യുഎഇ നിവാസികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന എത്തിഹാദ് റെയിലിന്റെ ആദ്യ യാത്രാ ട്രെയിൻ സർവീസിലോക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിക്കുന്നു. ജൂൺ 30-ന് ആരംഭിക്കുന്ന ആദ്യ സർവീസിനായി സീറ്റുകൾ മുൻകൂട്ടി ഉറപ്പാക്കാൻ സ്വദേശികൾക്കും സന്ദർശകർക്കും ഒരുപോലെ അവസരമുണ്ട്. യുഎഇയിലെ വിവിധ എമിറേറ്റുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതി രാജ്യത്തെ നഗരങ്ങൾ തമ്മിലുള്ള ദീർഘദൂര യാത്രകളിൽ വലിയ വിപ്ലവമാണ് സൃഷ്ടിക്കാൻ പോകുന്നത്.
ആദ്യ ഘട്ട സർവീസുകൾക്കായി ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് വലിയ തോതിലുള്ള ഓഫറുകളാണ് എത്തിഹാദ് റെയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. പരിമിത കാലത്തേക്കുള്ള ഈ പ്രത്യേക ഓഫർ പ്രകാരം ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. അബുദാബി - ഫുജൈറ റൂട്ടിലെ ഉദ്ഘാടന സർവീസിന് വെറും 55 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ബുക്കിങ് പ്ലാറ്റ്ഫോം നൽകുന്ന വിവരങ്ങൾ പ്രകാരം കംഫർട്ട് ക്ലാസ് ടിക്കറ്റുകൾ യഥാർത്ഥ നിരക്കായ 109 ദിർഹത്തിൽ നിന്നും പകുതിയായി കുറച്ച് 55 ദിർഹത്തിനും, പ്രീമിയം ക്ലാസ് ടിക്കറ്റുകൾ യഥാർത്ഥ നിരക്കായ 239 ദിർഹത്തിൽ നിന്നും കുറഞ്ഞ് 120 ദിർഹത്തിനും ഇപ്പോൾ സ്വന്തമാക്കാവുന്നതാണ്.
എയർലൈനുകളിലേതുപോലെ യാത്രക്കാരുടെ ആവശ്യാനുസരണം തിരഞ്ഞെടുക്കാൻ സാവർ, വാല്യൂ, ഫ്ലെക്സ് എന്നീ കാറ്റഗറികളും എത്തിഹാദ് റെയിൽ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ 2 മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്കും, 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും പ്രത്യേക ഇളവുകൾ ഉണ്ടാകും. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് രക്ഷിതാക്കളുടെ മടിയിലിരുന്ന് തികച്ചും സൌജന്യമായി യാത്ര ചെയ്യാൻ സാധിക്കും.
എത്തിഹാദ് റെയിലിന്റെ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ഔദ്യോഗിക ബുക്കിങ് വെബ്സൈറ്റ് വഴിയോ യാത്രക്കാർക്ക് തീയതിയും ക്ലാസും തിരഞ്ഞെടുത്ത് ഓൺലൈനായി പേയ്മെന്റ് പൂർത്തിയാക്കി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കകം തന്നെ ഉദ്ഘാടന ദിവസത്തെ പല സർവീസുകളിലെയും ടിക്കറ്റുകൾ വിറ്റുതീരുകയോ വളരെ കുറച്ചു മാത്രം ബാക്കിയാവുകയോ ചെയ്തത് പദ്ധതിക്ക് ലഭിച്ച ജനപ്രീതി വ്യക്തമാക്കുന്നു. ആദ്യ ടൈംടേബിൾ പ്രകാരം രണ്ട് ഭാഗത്തേക്കും ദിവസേന മൂന്ന് നേരിട്ടുള്ള സർവീസുകൾ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്.
അബുദാബിയിൽ നിന്ന് രാവിലെ 8:19, ഉച്ചയ്ക്ക് 1:53, വൈകുന്നേരം 6:39 എന്നീ സമയങ്ങളിലും ഫുജൈറയിൽ നിന്ന് പുലർച്ചെ 5:34, രാവിലെ 10:59, വൈകുന്നേരം 5:28 എന്നീ സമയങ്ങളിലുമാണ് ട്രെയിനുകൾ പുറപ്പെടുക. മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ അബുദാബി സ്റ്റേഷനെ അൽ ഹിലാൽ സിറ്റിയിലെ ഫുജൈറ സ്റ്റേഷനുമായാണ് ആദ്യ ഘട്ടത്തിൽ ബന്ധിപ്പിക്കുന്നത്. റോഡ് മാർഗ്ഗമുള്ള ദീർഘദൂര യാത്രയ്ക്ക് പകരമാകുന്ന ഈ ട്രെയിൻ യാത്രയിലൂടെ ഇരു എമിറേറ്റുകൾക്കുമിടയിലെ യാത്രാസമയം വെറും 1 മണിക്കൂറും 45 മിനിറ്റുമായി ചുരുങ്ങും.
ജൂൺ 30-ലെ ലോഞ്ച് അബുദാബി - ഫുജൈറ റൂട്ടിലാണെങ്കിലും മറ്റ് സ്റ്റേഷനുകൾ ഘട്ടങ്ങളായി തുറക്കുമെന്ന് എത്തിഹാദ് റെയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ 30-ഓടെ ദുബായും അൽ ദൈദും റെയില് ശൃംഖലയുടെ ഭാഗമാകും. തുടർന്നുള്ള ഘട്ടങ്ങളിൽ ഡിസംബറിൽ അൽ ദഫ്ര സ്റ്റേഷനുകളും, 2027 മാർച്ചിൽ ഷാർജ സ്റ്റേഷനും പ്രവർത്തനസജ്ജമാകും.
യാത്രക്കാർക്കായി മികച്ച സജ്ജീകരണങ്ങളാണ് എത്തിഹാദ് ഒരുക്കിയിരിക്കുന്നത്. കംഫർട്ട് സീറ്റുകൾ, ഓൺബോർഡ് വൈഫൈ എന്നിവ ട്രെയിനുകളിൽ ലഭ്യമാണ്. 400 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള 13 ട്രെയിനുകളാണ് സർവീസിനായി സജ്ജമാക്കിയിരിക്കുന്നത്. കൂടാതെ സ്റ്റേഷനുകളിൽ വിശാലമായ പാർക്കിങ് ഏരിയകൾ, പ്രാർത്ഥനാ മുറികൾ, ഫാമിലി വെയ്റ്റിങ് ഏരിയകൾ, കഫറ്റീരിയകൾ, റീട്ടെയിൽ ഷോപ്പുകൾ, ടാക്സി-ബസ് കണക്ഷനുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
Content Highlights: The UAE's long-awaited Etihad Rail passenger service is set to begin operations soon, with promotional ticket discounts of up to 50% expected during the launch phase. The rail network aims to transform inter-emirate travel by offering faster, more convenient, and sustainable transportation across the country.