ടെക്ക്, ഐടി മേഖലയിൽ ബെംഗളൂരു നഗരം കൈവരിച്ച വ്യാവസായിക വളർച്ച അനുകരണീയമാണ്. പൊടുന്നനെയാണ് ബെംഗളൂരു ഒരു ഐടി നഗരമായി വളർന്നത്. നിരവധി കമ്പനികളാണ് ഇപ്പോൾ ബെംഗളുരുവിൽ ഉള്ളത്. രാജ്യത്തിൻറെ നാനാഭാഗത്തുനിന്നും നിരവധി പേരാണ് ബെംഗളുരുവിലേക്ക് കുടിയേറുന്നത്. എന്നാൽ ഇന്ത്യയിലെ എഐ മേഖലയിൽ വെന്നിക്കൊടി പാറിക്കുന്ന ബെംഗളുരുവിന് ഇപ്പോൾ ഭീഷണിയായി കുറച്ച് നഗരങ്ങൾ വന്നിരിക്കുകയാണ്.
പൂനെ, ഹൈദരാബാദ്, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളാണ് ഇന്ത്യയുടെ എഐ ടാലന്റ് ഹബ്ബായി മാറാനിരിക്കുന്നത്. നിലവിൽ ബെംഗളൂരു തന്നെയാണ് ഒന്നാമതായി നില്കുന്നത്. എന്നാൽ എത്ര കാലത്തേയ്ക്ക് എന്നത് ഒരു ചോദ്യചിഹ്നമാണ്. ഇവ മാത്രമല്ല, എഐ പഠിച്ചവരിൽ അഞ്ചിൽ ഒരാൾ ടയർ 2 നഗരങ്ങളായ ലക്നൗ, ജയ്പൂർ, പട്ന, ഇൻഡോർ, കോയമ്പത്തൂർ, നാഗ്പുർ എന്നിവിടങ്ങളിൽ നിന്നാണ് വരുന്നത് എന്നാണ് സ്കേലർ നടത്തിയ ഇന്ത്യ എഐ വർക്ക്ഫോഴ്സ് റിപ്പോർട്ട് പറയുന്നത്.
പരീക്ഷണങ്ങളിൽ നിന്ന് തൊഴിൽ കേന്ദ്രീകൃതമായ അവസ്ഥയിലേക്ക് എഐ മാറുന്ന സമയത്താണ് ഇത്തരത്തിൽ ഒരു പഠനം പുറത്തിറങ്ങുന്നത്. സോഫ്റ്റ്വെയർ, ടെക്നോളജി മേഖലയിൽ മാത്രമായി എഐയെ പരിമിതപ്പെടുത്തിയിട്ടില്ല. എല്ലാ മേഖലയിലെയും പ്രൊഫഷണലുകൾ ഉത്പാദനക്ഷമത വർധിപ്പിക്കാനും മറ്റും എഐയെ ഉപയോഗിക്കുന്നുണ്ട്. പരമ്പരാഗത എഞ്ചിനീയറിംഗ് മേഖലയ്ക്കപ്പുറം ഫിനാൻസ്, എച്ച് ആർ, മാർക്കറ്റിങ്, അക്കാദമിക്, ബിസിനസ് മേഖലകളിൽ എല്ലാം എഐ പടർന്നുപന്തലിച്ചുകഴിഞ്ഞു. നിലവിൽ 25 ശതമാനം ലെർണെർമാരും ടെക്ക് മേഖലയ്ക്ക് പുറത്തുനിന്നാണ് വരുന്നത്.
എഐ ഉപയോഗിച്ചുള്ള കരിയർ സാധ്യതകളിൽ സോഫ്റ്റ്വെയർ എഞ്ചിനീയറിങ്ങ് ആണ് ഏറ്റവും കൂടുതൽ പേർ തിരഞ്ഞെടുക്കുന്ന മേഖല. എഞ്ചിനീയറിംഗ് ആണ് തൊട്ടുപിന്നാലെ ഉള്ളത്. കൺസൾട്ടിങ് മേഖലയിലും എഐ മൂലം നിരവധി തൊഴിൽ സാധ്യതകളുണ്ട്.
ഇന്ത്യ സാങ്കേതിക പ്രതിഭകളുടെ ഏറ്റവും വലിയ കൂട്ടമുള്ള ഒരു രാജ്യമാണെന്നും പഠിക്കാനും ഏത് സിസ്റ്റത്തിനോടും പൊരുത്തപ്പെടാനും കഴിവുള്ള ഒരു ജനത ഈ രാജ്യത്തുണ്ടെന്നും സ്കെലറിന്റെ സഹസ്ഥാപകനായ അഭിമന്യു സക്സേന പറഞ്ഞു. ടയർ 2 നഗരങ്ങളിലാണ് യഥാർത്ഥ മാറ്റങ്ങൾ നടക്കുന്നത്. എഐ കരിയർ സംബന്ധമായി ഒരാൾക്ക് പുതിയ സാധ്യതകൾ തുറക്കുകയാണ്. ജോലി നഷ്ടപ്പെടും എന്ന ആശങ്കയ്ക്കപ്പുറം എഐ പുതിയ ജോലി സാധ്യതകളാണ് ഒരാൾക്ക് തുറന്നിടുന്നത്. ഇന്ത്യയിൽ എഐ കൂടുതൽ പ്രയോജനപ്പെടുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
Content Highlights: India’s AI ecosystem is rapidly expanding beyond Bengaluru, with cities like Pune, Hyderabad, Mumbai, and Chennai emerging as strong competitors for AI talent and innovation. These cities are investing heavily in technology infrastructure, startups, and research ecosystems, positioning themselves as future AI hubs