കരിയറിൽ വിജയിക്കുക എന്നത് പരമപ്രധാനമായ ഒരു കാര്യമാണ്. നല്ല ശമ്പളത്തോടെ ഒരു ജോലി, അത്യാവശ്യം സേവിങ്സ് എല്ലാം ഇന്നത്തെക്കാലത്ത് അത്യന്താപേക്ഷിതമാണ്. ജീവിതം കരുത്തോടെ മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ ഇവയെല്ലാം കൂടിയേ തീരു. ഇത്തരത്തിൽ ഒരാൾ ജീവിതം രക്ഷപ്പെടുത്തിയെടുത്ത കഥയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറൽ.
ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ഒരു ടെക്കിയാണ് കഥാപാത്രം. വെറും 5000 രൂപയിൽ തുടങ്ങി ഇന്ന് 70 ലക്ഷം വാർഷിക വരുമാനം ലഭിക്കുന്ന ഒരു ജോലിയിലേക്കെത്തിയ കഥയാണ് ടെക്കി പറയുന്നത്.
2013 ലാണ് യുവാവ് കമ്പ്യൂട്ടർ സയൻസിന്റെ 3 വർഷ ഡിപ്ലോമ കോഴ്സ് പഠിച്ചിറങ്ങുന്നത്. ജോലിക്ക് കയറിയപ്പോൾ അന്ന് ലഭിച്ച ശമ്പളം വെറും 5000 രൂപ മാത്രമായിരുന്നു. വരും വർഷങ്ങളിൽ യുവാവ് ജോലിസ്ഥലങ്ങൾ മാറിക്കൊണ്ടിരുന്നു. അങ്ങനെ 2021ലാണ് ഒരു ലക്ഷത്തിന് മുകളിൽ മാസശമ്പളമുള്ള ഒരു ജോലി ലഭിക്കുന്നത്.
2025ൽ ടെക്കിക്ക് ജോലി നഷ്ടപ്പെടുകയാണ്. എന്നാൽ 11 ലക്ഷം രൂപ അപ്പോഴേക്കും സേവിങ്സ് ഉണ്ടായിരുന്നു. എന്നാൽ അതേവർഷം തന്നെ 45 ലക്ഷം രൂപ വാർഷിക ശമ്പളമുള്ള ഒരു ജോലി യുവാവിന് ലഭിച്ചു. ഇപ്പോഴത്തെ ഈ ശമ്പളം ഓക്കെ ആണെന്നും എന്നാൽ ഇനിയും കഠിനാധ്വാനം ചെയ്തിരുന്നുവെങ്കിൽ നേരത്തെത്തന്നെ ഈ ശമ്പളം ലഭിക്കുമായിരുന്നുവെന്നുമാണ് യുവാവ് പറയുന്നത്. ചെറിയ കമ്പനികളിൽ ചെറിയ ശമ്പളത്തിന് ജോലി ചെയ്തതിന് പകരം നേരത്തെ വലിയ കമ്പനികളിൽ പോകാമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഒരു കാര്യത്തിന് അദ്ദേഹം കുറ്റബോധം പേറുന്നുണ്ട്. നല്ല ഒരു ഡിഗ്രി യോഗ്യത ഇല്ലാത്തതിനാണത്. എന്നാൽ താൻ ഇപ്പോൾ ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ബിസിഎയ്ക്ക് ചേർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പിഎഫ്, എംഎഫ്, എഫ്ഡി എല്ലാം കൂട്ടി 70 ലക്ഷം രൂപയുടെ ആസ്തിയാണ് ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു.
നിരവധി പേരാണ് ഈ അനുഭവത്തിന് താഴെ അവരുടെ അഭിപ്രായങ്ങൾ പങ്കുവെച്ച് രംഗത്തുവന്നിരിക്കുന്നത്. എങ്ങനെയാണ് നിങ്ങൾക്ക് ഈ പ്രായത്തിൽ, ഈ തിരക്കിനിടയ്ക്ക് വീണ്ടും പഠിക്കാൻ സാധിക്കുന്നത് എന്നാണ് പലരും ചോദിക്കുന്നത്. കമ്പനി ഏതാണെന്നും മറ്റും ചോദിക്കുന്നവരും നിരവധിയാണ്.
Content Highlights: A Bengaluru techie reveals how he rose from a ₹5,000 salary to earning ₹70 lakh annually through skill development, persistence, and smart career decisions.