ഐഫോൺ പ്രേമികൾക്ക് തിരിച്ചടി; 18 വാങ്ങുമ്പോൾ കീശ കൂടുതൽ ചോരാൻ സാധ്യത; കാരണം തുറന്നുപറഞ്ഞ് ടിം കുക്ക്

സെപ്റ്റംബറിലാണ് പുതിയ ഐഫോൺ മോഡലുകൾ പുറത്തിറങ്ങാറുള്ളത്

ഐഫോൺ എന്നത് ഇന്നൊരു ബ്രാൻഡ് ആണ്. പണ്ടൊക്കെ ചിലരുടെ പക്കൽ മാത്രമേ ഐഫോൺ ഉണ്ടാകുമായിരുന്നുള്ളുവെങ്കില്‍ ഇന്ന് ഒരുപാട് പേരുടെ കയ്യിലെ അഭിമാനത്തിന്റെ അടയാളമാണ് ഐഫോൺ. ഇത്തരത്തിൽ ഐഫോൺ ഒരു സ്റ്റാറ്റസ് സിംബൽ ആയി മാറിയതുകൊണ്ടാണ് ഇത്രയേറെ ആളുകൾ അതിലേക്ക് തിരിയുന്നത്. ഓരോ ഐഫോൺ ലോഞ്ചിന്റെ അന്നും വലിയ തിരക്കാണ് ആപ്പിൾ സ്റ്റോറുകളിൽ അടക്കം അനുഭവപ്പെടാറുള്ളത്.

ഇങ്ങനെയെല്ലാമിരിക്കെ ഐഫോൺ 18നെക്കുറിച്ച് വളരെ ആശങ്കപ്പെടുത്തുന്ന ഒരു വാർത്ത വരികയാണ്. സെപ്റ്റംബറിലാണ് പുതിയ ഐഫോൺ മോഡലുകൾ പുറത്തിറങ്ങാറുള്ളത്. ഈ വർഷം സെപ്റ്റംബറിലാണ് ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ഐഫോൺ 18 പുറത്തിറങ്ങുക. എന്നാൽ അത്ര നല്ല ഒരു വാർത്തയല്ല ഇപ്പോൾ ഐഫോൺ 18നെ സംബന്ധിച്ച് പുറത്തുവരുന്നത്.

ഐഫോൺ 18ന് സ്വാഭാവികമായി ഉണ്ടാകുന്ന വിലവർധനവിനെക്കാൾ കൂടുതലായി വില വർധിച്ചേക്കുമെന്നാണ് ആപ്പിൾ സിഇഒ ടിം കുക്ക് പറയുന്നത്. അതിന് കാരണമായി അദ്ദേഹം പറയുന്നത് ഫോണിന് വേണ്ട ചിപ്പുകൾക്ക് ഉണ്ടായ വിലക്കയറ്റമാണ്. വിലവർധനവ് ഒഴിവാക്കാനാകാത്തതാണ് എന്ന വലിയ സൂചനയാണ് അദ്ദേഹം നൽകുന്നത്.

വിലക്കയറ്റം ഉപയോക്താക്കളെ ബാധിക്കാതെയിരിക്കാൻ തങ്ങൾ ശ്രമിക്കുകയാണ് എന്നും സാഹചര്യം ഒഴിവാക്കാനാകാത്തതാണ് എന്നുമാണ് ടിം കുക്ക് പറഞ്ഞത്. വിലക്കയറ്റത്തെ തടയാൻ ആകില്ല എന്നും കുക്ക് പറഞ്ഞു. ഏതെല്ലാം ആപ്പിൾ ഉത്പന്നങ്ങൾക്കാണ് വില കൂടുക എന്നദ്ദേഹം എടുത്തുപറഞ്ഞില്ല. എന്നാൽ ഐഫോൺ 18 ലോഞ്ച് അടുത്തിരിക്കെ അവയെ ഉദ്ദേശിച്ച കൂടിയാകും ടിം കുക്ക് അങ്ങനെ പറഞ്ഞിട്ടുണ്ടാകുക എന്ന ചർച്ച ശക്തമാണ്.

ഐഫോൺ 17നേക്കാളും 18ന് 200 ഡോളർ വർധിക്കും എന്നാണ് വിവരം. മെമ്മറി, സ്റ്റോറേജ് വിലകളിലെ കുത്തനെയുള്ള വർധനവാണ് ഈ വിലവർധനവിന് കാരണം. എന്നാൽ കൃത്രിമബുദ്ധി അടിസ്ഥാന സൗകര്യങ്ങളിലെ കുതിച്ചുചാട്ടം വിപണിയെ മാറ്റിമറിച്ചു.

ഡാറ്റാ സെന്ററുകൾക്കും നൂതന കമ്പ്യൂട്ടിംഗ് സിസ്റ്റങ്ങൾക്കുമായി AI കമ്പനികൾ മെമ്മറി ചിപ്പുകൾ ഒരുപാട് വാങ്ങാൻ തുടങ്ങിയതോടെയാണ് വില ഉയർന്നത്.ഐഫോൺ 18ലെ മെമ്മറി കംപോണന്റുകൾക്ക് 17നേക്കാൾ 150 ഡോളർ വില കൂടുമെന്നാണ് വിലയിരുത്തൽ. ഐഫോണിന് വില കൂടുന്നത് ഉപയോക്താക്കളെ ആപ്പിൾ പ്രൊഡക്ടുകളിൽ നിന്ന് പിന്തിരിക്കുമോ എന്ന ആശങ്ക ശക്തമാണ്. ഐഫോണാണ് ആപ്പിളിന്റെ ഏറ്റവും പ്രധാനപ്പെട്ട വരുമാനസ്രോതസ്സ്. അതിന് വില കൂടിയാൽ ആളുകൾ എങ്ങനെയാണ് ആപ്പിളിനെ സ്വീകരിക്കുക എന്ന ആശങ്കയും കമ്പനിക്കുണ്ട്.

Content Highlights: Apple CEO Tim Cook has indicated that the upcoming iPhone 18 may see a higher-than-usual price increase due to rising semiconductor chip costs. He reportedly highlighted that global chip pricing pressures and supply chain constraints are significantly impacting smartphone manufacturing expenses

To advertise here,contact us