സമ്പാദ്യം സുരക്ഷിതമായി സൂക്ഷിക്കാനാണ് ഭൂരിഭാഗം ആളുകളും ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റിനെ ആശ്രയിക്കുന്നത്. എന്നാൽ കുറച്ച് റിസ്ക്ക് എടുക്കാൻ തയ്യാറുള്ളവരാകട്ടെ സ്വർണം പോലുള്ള നിക്ഷേപ മാർഗങ്ങളും സ്വീകരിക്കും. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഈ രണ്ട് പരമ്പരാഗത നിക്ഷേപ മാർഗങ്ങളെയും മറികടന്ന് വമ്പൻ സമ്പത്ത് സൃഷ്ടിച്ചത് മ്യൂച്വൽ ഫണ്ടുകളാണെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.
അഞ്ച് വർഷം മുമ്പ്, 2020-ൽ കോവിഡ് മഹാമാരിയുടെ ആഘാതത്തിൽ വിപണികൾ കനത്ത തിരിച്ചടി നേരിട്ടിരുന്ന സമയത്താണ് പലരും നിക്ഷേപ തീരുമാനങ്ങൾ എടുത്തത്. ആ കാലഘട്ടത്തിൽ ഏകദേശം 5 ലക്ഷം രൂപ മൂന്ന് വ്യത്യസ്ത ആസ്തികളിൽ നിക്ഷേപിച്ചുവെന്ന് കരുതിയാൽ, ഇന്ന് അവയുടെ മൂല്യത്തിൽ വലിയ വ്യത്യാസമാണ് കാണുന്നത്. സുരക്ഷിതത്വം മാത്രം നോക്കി എഫ്ഡി തെരഞ്ഞെടുത്തവർക്കും, സ്വർണമാണ് എക്കാലത്തെയും മികച്ച നിക്ഷേപമെന്ന് വിശ്വസിച്ചവർക്കും ഈ കണക്കുകൾ പുതിയ വഴിത്തിരിവാണ് നൽകുന്നത്.
ഫിക്സഡ് ഡെപ്പോസിറ്റുകളുടെ പ്രധാന ആകർഷണം ഉറപ്പുള്ള വരുമാനമാണ്. നിക്ഷേപിക്കുന്ന സമയത്ത് തന്നെ പലിശനിരക്ക് നിശ്ചയിക്കപ്പെടുന്നതിനാൽ വിപണിയിലെ ഉയർച്ചതാഴ്ചകൾ നിക്ഷേപത്തെ ബാധിക്കില്ല. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പലിശനിരക്കുകൾ വലിയ തോതിൽ ഉയർന്നത് ഒരു പ്രതിസന്ധിയാണ് . അതിനുമുമ്പുള്ള വർഷങ്ങളിൽ കുറഞ്ഞ പലിശനിരക്കുകളാണ് എഫ്ഡി നിക്ഷേപകർക്ക് ലഭിച്ചിരുന്നത്. അതിനാൽ നിക്ഷേപം സുരക്ഷിതമായിരുന്നെങ്കിലും സമ്പത്ത് വർധനയുടെ കാര്യത്തിൽ എഫ്ഡി പിന്നിലായി.
സ്വർണത്തിന്റെ കാര്യമെടുത്താൽ കാര്യങ്ങൾ കുറച്ചുകൂടി വ്യത്യസ്തമാണ്. ആഗോള സാമ്പത്തിക അനിശ്ചിതത്വം, യുദ്ധഭീഷണികൾ, പണപ്പെരുപ്പം, കേന്ദ്രബാങ്കുകളുടെ സ്വർണം വാങ്ങൽ എന്നിവ സ്വർണവിലയെ റെക്കോർഡ് ഉയരങ്ങളിലേക്ക് എത്തിച്ചു. ഇതിന്റെ ഫലമായി സ്വർണത്തിൽ നിക്ഷേപിച്ചവർക്ക് മികച്ച ലാഭം ലഭിച്ചു. പല വർഷങ്ങളായി സ്വർണം സമ്പത്തിന്റെ സുരക്ഷിത അഭയകേന്ദ്രമെന്ന വിശ്വാസം നിലനിർത്തിയതും ഈ നേട്ടത്തിന് കാരണമായി.
ഇതിനെയെല്ലാം മറികടന്ന് ഏറ്റവും വലിയ വിജയം സ്വന്തമാക്കിയത് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളാണ്. കോവിഡ് കാലത്തെ ഇടിവിന് ശേഷം ഇന്ത്യൻ ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും ശക്തമായ വളർച്ചാ ഘട്ടങ്ങളിലൂടെയാണ് കടന്നുപോയത്. വലിയ കമ്പനികളിലും മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിലും ഉണ്ടായ വൻ കുതിപ്പ് മ്യൂച്വൽ ഫണ്ടുകളുടെ വരുമാനം ഉയർത്തി. ദീർഘകാല നിക്ഷേപകർക്ക് കോംപൗണ്ടിങ് അത്ഭുതത്തിന്റെ ഗുണവും ലഭിച്ചു.
5 ലക്ഷം രൂപ 5 വർഷം മുൻപ് പലയിടങ്ങളിൽ നിക്ഷേപിച്ചിരുന്നു എങ്കിൽ
കോംപൗണ്ടിങ് പവർ
മ്യൂച്വൽ ഫണ്ടുകളുടെ വിജയത്തിന് പിന്നിലെ പ്രധാന കാരണമാണ് കോംപൗണ്ടിങ്. ലഭിക്കുന്ന ലാഭം വീണ്ടും നിക്ഷേപിക്കപ്പെടുകയും അതിന്മേലും വരുമാനം ലഭിക്കുകയും ചെയ്യുന്നതാണ് കോംപൗണ്ടിങ് .ലോകപ്രശസ്ത നിക്ഷേപകൻ വാറൻ ബഫറ്റ് പോലും സമ്പത്ത് സൃഷ്ടിയുടെ രഹസ്യമായി വിശേഷിപ്പിച്ചതും ഇതേ കോംപൗണ്ടിങ് തന്നെയാണ്.
ഉദാഹരണത്തിന്, 15% വാർഷിക വളർച്ച ലഭിക്കുന്ന ഒരു നിക്ഷേപം അഞ്ച് വർഷം കൊണ്ട് ഏകദേശം ഇരട്ടിയോട് അടുത്തെത്തും. എന്നാൽ 7% വളർച്ചയുള്ള എഫ്ഡിക്ക് അതിന് വളരെ കൂടുതൽ സമയം ആവശ്യമാണ്.
റിസ്ക് മറക്കരുത്
മ്യൂച്വൽ ഫണ്ടുകൾ മികച്ച വരുമാനം നൽകുമെങ്കിലും അതിനൊപ്പം റിസ്കും ഉണ്ട്. ഓഹരി വിപണി ഇടിയുമ്പോൾ നിക്ഷേപ മൂല്യം താൽക്കാലികമായി കുറയാം. ചില വർഷങ്ങളിൽ നഷ്ടവും സംഭവിക്കാം. അതിനാൽ ഹ്രസ്വകാല ലക്ഷ്യങ്ങൾക്ക് പണം നിക്ഷേപിക്കുന്നവർക്ക് എഫ്ഡിയോ മറ്റ് സുരക്ഷിത മാർഗങ്ങളോ അനുയോജ്യമായേക്കാം. മറുവശത്ത്, ദീർഘകാല ലക്ഷ്യങ്ങളായ കുട്ടികളുടെ വിദ്യാഭ്യാസം, വിരമിക്കൽ ജീവിതം, വീട് വാങ്ങൽ തുടങ്ങിയ ആവശ്യങ്ങൾക്കായി 10-15 വർഷം നിക്ഷേപിക്കാൻ കഴിയുന്നവർക്ക് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ മികച്ച സാധ്യതകൾ നൽകുന്നു.
Content Highlights: FD Vs Mutual Funds Vs Gold: Which Gave The Best Returns On Rs 5 Lakh In 5 Years