ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളായ ഫോക്സ്വാഗണ് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പുനഃസംഘടനയ്ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജര്‍മ്മനിയിലെ നാല് ഫാക്ടറുകള്‍ അടച്ചുപൂട്ടുകയും ഒരു ലക്ഷം ജീവനക്കാരെ വരെ പിരിച്ചുവിടുകയും ചെയ്യാനുള്ള പദ്ധതി കമ്പനി പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ജൂലൈ 9ന് ചേരുന്ന കമ്പനിയുടെ സൂപ്പര്‍വൈസറി ബോര്‍ഡ് യോഗത്തില്‍ ഈ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. ഹാനോവര്‍, സ്വിക്കാവു, എംഡന് എന്നിവിടങ്ങളിലെ ഫോക്സ്വാഗണ് ഫാക്ടറികളും ഓഡിയുടെ നെക്കാര്സലം പ്ലാന്റും അടച്ചുപൂട്ടുന്നതാണ് പരിഗണനയിലുള്ളത്. ഇത് നടപ്പായാല്‍ 45,000ത്തിലധികം തൊഴിലവസരങ്ങളെ ഇത് നേരിട്ട് ബാധിക്കും. നേരത്തെ പ്രഖ്യാപിച്ചിരുന്ന 50,000 തൊഴില്‍ വെട്ടിക്കുറയ്ക്കലും കൂടി ചേര്‍ത്താല്‍ ആകെ ഒരു ലക്ഷം തൊഴില്‍ നഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കും.
ചൈനീസ് വാഹന കമ്പനികളില്‍ നിന്നുള്ള കടുത്ത മത്സരം, അമേരിക്കയുടെ ഉയര്‍ന്ന ഇറക്കുമതി തീരുവ, യൂറോപ്പിലെ വാഹന ആവശ്യകതയിലെ ഇടിവ് എന്നിവയാണ് കമ്പനിയെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യത്തില്‍ കമ്പനിയുടെ ബിസിനസ് മാതൃക ദീര്‍ഘകാലം നിലനിര്‍ത്താന്‍ കഴിയില്ലെന്ന് ഫോക്സ്വാഗണ് നേരത്തേ വ്യക്തമാക്കിയിരുന്നു.
കമ്പനിയുടെ സിഇഒ ഒലിവര്‍ ബ്ലൂമെ ഈ നിര്‍ദേശങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി പങ്കുവെച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ തൊഴിലാളി യൂണിയനുകളില്‍ നിന്നും കമ്പനിയിലെ പ്രധാന ഓഹരി ഉടമകളിലൊരാളായ ലോവര്‍ സാക്സണി സംസ്ഥാന സര്‍ക്കാരില്‍ നിന്നും ശക്തമായ എതിര്‍പ്പ് നേരിടാന്‍ സാധ്യതയുണ്ട്.
ഈ പദ്ധതി നടപ്പായാല്‍, വാഹന വ്യവസായ ചരിത്രത്തിലെ ഏറ്റവും വലിയ പുനഃസംഘടനകളിലൊന്നായി ഇത് മാറും.
Content Highlights: Volkswagen is reportedly considering closing four factories in Germany and cutting up to 100,000 jobs as the automaker battles rising competition from China, US tariffs, and weakening demand across Europe