക് നിയോവിന് 10,000 രൂപ വർധിച്ച് 79900(69900 ) രൂപയായി. ഹോംപാഡിന് വർധിച്ചത് 12000 രൂപയാണ്. 32900ത്തിൽ നിന്ന് 44900 റോപായയാണ് വർധിച്ചത്. ഹോംപാഡ് മിനി 5000 രൂപ വർധിച്ച് 15900(10900 ) രൂപ, ഐപാഡ് എയർ 11 ഇഞ്ച് M4ന് 25000 രൂപ വർധിച്ച് 89900(64900) രൂപ, ഐപാഡ് പ്രൊ 11 ഇഞ്ചിന് 40000 രൂപ വർധിച്ച് 139900(99900) രൂപ, മാക്ബുക്കിന് 50000 രൂപ വർധിച്ച് 239900 (189900) രൂപയുമാണ് ആയത്.
നേരത്തെതന്നെ ടിം കുക്ക് വിലവർധനവിനെ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഐഫോൺ 18ന് വില കൂടുമെന്നായിരുന്നു മുന്നറിയിപ്പ്. അതിന് കാരണമായി അദ്ദേഹം പറയുന്നത് ഫോണിന് വേണ്ട ചിപ്പുകൾക്ക് ഉണ്ടായ വിലക്കയറ്റമാണ്. വിലവർധനവ് ഒഴിവാക്കാനാകാത്തതാണ് എന്ന വലിയ സൂചനയാണ് അദ്ദേഹം നൽകിയത്. എന്നാൽ അതിന് മുൻപേ ആപ്പിൾ ഉത്പന്നങ്ങളുടെ വില കൂടിയ കാഴ്ചയാണ് നമുക്ക് കാണാനാകുന്നത്. നിർമാണ വസ്തുക്കളുടെ വിലവർധനവും മറ്റുമാണ് ഇതിന് കാരണമായി ആപ്പിൾ പറയുന്നത്.
Content Highlights: Tech analysts believe Apple didnt increase iPhone prices significantly as higher prices could reduce sales and impact the company's revenue. iPhone contributes nearly 50% of Apple's total earnings.