മസ്കറ്റ്: ഗൾഫിൽ മികച്ച ജോലി വാഗ്ദാനം ചെയ്ത് ഒമാനിലെത്തിച്ച മലയാളി യുവതിയടക്കമുള്ള തൊഴിലാളികൾ ദുരിതത്തിലെന്ന് റിപ്പോർട്ട്. ദുബായിൽ ഗാർഹിക ജോലി വാഗ്ദാനം ചെയ്ത് ഒമാനിലേക്ക് എത്തിച്ച യുവതികളെ ഇപ്പോൾ തിരികെ നാട്ടിലേക്ക് വരാൻ ഏജന്റുമാർ വൻതുക ആവശ്യപ്പെടുകയും ചെയ്യുന്നതായാണ് പരാതി. ജാർഖണ്ഡിലെ സിംഡേഗ ജില്ലയിൽ നിന്നുള്ള 22 കാരിയായ പ്രീതി കുജൂർ എന്ന ആദിവാസി യുവതിയാണ് തങ്ങൾ ഒമാനിൽ നേരിടുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ മാധ്യമങ്ങളോട് തുറന്നുപറഞ്ഞത്. തനിക്കൊപ്പം കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ഒരു മലയാളി യുവതിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവർ വെളിപ്പെടുത്തുന്നു.
ദുബായിൽ ഗാർഹിക ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പ്രീതിയെയും മറ്റ് രണ്ട് യുവതികളെയും ഏജന്റുമാർ ഈ വർഷം ആദ്യം വഴി ഡൽഹിയിൽ എത്തിച്ചത്. എന്നാൽ വിമാനം കയറുന്നതിന് തൊട്ടുമുമ്പ് ഇവരോട് ദുബായിക്ക് പകരം ഒമാനിലേക്കാണ് പോകുന്നതെന്ന് അറിയിക്കുകയായിരുന്നു. യുവതികൾ ഇതിനെ എതിർത്തപ്പോൾ, ഒമാനിൽ ഏതാനും മാസങ്ങൾ ജോലി ചെയ്ത ശേഷം ദുബായിലേക്ക് മാറ്റാമെന്ന് റിക്രൂട്ടർമാർ ഉറപ്പ് നൽകി.
എന്നാൽ ഒമാൻ എയർപോർട്ടിൽ ഇറങ്ങിയ ഉടൻ തന്നെ അവിടുത്തെ പ്രാദേശിക ഏജന്റ് ഇവരുടെ ഫോണുകളും പാസ്പോർട്ടുകളും പിടിച്ചെടുക്കുകയും ഒരു മുറിയിൽ പൂട്ടിയിടുകയും ചെയ്തതായി പ്രീതി ആരോപിക്കുന്നു. നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോൾ യാത്രാച്ചെലവിനത്തിലും റിക്രൂട്ട്മെന്റ് ഫീസിനത്തിലും തങ്ങൾക്ക് വലിയ തുക ചിലവായിട്ടുണ്ടെന്നും അത് തിരികെ തരാതെ വിടില്ലെന്നുമാണ് ഏജന്റുമാർ പറയുന്നത്. പ്രീതിക്ക് നാട്ടിലേക്ക് മടങ്ങണമെങ്കിൽ 1.2 ലക്ഷം രൂപ നൽകണമെന്നാണ് ആവശ്യം. ഇവർക്കൊപ്പം ഒമാനിലെത്തിയ രേഖ കെർക്കറ്റ (25) എന്ന മറ്റൊരു യുവതി കുടുംബാംഗങ്ങൾ വഴി 1.4 ലക്ഷം രൂപ ഏജന്റുമാർക്ക് കൈമാറിയാണ് കഴിഞ്ഞ മാസം ഒമാനിൽ നിന്നും രക്ഷപ്പെട്ട് നാട്ടിലെത്തിയത്.
നിലവിൽ ഒമാനിൽ കുടുങ്ങിക്കിടക്കുന്ന മലയാളി യുവതിയുടെ അവസ്ഥ അതീവ ഗുരുതരമാണെന്ന് പ്രീതി ഫോണിലൂടെ വ്യക്തമാക്കി. "എനിക്കൊപ്പം കേരളത്തിൽ നിന്നുള്ള ഒരു പെൺകുട്ടിയുമുണ്ട്. അവൾ കടുത്ത ആരോഗ്യ പ്രശ്നങ്ങള് നേരിടുന്നുണ്ട്.. ദിവസം ചെല്ലുന്തോറും അവളുടെ ആരോഗ്യം വഷളായിക്കൊണ്ടിരിക്കുകയാണ്. ഞങ്ങൾക്ക് കൃത്യമായി ഭക്ഷണം പോലും ലഭിക്കുന്നില്ല. ഇങ്ങനെ പോയാൽ അവളുടെ ജീവൻ തന്നെ അപകടത്തിലാകും. ഞങ്ങൾക്ക് എങ്ങനെയെങ്കിലും ഞങ്ങളുടെ ഗ്രാമങ്ങളിലേക്ക് മടങ്ങിയാൽ മതി," പ്രീതി പറയുന്നു.
ആദിവാസി അവകാശ പ്രവർത്തകയായ അഗസ്റ്റിന സോറൻ വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ജാർഖണ്ഡ് തൊഴിൽ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് മൈഗ്രന്റ് വർക്കേഴ്സ് സെൽ പ്രതിനിധി ശിഖ ലക്ര വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഒമാനിൽ കുടുങ്ങിയ യുവതിയുമായി വകുപ്പ് ബന്ധപ്പെട്ടിട്ടുണ്ടെന്നും, ഇവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസിയുടെ സഹായം തേടിയിട്ടുണ്ടെന്നും അവർ അറിയിച്ചു. വിദേശകാര്യ മന്ത്രാലയവും എംബസിയും അടിയന്തിരമായി ഇടപെട്ട് മലയാളി യുവതിയടക്കമുള്ളവരെ രക്ഷിക്കണമെന്നാണ് കുടുംബാംഗങ്ങളുടെ ആവശ്യം.
Content Highlights:A complaint has been lodged alleging that a Malayali woman who accepted a job offer in Dubai was instead taken to Oman, where she is reportedly stranded. The case has raised concerns over overseas recruitment practices, with authorities expected to examine the allegations and take appropriate action if violations are found.