സ്റ്റേഷന്‍ കസ്റ്റഡിയിലുള്ള 1 കോടി രൂപയുടെ സ്വർണം കുരങ്ങന്‍ മോഷ്ടിച്ചെന്ന് യുപി പൊലീസ്: ഒടുവില്‍ ട്വിസ്റ്റ്

സ്വർണം കുരങ്ങന്മാർ എടുത്തുക്കൊണ്ടുപോയതാണെന്നായിരുന്നു പൊലീസിന്റെ വിചിത്ര വാദം

ലഖിംപൂർ ഖേരി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി പോലീസ് സ്റ്റേഷന്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തിൽ പുതിയ വഴിത്തിരിവ്. സ്വർണം കുരങ്ങന്മാർ എടുത്തുക്കൊണ്ടുപോയതാണെന്ന പോലീസിന്റെ വിചിത്ര വാദം ഒരു വർഷം മുൻപ് കോടതി തള്ളിയിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ, സംഭവത്തിന് ഉത്തരവാദികൾ നേരത്തെ തൊണ്ടിമുതല്‍ സൂക്ഷിക്കുന്നതിന്‍റെ ചുമതലക്കാരായിരുന്ന രണ്ട് പോലീസുകാരാണെന്ന് അന്വേഷണസംഘം കണ്ടെത്തി. എന്നാൽ അന്വേഷണം പൂർത്തിയാകുന്നതിന് മുൻപ് തന്നെ ഇരുവരും മരണപ്പെട്ടിരുന്നു.

2007-ല്‍

2007-ൽ ആത്മഹത്യ ചെയ്ത ഒരു സ്ത്രീയുടെ ഇൻക്വസ്റ്റ് നടപടികൾക്കിടെ കണ്ടെടുത്ത സ്വർണ്ണ വളകൾ, മാല, മോതിരം, മൂക്കുത്തി എന്നിവയടങ്ങുന്ന ആഭരണങ്ങളാണ് സദർ കോട്‌വാലി പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്നത്. സ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡനക്കേസ് രജിസ്റ്റർ ചെയ്തിരുന്നതിനാൽ ഈ ആഭരണങ്ങൾ പ്രധാന തൊണ്ടിമുതലായാണ് സൂക്ഷിച്ചിരുന്നത്. നീണ്ട 17 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ, മതിയായ തെളിവുകളുടെ അഭാവത്തിൽ 2024 ഫെബ്രുവരിയിൽ പ്രാദേശിക കോടതി പ്രതികളെ എല്ലാവരെയും വെറുതെവിട്ടു. ഇതിനുപിന്നാലെ, കേസ് തീർന്ന സാഹചര്യത്തിൽ തന്റെ ഭാര്യയുടെ ആഭരണങ്ങൾ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് കോടതിയെ സമീപിച്ചപ്പോഴാണ് സ്വർണം കാണാതായ വിവരം പുറത്തറിയുന്നത്.

ആഭരണങ്ങൾ എവിടെയെന്ന ചോദ്യത്തിന് പോലീസ് നൽകിയ വിശദീകരണം ഏറെ വിചിത്രമായിരുന്നു. മഴ പെയ്ത് പൊലീസ് സ്റ്റേഷനിലുണ്ടായിരുന്ന രേഖകളുള്ള‍പ്പെടേയുള്ള വസ് തുക്കള്‍ നനഞ്ഞതായും, ഇവ ഉണക്കാനായി സ്റ്റേഷന്റെ ടെറസിൽ വെച്ചപ്പോൾ കുരങ്ങന്മാർ വന്ന് കെട്ടുകൾ വലിച്ചുകീറി സ്വർണാഭരണങ്ങൾ എടുത്തുമാറ്റിയെന്നുമാണ് പോലീസ് കോടതിയെ അറിയിച്ചത്. എന്നാൽ ഈ വാദം വിശ്വസിക്കാൻ കോടതി തയ്യാറായില്ല. മഴവെള്ളം കൊണ്ട് സ്വർണാഭരണങ്ങൾ നശിച്ചുപോകില്ലെന്ന് നിരീക്ഷിച്ച കോടതി, സീൽ ചെയ്ത പാക്കറ്റുകളിൽ സൂക്ഷിച്ച ഇത്രയും വിലപിടിപ്പുള്ള തൊണ്ടിമുതൽ എങ്ങനെയാണ് ഇത്തരമൊരു സാഹചര്യത്തിൽ കാണാതാവുകയെന്ന് ആരാഞ്ഞു.

ഔദ്യോഗിക കസ്റ്റഡിയിലിരുന്ന തൊണ്ടിമുതൽ ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്തിട്ടുണ്ടാകാമെന്നും, ഇത് മറച്ചുവെക്കാൻ രേഖകളിൽ വ്യാജ വിവരങ്ങൾ ചമച്ചിട്ടുണ്ടാകാമെന്നും കോടതി പ്രഥമദൃഷ്ട്യാ വിലയിരുത്തി. തുടർന്ന് പോലീസിന്റെ വാദം തള്ളിയ കോടതി, സംഭവത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനും ഇരയായ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു.

കോടതി ഉത്തരവ്

കോടതി ഉത്തരവിനെ തുടർന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ്, ആഭരണങ്ങൾ കാണാതാകുന്ന സമയത്ത് തൊണ്ടിമുതലിന്‍റെ ചുമതലയിലുണ്ടായിരുന്ന രണ്ട് മുൻ ഹെഡ് കോൺസ്റ്റബിൾമാരാണ് ഇതിന് ഉത്തരവാദികളെന്ന് പോലീസ് കണ്ടെത്തിയത്. എന്നാൽ അന്വേഷണം പൂർത്തിയാകുന്നതിന് മുൻപ് തന്നെ ഇരുവരും മരണപ്പെട്ടതിനാൽ, മരിച്ചവർക്കെതിരെ ക്രിമിനൽ നടപടികളുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് വ്യക്തമാക്കി പോലീസ് കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. അതേസമയം, കോടതി ഉത്തരവുണ്ടായിട്ടും തങ്ങൾക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് പരാതിക്കാരന്റെ കുടുംബം ആരോപിക്കുന്നു. കോടതി ഉത്തരവ് നടപ്പിലാക്കിക്കിട്ടുന്നതിനായി കുടുംബം ഇപ്പോൾ ഉന്നത അധികാരികളെ സമീപിച്ചിരിക്കുകയാണ്.

Content Highlights: A court rejected the claim that monkeys stole ₹1 crore worth of gold from a police station in Uttar Pradesh. A subsequent investigation fixed responsibility on two deceased policemen, concluding that the missing gold was linked to lapses in police custody rather than the unusual explanation initially presented.

To advertise here,contact us