എഐ കാലത്തും കുലുങ്ങാതെ ഇൻഫോസിസ്; 2026 സാമ്പത്തിക വർഷത്തിൽ ജോലിക്കെടുത്തത് 20000 ബിരുദധാരികളെ

ഇതോടെ കമ്പനിയുടെ ആകെ തൊഴിലാളികളുടെ എണ്ണം 325000 ആയി

2026 സാമ്പത്തിക വർഷത്തിൽ ഇൻഫോസിസ് 20000 ബിരുദധാരികളെ ജോലിക്കെടുത്തതായി റിപ്പോർട്ട്. എഐ മൂലം പല കമ്പനികളും തൊഴിലാളികളെ പിരിച്ചുവിടുന്ന സമയത്താണ് ഇൻഫോസിസ് തൊഴിലാളികളെ വ്യാപകമായി റിക്രൂട്ട് ചെയ്തത്. ഇതോടെ കമ്പനിയുടെ ആകെ തൊഴിലാളികളുടെ എണ്ണം 325000 ആയി.

കമ്പനിയുടെ മാനേജ്‌മെന്റ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. 2026 സാമ്പത്തിക വർഷത്തിൽ കമ്പനിക്ക് 3.1 ശതമാനം റവന്യൂ വളർച്ച ഉണ്ടായി എന്നും അച്ചടക്കമുള്ള വർഷമായിരുന്നു ഇതെന്നും മാനേജ്‌മെന്റ് പ്രതിനിധികൾ വാർഷിക ജനറൽ ബോഡി മീറ്റിങ്ങിൽ പറഞ്ഞു. 14.9 ബില്യൺ ഡോളറിന്റെ മൊത്തം കരാർ മൂല്യമുള്ള, 96 വലിയ ഡീലുകളാണ് ഈ സാമ്പത്തിക വർഷം കമ്പനി നേടിയത്. ഇത് ഡിജിറ്റൽ പരിവർത്തനത്തിനും സാങ്കേതിക സേവനങ്ങൾക്കുമുള്ള ഉപഭോക്തൃ ആവശ്യം തുടരുന്നതിന്റെ സൂചനയാണ് എന്നും മാനേജ്‌മന്റ് പറഞ്ഞു.

എഐ വലിയ മുന്നേറ്റം നേടിയിട്ടുണ്ടെങ്കിലും സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് മേഖലയിൽ ഇപ്പോഴും ഗണ്യമായ ജോലികൾ അവശേഷിക്കുന്നുണ്ടെന്നും മാനേജ്‌മെന്റ് പറഞ്ഞു. എഐയിലേക്കുള്ള മാറ്റത്തിന് തങ്ങൾ നേരത്തെ തയാറാണെന്നും കമ്പനി പറഞ്ഞു.ഉപഭോക്താക്കൾക്കിടയിൽ വലിയതോതിലുള്ള AI വിന്യാസ വിടവ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ആ വിടവുകൾ നികത്താൻ സഹായിക്കുന്നത് കമ്പനിയുടെ വളർച്ചയ്ക്കുള്ള ഒരു അവസരമായായിരിക്കും.ഇൻഫോസിസ് പോലുള്ള സ്ഥാപനങ്ങളെ എഐ ബാധിക്കില്ല എന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

അതേസമയം, ഇൻഫോസിസിൽ ഒരു കോടി വാർഷിക ശമ്പളം കൈപ്പറ്റുന്നവരുടെ എണ്ണം കൂടിയിരിക്കുകയാണ്. കമ്പനിയുടെ വാർഷിക പ്രകടന റിപ്പോർട്ടിലാണ് കോടീശ്വരന്മാരുടെ എണ്ണം കൂടിയതായി പറയുന്നത്. 2025 സാമ്പത്തിക വർഷത്തിൽ വെറും 112 പേർ മാത്രമായിരുന്നു ഒരു കോടിക്ക് മുകളിൽ ശമ്പളം വാങ്ങിയിരുന്നത്. എന്നാൽ ഇപ്പോൾ, അതായത് 2026 സാമ്പത്തിക വർഷത്തിൽ അത് 130 പേരായി വർധിച്ചിരിക്കുകയാണ്. 16% വർധനവാണ് കോടീശ്വരന്മാരിൽ ഉണ്ടായിരിക്കുന്നത്.

മുൻ വർഷത്തിലും ഈ സാമ്പത്തിക പാദത്തിലും നടപ്പാക്കിയതായ സ്റ്റോക്ക് ഇൻസെന്റീവുകളുടെ മൂല്യവർധനവാണ് ഈ മാറ്റത്തിന് പ്രധാന കാരണം. ശമ്പള പരിഷ്കരണവും ജീവനക്കാരുടെ ശമ്പളം വർധിക്കാൻ കാരണമായി.

മുൻ വർഷങ്ങളിൽ അനുവദിച്ചതും 2026 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കിയതുമായ സ്റ്റോക്ക് ഇൻസെന്റീവുകളുടെ പെർക്വിസിറ്റ് മൂല്യത്തിലെ മാറ്റങ്ങളാണ് ഇൻഫോസിസ് ഈ വർധനവിന് പ്രധാന കാരണം. ശമ്പള പരിഷ്കരണങ്ങൾ ഒരു വിഭാഗം ജീവനക്കാരുടെ ഉയർന്ന നഷ്ടപരിഹാര നിലവാരത്തിനും കാരണമായി. ഇന്‍ഫോസിസിലാണ് ഒരു വർഷം ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന തൊഴിലാളികൾ ഉള്ളത്. ഒരു കൊടിയോ അതിന് മുകളിലോ ശമ്പളം വാങ്ങുന്ന 22 പേർ മാത്രമാണ് ഈ സാമ്പത്തികപദ്ധതിൽ കമ്പനി വിട്ടുപോയത്. മുൻപത്തെ രണ്ട് വർഷങ്ങളിലും ഇത് 67 ആയിരുന്നു.

ഇന്ത്യയിലെ തൊഴിലാളികളുടെ കണക്ക് മാത്രമാണ കമ്പനി പുറത്തുവിട്ടിരിക്കുന്നത്. ഈ വർഷത്തിൽ ജോലിക്ക് കയറിയതോ, രാജി വെച്ചതോ ആയ തോഴികളളികളെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. കമ്പനിയിൽ ഏറ്റവും കൂടുതൽ ശമ്പളം കൈപ്പറ്റുന്ന പത്ത് പേരെ ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുമില്ല. എഐ അടക്കമുള്ള ഭീഷണികൾ ഉരുവായിരിക്കുന്ന സമയത്താണ് ഇൻഫോസിസിലെ തൊഴിലാളികൾ മികച്ച പ്രകടനവും ശമ്പളവുമായി മുന്നേറുന്നത് എന്നതാണ് എടുത്തുപറയേണ്ടത്.

Content Highlights: Infosys reportedly hired 20,000 graduates during the 2026 financial year, bucking the trend of workforce reductions seen across parts of the technology industry due to AI adoption. The large-scale recruitment drive increased the company's total workforce to approximately 325,000 employees, reflecting continued investment in talent and long-term growth.

To advertise here,contact us