ചൈന, ജപ്പാന്, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ഹോട്ട് റോള്‍ഡ് സ്റ്റീലിനെതിരെ അന്വേഷണം ആരംഭിച്ച് ഇന്ത്യ. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രേഡ് റെമഡീസ് (DGTR)ആണ് അന്വേഷണം നടത്തുന്നത്.
ജെഎസ്ഡബ്ള്യു സ്റ്റീല്‍, ജിന്‍ഡാല്‍ സ്റ്റീല്‍ എന്നീ കമ്പനികള്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി. പരാതിയില്‍, ചൈന, ജപ്പാന്, റഷ്യ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അലോയ്, നോണ്‍-അലോയ് ഹോട്ട് റോള്‍ഡ് ഫ്ലാറ്റ് സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ സാധാരണ വിലയേക്കാള്‍ വളരെ കുറഞ്ഞ വിലയ്ക്ക് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നതിലൂടെ ആഭ്യന്തര സ്റ്റീല്‍ വ്യവസായത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുന്നുവെന്നാണ് ആരോപണം.
2022 മുതല്‍ 2025 വരെയുള്ള ഇറക്കുമതി വിവരങ്ങള്‍ പരിശോധിച്ചാണ് അന്വേഷണം നടക്കുക. പ്രാഥമിക പരിശോധനയില്‍, ഈ ഉല്‍പ്പന്നങ്ങള്‍ സാധാരണ വിലയേക്കാള്‍ ഗണ്യമായി കുറഞ്ഞ വിലയിലാണ് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തതെന്നും, ഡമ്പിംഗ് മാര്‍ജിന്‍ നിശ്ചിത പരിധിയേക്കാള്‍ കൂടുതലാണെന്നും DGTR കണ്ടെത്തി. അതിനാല്‍ അന്വേഷണം ആരംഭിക്കാന്‍ മതിയായ പ്രാഥമിക തെളിവുകള്‍ ലഭിച്ചതായി അധികൃതര്‍ അറിയിച്ചു.
ഈ സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ ഓട്ടോമൊബൈല്‍, എണ്ണ-വാതക പൈപ്പ്ലൈന്, കോള്‍ഡ് റോള്‍ഡ് സ്റ്റീല്‍ നിര്‍മ്മാണം, പൈപ്പ് നിര്‍മ്മാണം, ജനറല്‍ എന്‍ജിനീയറിങ്, നിര്‍മാണ മേഖല, സിമന്റ്, വളം, റിഫൈനറി, ഖനന യന്ത്രങ്ങള്‍ തുടങ്ങിയ വിവിധ വ്യവസായങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നവയാണ്. അതേസമയം, ചൈന, മലേഷ്യ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഡയലൈസറുകള്‍ സംബന്ധിച്ച ഡമ്പിംഗ് പരാതിയിലും DGTR പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: India has launched an anti-dumping investigation into certain hot rolled steel imports from China, Japan and Russia after domestic steelmakers alleged that low-priced imports are causing significant injury to the Indian steel industry