കേന്ദ്ര കൃഷിമന്ത്രിയുടെ വെള്ളരി കൃഷിക്ക് 99.6 ലക്ഷം രൂപ സബ്‌സിഡി: അതും സ്വന്തം വകുപ്പില്‍ നിന്ന്

മന്ത്രി വൈസ് പ്രസിഡന്റായിരിക്കുന്ന അതേ ഹോർട്ടികൾച്ചർ ബോർഡിൽ നിന്നാണ് ഈ തുക അനുവദിച്ചിരിക്കുന്നത്

ന്യൂഡൽഹി: സ്വന്തം മന്ത്രാലയത്തിന് കീഴിലുള്ള സബ്‌സിഡി പദ്ധതിയിലൂടെ വൻതുക കൈപ്പറ്റി കേന്ദ്ര കാർഷിക-കർഷക ക്ഷേമ വകുപ്പ് സഹമന്ത്രിയായ ഭഗീരഥ് ചൗധരി . രാജസ്ഥാനിലെ തന്റെ വെള്ളരി കൃഷിത്തോട്ടം കാണിച്ചാണ് നാഷണൽ ഹോർട്ടികൾച്ചർ ബോർഡിന്റെ പദ്ധതി വഴി മന്ത്രി 99.60 ലക്ഷം രൂപ സബ്‌സിഡിയായി നേടിയത്. മന്ത്രി വൈസ് പ്രസിഡന്റായിരിക്കുന്ന അതേ ഹോർട്ടികൾച്ചർ ബോർഡിൽ നിന്നാണ് ഈ തുക അനുവദിച്ചിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

രാജസ്ഥാനിലെ ദീദ്‌വാന-കുചാമൻ ജില്ലയിലുള്ള പീഹ് ഗ്രാമത്തിലെ മന്ത്രിയുടെ തോട്ടത്തിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡില്‍ തന്നെ കേന്ദ്ര കാർഷിക മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഹോർട്ടികൾച്ചർ ബോർഡിന്റെ സഹായത്തോടെയാണ് ഈ കൃഷി എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഉപഭോക്താവിന്റെ പേര് "മിസ്റ്റർ ഭഗീരഥ് ചൗധരി" എന്നും സബ്‌സിഡി തുക ആകെ ചെലവിന്റെ 50 ശതമാനമായ 99,60,000 രൂപയാണെന്നും ബോർഡിലുണ്ട്. എന്നാൽ ഈ ഗുണഭോക്താവ് ബോർഡിന്റെ വൈസ് പ്രസിഡന്റ് കൂടിയായ കേന്ദ്രമന്ത്രിയാണെന്ന വിവരം ബോർഡിൽ ഇല്ല.

റിപ്പോർട്ടുകള്‍ പ്രകാരം അജ്മീറിൽ നിന്നുള്ള എം.പിയുമായ ചൗധരി 2025 ഏപ്രിൽ 15-നാണ് സബ്‌സിഡിക്കായി അപേക്ഷ നൽകിയത്. അപേക്ഷ നൽകി വെറും 14 ദിവസങ്ങൾക്കകം (ഏപ്രിൽ 29-ന്) പദ്ധതിക്ക് തത്വത്തിൽ അംഗീകാരം ലഭിച്ചു. തുടർന്ന് 2026 മാർച്ച് 11-ന് അന്തിമ അനുമതി ലഭിക്കുകയും, മാർച്ച് 30-ഓടെ 99.03 ലക്ഷം രൂപ മന്ത്രി എച്ച്ഡിഎഫ്സി ബാങ്കിൽ നിന്ന് എടുത്ത വായ്പയുടെ അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടുകയും ചെയ്തു. ആകെ 1.99 കോടി രൂപ ചിലവ് വരുന്ന പ്രോജക്റ്റിനായി 1.49 കോടി രൂപയാണ് മന്ത്രി ബാങ്ക് വായ്പ എടുത്തിരുന്നത്.

നിയമപരമായി സബ്‌സിഡി അനുവദിക്കുന്ന അപ്രൂവൽ കമ്മിറ്റിയിൽ മന്ത്രി നേരിട്ട് പങ്കാളിയല്ലെങ്കിലും, സ്വന്തം വകുപ്പിന് കീഴിലെ ഫണ്ട് കൈപ്പറ്റിയതാണ് ചോദ്യങ്ങൾ ഉയർത്തുന്നത്. 2025 മാർച്ചിൽ പ്രധാനമന്ത്രിയുടെ ഓഫീസിന് സമർപ്പിച്ച ആസ്തിവിവര പ്രഖ്യാപനത്തിൽ പീഹ് ഗ്രാമത്തിലെ കൃഷിഭൂമിയെക്കുറിച്ച് പരാമർശമുണ്ടെങ്കിലും ഈ വൻകിട പ്രോജക്റ്റിനെക്കുറിച്ച് വ്യക്തമാക്കിയിരുന്നില്ല. എന്നാൽ ഈ പദ്ധതിയുടെ വിവരങ്ങൾ പിന്നീട് സർക്കാരിനെ അറിയിക്കുമെന്നാണ് മന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണമെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

Content Highlights: The Union Agriculture Minister has come under scrutiny following reports that he received a subsidy of ₹99.6 lakh for cucumber cultivation through a scheme administered by his own department. The development has sparked political debate, with questions being raised over the approval process, transparency, and possible conflict of interest.

To advertise here,contact us